"ഒച്ച കുറവാണെങ്കിലും അപ്പയുടെ ഒച്ച ഒന്ന് കേട്ടില്ലെങ്കിൽ..."

ഉമ്മൻ ചാണ്ടി സാറിന്റെ മരണ വാർത്ത ചാനലിലൂടെ അറിഞ്ഞപ്പോൾ ഒരു പിടച്ചലോടെ എനിക്കു ഓർമ്മ വന്നത് ഭാരത് ജോഡോ യാത്രയിൽ പഞ്ചാബ് ബോർഡർ കഴിഞ്ഞ് യാത്ര കാശ്മീരിലേക്ക് കടന്നതോടെ മൊബൈൽ ടവർ ലഭ്യമാകാത്തതിനാൽ പലരുടെയും ഫോണുകൾ നിശ്ചലമായപ്പോൾ എന്റെ അടുക്കലേക്ക് ഓടിയെത്തിയ ചാണ്ടി ഉമ്മന്റെ മുഖമാണ്. "ചേച്ചീ ഫോൺ വർക്ക്‌ ചെയ്യുന്നുണ്ടോ?ഇന്ന് നേരം വെളുത്ത് ഇതുവരെ വീട്ടിലേക്ക് ഒന്ന് വിളിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല... ഒച്ച കുറവാണെങ്കിലും അപ്പയുടെ ഒച്ച ഒന്നു കേട്ടില്ലെങ്കിൽ...." എന്ന് പറഞ്ഞു മുഴുവിപ്പിക്കാൻ കഴിയാതെ അസ്വസ്ഥതയോടെ നിൽക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.

ഭാരത് ജോഡോ യാത്ര ആരംഭിച്ച നാൾ മുതൽ ശ്രദ്ധിക്കാറുണ്ട് അദ്ദേഹത്തിന്റെ മകനും ഞങ്ങളുടെ സഹയാത്രികനുമായ ചാണ്ടി ഉമ്മന്റെ അപ്പയെ കുറിച്ചുള്ള വേവലാതികൾ. യാത്രയിൽ കേരളത്തിലും ആന്ധ്രയിലും നിരവധി സ്ഥലങ്ങളിൽ ഉമ്മൻ ചാണ്ടി എത്തിയിരുന്നു. അവിടെ എല്ലാം നിഴൽ പോലെ ചാണ്ടി ഉമ്മനും ഉണ്ടായിരുന്നു. "അപ്പാ അവിടെ ഇറക്കമാണ് ഇവിടെ സ്റ്റെപ്പ് ഉണ്ട് ട്ടോ സൂക്ഷിക്കണം "എന്ന് പറഞ്ഞ് എപ്പോഴും ഉമ്മൻ ചാണ്ടിക്കൊപ്പം ചാണ്ടി ഉമ്മനുമുണ്ടായിരുന്നു. നടക്കുമ്പോൾ തട്ടി വീഴാതാരിക്കാൻ മുണ്ട് പതിയെ ഉയർത്തി പിടിച്ചു കൊടുത്തും, സെൽഫിക്കായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പാർട്ടി നേതാക്കളും അണികളും ഉൾപ്പെടെയുള്ളവർ വരുമ്പോൾ കൈ കൊണ്ട് സുരക്ഷാ കവചം തീർത്ത് ചാണ്ടി ഉമ്മൻ എന്ന പ്രിയ പുത്രൻ കൂടെ ഉണ്ടാകും. അപ്പയുടെ അസുഖ വിവരം അന്വേഷിക്കുമ്പോൾ, ഡോക്ടർ തൊണ്ടക്ക് വിശ്രമം പറഞ്ഞിരിക്കുന്നു, പക്ഷേ അപ്പയല്ലേ ആൾ തീരെ അനുസരണയില്ല എന്നിങ്ങനെയായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി.

ഒരു ദിവസം വളരേ വികാരധീനനായി താൻ അപ്പയെ നോക്കുന്നില്ല എന്ന് ചിലർ പറഞ്ഞുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ആരോ അയച്ച വോയ്സ് കേട്ട ശേഷം ചാണ്ടി ഉമ്മൻ അത് വേദനയോടെ എന്നോട് പറയുമ്പോൾ ആ ചെറുപ്പക്കാരന്റെ തൊണ്ട ആ നിമിഷം ഒന്ന് ഇടറിയിരുന്നു, കണ്ണുകൾ സജലമായിരുന്നു.

ഉമ്മൻ ചാണ്ടി സർ സോളാർ ആരോപണം നേരിട്ടപ്പോൾ "ആര് എന്ത് പറഞ്ഞാലും അപ്പയെ ഞങ്ങൾക്കറിയാം" എന്ന് പറഞ്ഞു പിതാവിന് താങ്ങും തണലുമായ മകൻ. ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ സന്തോഷത്തിലും സങ്കടത്തിലും ഊണിലും ഉറക്കത്തിലും സന്തത സഹചാരി ആയി നിഴലായി ഉണ്ടായിരുന്നത് ചാണ്ടി ഉമ്മനായിരുന്നു. മരുന്നും ഗുളികയും ഫ്ലാസ്കിൽ വെള്ളവുമായി ഈ മകൻ വർഷങ്ങളായി പിന്നാലെ നടന്നിട്ടും ചില മലനാടന്മാരും ചില ബന്ധുക്കളും ചേർന്ന് ആരോപണങ്ങളിൽ പെടുത്തി "സ്വന്തം അപ്പനെ ആശുപത്രിയിൽ കൊണ്ടുപോകാത്തവൻ" എന്ന് മുദ്ര കുത്തിയ വാർത്തയിൽ ആ കുടുംബം ഏറെ വേദനിച്ചിരുന്നു.

ആ ആരോപണങ്ങളെ പക്വതയോടെയും സമചിത്തതയോടെയും ചാണ്ടി ഉമ്മൻ നേരിടുന്നത് ചാനലിലൂടെ കണ്ടപ്പോഴും 5 മാസക്കാലം സഹയാത്രികയായി കൂടെ ഉണ്ടായിരുന്ന എനിക്ക് പെട്ടന്ന് ഓർമ്മ വന്നത് ജോഡോ യാത്രയിൽ ഓരോ നേരവും ഭക്ഷണം കഴിക്കുന്നതിന് മുൻപ് ധൃതിയിൽ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ഒന്നുകിൽ അമ്മക്കോ അല്ലെങ്കിൽ അപ്പക്ക് നേരിട്ടോ വിളിച്ച് "അപ്പ കഴിച്ചോ? എന്താ കഴിച്ചത്" എന്ന് അന്വേഷിക്കുന്ന ആ കരുതലുള്ള മകന്റെ മുഖമായിരുന്നു.

രാഹുൽ ഗാന്ധിയും കെ.സി വേണുഗോപാൽ എം.പിയും പിതാവിന്റെ അസുഖ വിവരങ്ങൾ യാത്രയിൽ ചാണ്ടി ഉമ്മനോട് ആരായുകയും ചെയ്തിരുന്നു. പിന്നീട് വിദഗ്‌ധ ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്നതിനും തിരിച്ചു വന്നപ്പോൾ ബംഗളൂരുവിൽ താമസിക്കാനും മെച്ചപ്പെട്ട ചികിത്സക്ക് വേണ്ട എല്ലാ സഹായവും എ.ഐ.സി.സി ചെയ്തതായി അറിഞ്ഞു. ചാണ്ടി ഉമ്മൻ എന്ന പ്രിയ അനിയൻ കുട്ടിക്കും കുടുംബത്തിനും ഈ വേർപാടിന്റെ ദുഃഖം തരണം ചെയ്യാൻ മനക്കരുത്ത് ദൈവം പ്രദാനം ചെയ്യട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...

Tags:    
News Summary - Congress leader story about ommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.