അഷ്​റഫ്​ തലപ്പുഴ

ഫുട്ബാളിനെ സ്നേഹിച്ച് മതിയാവാതെ.. ചെൽസിയുടെ കളി കണ്ട് കൊതി തീരാതെ...ചെപ്പുക്കാ, നിങ്ങളെന്തിനാണ്​ ഇത്രവേഗം പോയത്​..?

കഴിഞ്ഞ ദിവസം അന്തരിച്ച അഷ്​റഫ്​ തലപ്പുഴ വയനാട്ടിലെയും സൗദിയിലെയും കളിക്കമ്പക്കാർക്കിടയിൽ ഏറെ അറിയപ്പെട്ട കായിക സംഘാടകനായിരുന്നു. പ്രവാസികൾക്കിടയിലെ ഫുട്​ബാൾ കൂട്ടായ്​മകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, അൽഖോബാർ യുനൈറ്റഡ് എഫ്.സിയുടെ സ്ഥാപകനാണ്​. അദ്ദേഹത്തെ അനുസ്​മരിച്ചുകൊണ്ട്​ സഹോദരപുത്രനും കവിയുമായ സാദിർ തലപ്പു​ഴ എഴുതുന്നു...


പുലർച്ചെ ഉറക്കം ഉണർന്നത് ഫോൺ ശബ്ദം കേട്ടുകൊണ്ടാണ്. ഫോണെടുത്തു. അനുജൻ മൻസൂറാണ്. 'വേഗം മാനന്തവാടി ആശുപത്രിയിലേക്ക് വാ...ചെപ്പുക്കാക്ക് സുഖമില്ല. പൾസും ഹാർട്ട് ബീറ്റും ഒന്നുമില്ല. വേഗം വാ..... '

ആശുപത്രിയുടെ വരാന്തയിൽ അഷ്റഫി​െൻറ രണ്ടുമക്കൾ വാവിട്ട് നിലവിളിക്കുന്നതാണ് കണ്ടത്. മൻസൂർ അടുത്ത് വന്നു പറഞ്ഞു-'ചെപ്പുക്ക പോയി'. ഞാൻ അത്യാഹിത വാർഡി​െൻറ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക്​ കുതിച്ചു. ഡോക്ടർ കർട്ടൻ പാതി വലിച്ചിട്ട ഒരു ബെഡ്ഡിലേക്ക് ചൂണ്ടി. അവിടെ നിശ്ചലനായി.....എ​െൻറ നെഞ്ചിനെ ഇപ്പോഴും കീറിമുറിക്കുന്നുണ്ട് ആ കാഴ്ച.

മക്കളെ വീട്ടിലേക്കയച്ച് ആശുപത്രി നടപടികൾ ദ്രുതഗതിയിൽ തീർത്തു. പെട്ടെന്നുതന്നെ കോവിഡ് ട്രൂനാറ്റ് ടെസ്റ്റ് റിസൽട്ട് വന്നു- നെഗറ്റീവ്. അലമുറയിടുന്ന വീട്ടിലേക്ക് ഞാൻ അഷ്റഫിനോടൊപ്പം പോയി. കണ്ടൈൻമെൻറ്​ സോൺ ആയ തലപ്പുഴയിൽ ആൾക്കൂട്ടം അനുവദനീയമല്ല. വിവരമറിഞ്ഞ് വഴിയിലൊക്കെ നിരവധി ആളുകൾ കാത്തു നിൽക്കുന്നു. ആംബുലൻസി​െൻറ ജനാലയിലൂടെ നിറകണ്ണുകൾ അഷ്റഫിനെ കണ്ടു. ഞങ്ങൾ വീടെത്തി. കണ്ണീരിൽ കുതിർന്നു നിൽക്കുകയായിരുന്നു വീട്. 11:15 മണിയോടെ അന്ത്യോപചാരം ഏറ്റുവാങ്ങി, ഈ ലോകവും പന്തുകളിയും കണ്ട് കൊതി തീരാതെ പള്ളിപ്പറമ്പിലെ മണ്ണടരിലേക്ക് അഷ്റഫ് അപ്രത്യക്ഷമായി.



​എല്ലാവരും പിരിഞ്ഞു പോയിട്ടും ഞങ്ങൾ കുറച്ചുപേർ മാത്രം നിശ്ചലരായി അവിടെ നിന്നു. 'പോകാം' എന്ന എ​െൻറ വാക്കിനെ അഷ്റഫി​െൻറ മക്കളായ ഷർഹാനും ഷംനാദും അലമുറയിട്ടു കൊണ്ട് നിഷേധിച്ചു. ഉപ്പയെ ഒറ്റക്കാക്കിയിട്ട് വരൂലാ എന്ന് നിലവിളിച്ചു. ഒരു വിധം അവരെ വീടെത്തിച്ചപ്പോഴും വീട്​ കരയുക തന്നെയാണ്. ഓർക്കുകയായിരുന്നു. എന്തുകൊണ്ട് നാടിനും വീടിനും ഈ മനുഷ്യൻ ഇത്രയും പ്രിയങ്കരനായി?

എനിക്ക് എൻറെ ഉപ്പയുടെ അനുജൻ മാത്രമായിരുന്നില്ല അദ്ദേഹം. എന്നേക്കാൾ ആറു വയസ്സുമാത്രം കൂടുതലുള്ള കൂട്ടുകാരനായിരുന്നു. ഏട്ടൻ ആയിരുന്നു. അതിലൊക്കെ ഉപരിയായി എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചവനായിരുന്നു. എ​െൻറ ബാല്യത്തിൽ അദ്ദേഹത്തി​െൻറ കഥാപുസ്തക ശേഖരത്തിൽ നിന്നാണ് ഞാൻ വായിച്ചു തുടങ്ങിയത്. പിന്നീട് എ​െൻറ എഴുത്തിന് വളമായതും വായനയുടെ ആ തുടക്കം തന്നെ. പിന്നീടങ്ങോട്ട് ഞങ്ങൾക്ക് രണ്ടുതരം ഇഷ്ടങ്ങളില്ലായിരുന്നു. മറഡോണയെ, അർജൻറീനയെ, മോഹൻലാലിനെ, ഹിന്ദി പാട്ടുകളെ അദ്ദേഹം നെഞ്ചേറ്റിയപ്പോൾ എ​െൻറ ഇഷ്ടങ്ങളും അതേ വഴിയിൽ സഞ്ചരിച്ചു. ഞങ്ങൾ മറ്റു കളിക്കാരെ, ടീമുകളെ, നടന്മാരെ ഇഷ്ടപ്പെട്ടു. ഇഷ്ടവും ആരാധനയും രണ്ടാണെന്ന് തിരിച്ചറിഞ്ഞു.

എ​െൻറ ബാല്യകാലം മുതൽ അവസാന നിമിഷത്തെ ആശുപത്രിയിലെ അത്യാഹിത വാർഡ് വരെ നീണ്ടു നിൽക്കുന്ന ഓർമകൾ. ഈ നിമിഷം ഓർമകളുടെ വീർപ്പുമുട്ടലിൽ ഞാൻ കുഴഞ്ഞു പോകുന്നു. 1991ലാണ് അഷ്റഫ് എന്ന ചെപ്പുക്ക വിദേശത്തേക്ക് പോകുന്നത്. അതാണ് അദ്ദേഹത്തി​െൻറ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. അതിനുണ്ടായ സാഹചര്യമാണ് ഞാൻ പറഞ്ഞു തുടങ്ങുന്നത്.

എ​െൻറ പ്രീഡിഗ്രി കാലത്താണ് ചെപ്പുക്ക (എളേപ്പ) അഷ്​റഫ്​ തലപ്പുഴ വയനാട് ഹീറോസ് ഫുട്ബാൾ ടീമുണ്ടാക്കുന്നത്. ഒന്നല്ല രണ്ടെണ്ണം. ഞാൻ ബി ടീമി​െൻറ സെൻറർ ഫോർവേഡായിരുന്നു. ഷാജി ചുള്ളിയോത്തും ജോയിയും രണ്ട് വിങ്ങിലും. പ്രദേശത്തുള്ള പ്രമുഖ ടീമുകളിലെ എണ്ണം പറഞ്ഞ കളിക്കാരെ റാഞ്ചിയതിനാൽ ഗ്രൗണ്ട് സപ്പോർട്​ ശുഷ്​കം. ശത്രുക്കളായിരുന്നു കൂടുതൽ. കൂത്തുപറമ്പിൽ നിന്നും ഗംഗേട്ടനെ കൊണ്ടുവന്നാണ് കോച്ചിങ്​ ക്യാമ്പ് സംഘടിപ്പിച്ചത്.

ഹിന്ദി പ്രേമം കേറി മഹാത്മ ഹിന്ദി ട്യൂട്ടോറിയൽ കോളജ് നടത്തി കുത്തുപാളയെടുത്ത് നിൽക്കുമ്പോഴാണ് ചെപ്പുക്കാ​െൻറ ഈ സാഹസം. കൂട്ടിന് കാര്യമായ ഒരു പണിയുമില്ലാത്തവരിൽ പ്രമുഖനായ ജോർജേട്ടനും ബാജേട്ടനും. ഇൻറർനാഷനൽ ഫുട്​ബാളിനെക്കാൾ സന്തോഷ് ട്രോഫിയും ഫെഡറേഷൻ കപ്പും നാഗ്ജി ഫുട്​ബാളുമാണ് ഞങ്ങളുടെ കാലം ചർച്ച ചെയ്തത്. ജാംഷഡ് നസീരിയും ചീമാ ഒക്കേരിയും ഗോഡ് ഫ്രേ പെരേരയും കിരൺ ഖോങ്സായിയും ഞങ്ങളുടെ ചുണ്ടിൽ ഡ്രിബിൾ ചെയ്ത കാലം.

വയനാട്ടിനകത്തും പുറത്തും കേരളോത്സവങ്ങളിലും വയനാട് ഹീറോസ് അങ്ങിനെ മിന്നിനിന്നു. പഠനത്തിലൊന്നും വല്യ ശ്രദ്ധയില്ലാതെ ഞാൻ ചെപ്പുക്കാ​ െൻറ ടീമിൽ പന്തുകളിച്ചു നടന്നു. ടൂർണമെൻറുകൾ കഴിഞ്ഞ് വന്ന് കളിയെക്കുറിച്ച് മാത്രം സ്വപ്നം കണ്ട് തളർന്നുറങ്ങി. ചെപ്പുക്ക ഇടയ്ക്ക് കണ്ണൂരിൽ നിന്നും കളിക്കാരെ ഇറക്കി. കണ്ണൂരി​െൻറ സുധിയും ബഷീർക്കയും ദേവാനന്ദും സഖറിയയും എളേപ്പയുടെ മുറിയിൽ താമസിച്ചു. ഐച്ചുമ്മാ എന്ന് ഞങ്ങൾ വിളിക്കുന്ന വല്യുമ്മ വെച്ചുവിളമ്പി. (നാട്ടുകാർ കുഞ്ഞാക്ക എന്ന് വിളിക്കുന്ന എ​െൻറ ഉപ്പ ഞങ്ങളുടെ ബദ്ധവൈരികളായ ജോളി സ്പോർട്സി​െൻറ മാനേജരായിരുന്നൂ. മറ്റ് രണ്ട് എളേപ്പമാരായ അമ്മാനിക്കയും പോക്കുക്കയും ഉപ്പയുടെ കട്ട സപ്പോർട്ടേഴ്സും) വീട്ടിൽ വല്യ സ്നേഹ ബഹുമാനങ്ങൾ സൂക്ഷിച്ച് ഗ്രൗണ്ടിൽ കൊമ്പുകോർത്ത ആവേശോജ്ജ്വലകാലം.



ഞങ്ങളുടെ ടീമി​െൻറ ചിലവിനനുസരിച്ച് ഐച്ചുമ്മയുടെ അലിക്കത്തി​െൻറ (മേക്കാതിൽ വരിവരിയായി അണിയുന്ന സ്വർണ്ണാഭരണം) എണ്ണവും കുറഞ്ഞുവന്നു. ആയിടക്കാണ് കളിക്കിടയിൽ ഹീറോസി​െൻറ ഒരു കളിക്കാര​െൻറ ഇടം കാൽവട്ടം മുറിഞ്ഞുപോകുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ഓപറേഷനും കമ്പിയിടലും കമ്പിയൂരലും കഴിഞ്ഞപ്പോഴേക്കും അവസാനത്തെ അലിക്കത്തും വളരെ സ്നേഹത്തോടെ ആരുമറിയാതെ ഐച്ചുമ്മ ഇളയ മകനായ ചെപ്പുക്കാക്ക് ഊരിക്കൊടുത്തിരുന്നു. ഫൗൾ കിക്കും ത്രോയും ഓഫ് സൈഡും ഒക്കെയായി ചെപ്പുക്കാ​െൻറ ജീവിതം മുന്നോട്ട് പോകുമ്പോഴാണ്​ കളി കഴിഞ്ഞ മൈതാനം പോലെയുള്ള ഐച്ചുമ്മാ​െൻറ മേക്കാത് സൈനമ്മായിയുടെ ശ്രദ്ധയിൽ പെടുന്നത്.

ചെവികളിൽ നിന്നും ചെവികളിലേക്ക് വാർത്തകൾ കൈമാറപ്പെട്ടു. അതിനിടയിൽ എന്തോ ആവശ്യത്തിന് വീടി​െൻറ ആധാരം അന്വേഷിച്ച ഉപ്പയ്ക്ക് അതിനെ കണ്ടെത്താൻ കഴിഞ്ഞത് മാനന്തവാടിയിലെ ഒരു ബ്ലേഡ് കമ്പനി ഓഫീസിലായിരുന്നു. പ്രതി ഫുട്​ബാൾ ഭ്രാന്തനായ ചെപ്പുക്കയാണെന്ന് 'അന്വേഷണക്കമീഷൻ' കണ്ടെത്തി. പണം പരിക്കേറ്റ കളിക്കാരനെ ചികിത്സിക്കാൻ ചില വഴിച്ചു എന്നും കണ്ടെത്തി. അടിയന്തിര കുടുംബയോഗം വിളിച്ചു ചേർത്തു. ടച്ച് ലൈനിൽ ടച്ച് കാത്ത് നിൽക്കുന്ന പന്ത് പോലെ ചെപ്പുക്ക കുടുംബയോഗ സദസ്സി​െൻറ നടുവിൽ നിന്നു. തീരുമാനം പെട്ടെന്നുണ്ടായി. റെഡ്കാർഡ്. അങ്ങിനെ നാട്ടിൽ നിന്നും സഊദിയിലേക്ക് ചെപ്പുക്ക നാടുകടത്തപ്പെട്ടു.

പന്തുകളിയുമായി നടന്ന് ജീവിതം കളയുന്ന ഇളയ അനുജനെ രക്ഷപ്പെടുത്തിയ ആശ്വാസത്തിൽ കുടുംബാംഗങ്ങൾ അവരവരുടെ ഗാലറികളിലേക്ക് പോയി. അൽകോബാറിൽ നിന്നും ചെപ്പുക്ക എനിക്ക് കത്തുകൾ അയച്ചു. ടൂർണമെൻറുകളെക്കുറിച്ച് ചോദിച്ചു. ഏതെങ്കിലും കളിക്കാർക്ക് അങ്ങോട്ട് വരാൻ താൽപര്യമുണ്ടെങ്കിൽ അറിയിക്കാൻ പറഞ്ഞു. ഒരിക്കൽ പോലും വീട്ടുവിശേഷങ്ങൾ ചോദിച്ചില്ല. 

കുറച്ച് മാസങ്ങൾ കഴിഞ്ഞു കാണും. ഗൾഫിൽ നിന്നും എളേപ്പയുടെ ഒരു കൂട്ടുകാരൻ വീട്ടിൽ വന്നു. എനിക്കൊരു ബൂട്ട് കൊണ്ടുവന്നു. ഉപ്പ അയാളോട് ചെപ്പുക്കാ​െൻറ വിശേഷങ്ങൾ ചോദിച്ചു. 'പിന്നേ-ആള്ഉ ഷാറല്ലേ .. മൂപ്പര് അവിടെ ഒരു ഫുട്​ബാൾ ടീമുണ്ടാക്കീട്ട്ണ്ട്. പണി കഴിഞ്ഞാ പിന്നെ ഫുൾ ടൈം ഫുട്​ബാളാ'. എല്ലാവരും മൗനമായി പരസ്പരം നോക്കി. ഞാൻ ഊറിച്ചിരിച്ചു. അദ്ദേഹം യുനൈറ്റഡ് എഫ്​.സി എന്ന സ്വപ്നക്ലബ്ബോളം വളർന്നത് പിന്നത്തെ ചരിത്രം.


അഷ്​റഫി​െൻറ വീട്ടിലെ മുറി

മുപ്പത് വർഷത്തെ പ്രവാസ ജീവിതത്തിൽ ചെപ്പുക്ക കാര്യമായി ഒന്നും സമ്പാദിച്ചില്ല. കയറിച്ചെല്ലാൻ നല്ല ഒരു വഴി പോലുമില്ലാത്ത ഇനിയും പൂർണമായി പണി തീരാത്ത വീടും സ്നേഹനിധിയായ ഭാര്യയും രണ്ട് മക്കളും മാത്രമാണ് ആകെയുള്ള സമ്പാദ്യം. ബാക്കിയെല്ലാം അദ്ദേഹം സ്വരുക്കൂട്ടി വെച്ചത്​ സൗഹൃദങ്ങളുടെ ഹൃദയങ്ങളിലാണ്. ഒരു പരിഭവവും ഇല്ലാത്ത, ദേഷ്യപ്പെടാത്ത മനുഷ്യൻ. അദ്ദേഹത്തി​െൻറ മനസ്സിൽ പ്രഥമസ്ഥാനം ചെൽസി ക്ലബ്ബിനാണ്. ചെൽസിയുടെ അധിപൻ റോമൻ അബ്രമോവിച്ച് പോലും അദ്ദേഹം ചെൽസിയെ നെഞ്ചേറ്റിയത് പോലെ ക്ലബിനെ ഇഷ്പ്പെട്ടിട്ടുണ്ടാവില്ല എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. അതുകഴിഞ്ഞേ ഭാര്യയും മക്കളും പോലും അദ്ദേഹത്തി​െൻറ മനസ്സിൽ ഇടം നേടിയിരുന്നുള്ളൂ...


എത്ര പറഞ്ഞാലും തീരാത്ത നൂറായിരം ഓർമകൾ നിറച്ച ആ മനുഷ്യൻ മാനന്തവാടി മെഡിക്കൽ കോളജി​െൻറ അത്യാഹിത വാർഡിൽ നിശ്ചലനായപ്പോൾ പിടിവിട്ടുപോയ എ​െൻറ മനഃസ്ഥൈര്യത്തെ ഇനിയും തിരികെ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. പരിഹരിക്കപ്പെടാനാവാത്ത പ്രതിസന്ധികളോളം വലുത്​ മറ്റൊന്നുമില്ലല്ലോ. വിധി ചിലപ്പോൾ വളരെ മോശം കോച്ചാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നന്നായി കളിക്കുന്ന കളിക്കാരനെ ഹാഫ് ടൈമിന് മുമ്പേ തിരികെ വിളിച്ച്​ സൈഡ് ബെഞ്ചിലിരുത്തുന്ന, എന്നാൽ വളരെ മോശം കളി ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്ന കളിക്കാരനെ തിരിച്ചു വിളിക്കാതെ യഥേഷ്ടം കളിക്കാൻ വിടുന്ന ഒരു മോശം കോച്ച്.

ഫുട്ബാളിനെ സ്നേഹിച്ച് മതിയാവാതെ, ചെൽസിയുടെ കളി കണ്ട് കൊതി തീരാതെ, രണ്ടു മക്കളെ ഇരു കൈയിൽ ചേർത്ത് പിടിച്ച് നടന്ന് പൂതി മാറാതെ അഷ്റഫ് തലപ്പുഴ ദുനിയാവെന്ന മൈതാനം വിട്ടകലുമ്പോൾ കാണികളായ നമ്മൾ മഹാറഫറിയുടെ തീരുമാനം അന്തിമമാണെന്ന് ആശ്വസിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാൻ?. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ മജീദിനെപ്പോലെയോ അല്ലെങ്കിൽ അതിലുപരിയായോ കളിയെ സ്നേഹിക്കുന്ന അഷ്റഫുമാരാണ്​ കാൽപന്തി​െൻറ ഉദാത്ത സൗന്ദര്യം.

Tags:    
News Summary - A memoir to Ashraf Thalappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.