ഒടുവിൽ താഹിറിനെ കിട്ടി, ജീവനറ്റ നിലയിൽ; ക്വാറിയിൽ നിന്ന് ലോറി കിട്ടിയത് ഇന്നലെ അർധരാത്രി

കൂറ്റനാട് (പാലക്കാട്): പകലും രാവും നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിൽ താഹിറിന്റെ മൃതദേഹം ക്വാറിയിൽനിന്ന് കണ്ടെടുത്തു. വ്യാഴാഴ്ച രാവിലെ ഏഴരയോടെ ടിപ്പർ ലോറി ക്വാറിയിൽ മറിഞ്ഞ് കാണാതായ ഡ്രൈവർ പാലക്കാട് ചാത്തന്നൂർ ചാലാച്ചി വീട്ടിൽ അബൂതാഹിറിന്റെ (35) മൃതദേഹമാണ് ഇന്ന് രാവിലെ ഏഴുമണിയോടെ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. താഹിർ ഓടിച്ച ​ടോറസ് ലോറി ഇന്നലെ അർധരാത്രി കണ്ടെടുത്തിരുന്നു.

നേരത്തെ ഗൾഫിൽ പ്രവാസിയായിരുന്നു താഹിർ. ആറുമാസം മുമ്പാണ് ജോലി മതിയാക്കി നാട്ടിൽ തിരിച്ചെത്തിയത്. കുടുംബത്തോടൊപ്പം കഴിയണ​മെന്ന ആഗ്രഹത്തിലാണ് പ്രവാസം അവസാനിപ്പിച്ചത്. എന്നാൽ, പ്രതീക്ഷകൾക്ക് അന്ത്യം കുറിച്ച് അപകടം താഹിറിന്റെ ജീവൻ കവരുകയായിരുന്നു.

പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിൽപെട്ട കറുകപ്പുത്തൂർ അകിലാണത്ത് ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെയാണ് താഹിർ ഓടിച്ച ടിപ്പർ ലോറി വെള്ളത്തിലേക്ക് മറിഞ്ഞത്. മണ്ണുമായെത്തിയ ടിപ്പർ ലോറിയുടെ പിൻഭാഗം ഉയർത്തി ക്വാറിയിലേക്ക് മണ്ണിറക്കുന്നതിനിടെ മണ്ണിടിഞ്ഞ് വാഹനം വെള്ളക്കെട്ടിലേക്ക് പതിച്ചു. ലോറിയോടൊപ്പം താഹിറും വെള്ളത്തിൽ മുങ്ങി. സംഭവസ്ഥലത്ത് മണ്ണുമായെത്തിയ മറ്റൊരു ലോറി ഡ്രൈവർ താഹിറിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വാഹനം ക്വാറിയിലേക്ക് മറിഞ്ഞതായി വ്യക്തമായത്.

തുടർന്ന് ചാലിശ്ശേരി പൊലീസും പട്ടാമ്പി, ഷൊർണൂർ, മലപ്പുറം എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനാ യൂനിറ്റുകളും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. സ്കൂബ ഡൈവിങ് സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ഗൾഫിലെ ജോലി ഉപേക്ഷിച്ച് പഴയകാല തൊഴിലായ ടിപ്പർ ലോറി ഡ്രൈവിങ്ങിലേക്ക് മടങ്ങിയ താഹിർ ഏറെ സന്തോഷത്തിലായിരുന്നു. ഭാര്യക്കും മക്കൾക്കുമൊപ്പം കഴിയുന്നതിനൊപ്പം സ്വന്തമായൊരു വീട് നിർമിക്കുകയെന്നതും വലിയ ആഗ്രഹമായിരുന്നു. പഞ്ചായത്തിന്റെ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീടിന്റെ നിർമാണം ആരംഭിച്ചിരുന്നെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. കുടുംബത്തിനൊപ്പം പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് അപ്രതീക്ഷിത അപകടമുണ്ടായത്.

താഹിറിന്റെ സഹോദരൻ മുസ്തഫ വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നാട്ടുകാരും മറ്റും ചേർന്ന് തുക സമാഹരിച്ചിരുന്നെങ്കിലും നിയമപരമായ തടസ്സങ്ങൾ കാരണം തുടർനടപടികൾ പൂർത്തിയായിട്ടില്ല. സഹോദരന്റെ ചികിത്സയുമായി ബന്ധപ്പെട്ട പ്രയാസങ്ങൾക്കിടയിലാണ് താഹിറിന്റെ മരണം.

ജിൻസിലയാണ് താഹിറിന്റെ ഭാര്യ. പെരുങ്കണ്ണൂർ അംഗൻവാടി ഹെൽപ്പറാണ്. മക്കൾ: അനഹ ഫാത്തിമ, മുഹമ്മദ് ഹൈസിൻ, ഹെസ ഫാത്തിമ.

Tags:    
News Summary - Thahir found dead; lorry retrieved from quarry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.