ജപ്പാനില്‍ ബുള്ളറ്റ് ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബം ഏറ്റുവാങ്ങിയപ്പോൾ

ചിതാഭസ്മം ഏറ്റുവാങ്ങി കുടുംബം; ജപ്പാനില്‍ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവിക ഇനി ഓർമകളിൽ

കണ്ണൂർ: ജപ്പാനില്‍ ബുള്ളറ്റ് ട്രെയിന്‍ തട്ടി മരിച്ച ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ (22) ചിതാഭസ്മം അഡ്വ. സജീവ് ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കുടുംബത്തിന് കൈമാറി. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിച്ച ചിതാഭസ്മം നോര്‍ക്ക അധികൃതരുടെ നേതൃത്വത്തില്‍ ട്രെയിന്‍ വഴി കണ്ണൂരിലെത്തിച്ചാണ് പടിയൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നത്.

ജപ്പാനിലെ ഗിഫു പ്രവിശ്യയിലുള്ള കകമിഗാഹാരയില്‍ സെപ്റ്റംബര്‍ രണ്ടിനാണ് ദേവികയെ ബുള്ളറ്റ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി പത്തരയോടെയായിരുന്നു അപകടം. സംഭവ ദിവസം രാത്രി എട്ടരയോടെ ദേവിക നാട്ടിലുള്ള അമ്മയെ വീഡിയോ കോള്‍ ചെയ്തിരുന്നു.

പണം പിന്‍വലിക്കാന്‍ പുറത്തുപോവുകയാണെന്നാണ് അമ്മയോട് പറഞ്ഞിരുന്നത്. പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ ദേവികയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. ഇതിനിടെയാണ് റെയില്‍വേ ട്രാക്കിന് സമീപത്തുനിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ മരിച്ചത് ദേവികയാണെന്ന് ജപ്പാന്‍ അധികൃതര്‍ സ്ഥിരീകരിച്ചത്.

മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജപ്പാനില്‍ വച്ചുതന്നെ ദേവികയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയിരുന്നു. കുടുംബത്തിന്റെ അനുവാദത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ എംബസി, ജപ്പാനിലെ മലയാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ സഹായത്തോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടത്തി.

മൃതദേഹം സംസ്‌കരിക്കുന്നതിനും ചിതാഭസ്മം നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകള്‍ തയാറാക്കി സമര്‍പ്പിക്കുന്നതിനും, തുടര്‍നടപടികളുടെ ഏകോപനത്തിനും നോര്‍ക്ക റൂട്ട്‌സാണ് നേതൃത്വം നല്‍കിയത്. സജീവ് ജോസഫ് എം.എല്‍.എ ഇതിനാവശ്യമായ സഹായങ്ങള്‍ നല്‍കി.

പ്ലസ്ടു പഠനത്തിന് ശേഷം ലാബ് ടെക്‌നീഷ്യന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ദേവിക, കാസര്‍കോട് നീലേശ്വരത്തെ അക്കാദമിയില്‍ നിന്ന് ജാപ്പനീസ് ഭാഷാ കോഴ്സ് പഠിച്ച ശേഷമാണ്, ജോലി തേടി ജപ്പാനിലേക്ക് പോയത്. ഇഗലൊ ചൊവന്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോര്‍പറേഷന്‍ എന്ന സ്ഥാപനത്തില്‍ നഴ്സിങ് അസിസ്റ്റന്റായാണ് ആറുമാസം മുമ്പ് ജോലിയില്‍ പ്രവേശിച്ചത്.

കുടുംബത്തിന് ജപ്പാനിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍, നിഹോണ്‍ കൈരളി എന്നീ മലയാളി സംഘടനകളുടെ നേതൃത്വത്തിലാണ് ജപ്പാനില്‍ ഹിന്ദു ആചാരപ്രകാരം സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. വിഡിയോ കോളിലൂടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ചടങ്ങുകളിൽ പങ്കെടുക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു.

പ്രകാശന്റെയും ബീനയുടെയും മൂത്ത മകളാണ് ദേവിക. പടിയൂര്‍ നെടിയോടിയിലെ വീട്ടിലെത്തിച്ച ചിതാഭസ്മം എം.എല്‍.എയില്‍ നിന്ന് ദേവികയുടെ പിതാവ് പ്രകാശന്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് മാതാപിതാക്കളും, കുടുംബാംഗങ്ങളും, നാട്ടുകാരും ജനപ്രതിനിധികളും ചിതാഭസ്മത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ, വൈസ് പ്രസിഡന്റ് പി.വി. രാജീവ്, മെംബര്‍മാരായ തങ്കമണി കെ., വി. ഷഹനാ രാജീവ്, കെ.വി. മനോഹരന്‍, ഇരിട്ടി തഹസില്‍ദാര്‍ എന്‍. സീമ, ഇരിക്കൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സത്യനാഥന്‍ കെ.വി. എന്നിവരും സന്നിഹിതരായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.