മനാമ: മണിക്കൂറുകളോളം സ്കൂൾ വാഹനത്തിൽ കുടുങ്ങി നാലര വയസ്സുകാരൻ മരിച്ച ദാരുണ സംഭവത്തിൽ, വനിതാ ഡ്രൈവറെ പബ്ലിക് പ്രോസിക്യൂഷൻ ഹൈ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു. നവംബർ 2 ന് കേസ് കോടതി പരിഗണിക്കും. അശ്രദ്ധമൂലമുള്ള മരണത്തിന് കാരണമാകൽ, ലൈസൻസ് ഇല്ലാത്ത ട്രാൻസ്പോർട്ട് സർവീസ് നടത്തൽ എന്നിവയാണ് ഡ്രൈവർക്കെതിരെ ചുമത്തിയിട്ടുള്ള പ്രധാന കുറ്റങ്ങൾ.
ഹമദ് ടൗൺ പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, രാവിലെ കിന്റർഗാർട്ടനിൽ കുട്ടിയെ ഇറക്കേണ്ടിയിരുന്ന ഡ്രൈവർ, കുട്ടിയെ കാറിനുള്ളിൽ മറന്നുപോവുകയായിരുന്നു. അടച്ചിട്ട വാഹനത്തിനുള്ളിൽ മണിക്കൂറുകളോളം കിടന്ന കുട്ടിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വെൻ്റിലേഷൻ ലഭിക്കാതെ, അടച്ചിട്ട വാഹനത്തിൽ മണിക്കൂറുകളോളം കഴിഞ്ഞതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് ഫോറൻസിക് പത്തോളജിസ്റ്റ് റിപ്പോർട്ട് നൽകി. പ്രോസിക്യൂട്ടർമാർ സംഭവസ്ഥലം പരിശോധിച്ച്, വാഹനം കണ്ടുകെട്ടാനും വിശദമായി പരിശോധിക്കാനും ഉത്തരവിട്ടു.
കുട്ടിയുടെ കുടുംബാംഗങ്ങളിൽ നിന്നും കിന്റർഗാർട്ടൻ ഉടമയിൽ നിന്നും ഡയറക്ടറിൽ നിന്നും മൊഴിയെടുത്തു. മതിയായ ലൈസൻസ് ഇല്ലാതെ, കുട്ടികളെയും വിദ്യാർത്ഥികളെയും കിന്റർഗാർട്ടനുകളിലേക്കും സ്കൂളുകളിലേക്കും കൊണ്ടുപോകാൻ അനധികൃതമായി തൻ്റെ സ്വകാര്യ വാഹനം ഉപയോഗിച്ചുവെന്നും, കുട്ടി വാഹനത്തിൽ കുടുങ്ങിയത് ശ്രദ്ധയിൽപെട്ടില്ല എന്നും പ്രതി ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. തുടർന്ന് പ്രോസിക്യൂഷൻ ഡ്രൈവറെ തടങ്കലിൽ വെക്കാൻ ഉത്തരവിടുകയും കേസ് ഹൈ ക്രിമിനൽ കോടതിയിലേക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.