നടൻ റിസബാവ അന്തരിച്ചു

കൊച്ചി: ജോൺ ഹോനായ്​ എന്ന വില്ലൻ കഥാപാത്രത്തിലൂടെ മലയാള സിനിമാ ​േ​പ്രക്ഷകർക്ക്​ പ്രിയങ്കരനായ നടൻ റിസബാവ (60) അന്തരിച്ചു. ഉയർന്ന രക്​ത സമ്മർദവും വൃക്ക സംബന്ധമായ അസുഖവും മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെൻറിലേറ്റർ സഹായത്തോടെ കഴിഞ്ഞിരുന്ന റിസബാവ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്​ മൂന്നുമണിയോടെ മരിച്ചു. 

മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷൻ മാളിയേക്കൽ ഓഡിറ്റോറിയത്തിനു സമീപം ജിയാ റസിഡൻസിയിൽ കൂതാരി പറമ്പിൽ പരേതനായ കെ.ഇ. മുഹമ്മദ് ഇസ്മായിലിന്‍റെ (ബാവ) മകനാണ്​. നാടകങ്ങളിലൂടെയാണ്​ കലാജീവിതം ആരംഭിച്ചത്​. ചലച്ചിത്ര അഭിനേതാവ്​, ഡബ്ബിങ്​ ആർട്ടിസ്റ്റ്​ എന്നീ നിലകളിൽ പേരെടുത്തു. 1984ൽ 'വിഷുപ്പക്ഷി' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990ൽ റിലീസായ 'ഡോക്ടർ പശുപതി' എന്ന സിനിമയിൽ പാർവതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1990ൽ തന്നെ സിദ്ധീഖ്​-ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഇൻ ഹരിഹർ നഗർ' എന്ന സിനിമയിലെ വില്ലൻ വേഷമായ ജോൺ ഹോനായിയിലൂടെ​ ആണ്​.

പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. വിവിധ ചാനലുകളിലെ ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു. ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്​. മമ്മൂട്ടി സിനിമയായ 'വൺ' ആണ്​ അവസാന ചിത്രം. 'കർമ്മയോഗി' എന്ന സിനിമയുടെ ഡബ്ബിങിന്​ 2011ൽ മികച്ച ഡബ്ബിങ്​ ആർട്ടിസ്​റ്റിനുള്ള സംസ്​ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു.

മാതാവ്: പരേതയായ സൈനബ ഇസ്മായിൽ. ഭാര്യ: ജമീല ബീവി, മകൾ: ഫിറൂസ സഹൽ. മരുമകൻ:സഹൽ. ഖബറടക്കം കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.

Full View

​  

Tags:    
News Summary - Actor Risabava passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.