പയ്യന്നൂർ പിലാത്തറ –പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ മണ്ടൂർ പള്ളിക്ക് സമീപമുണ്ടായ അപകടം

പയ്യന്നൂരിൽ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ച് തീപിടിത്തം; രണ്ടു പേർ മരിച്ചു

പയ്യന്നൂർ: പിലാത്തറ –പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ മണ്ടൂർ പള്ളിക്ക് മുൻവശം പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. റോഡരികിൽ തകരാറിലായി നിർത്തിയിട്ടിരുന്ന തടി കയറ്റിയ ലോറിയിൽ നിയന്ത്രണം വിട്ടെത്തിയ സിമന്റ് ബൾക്കർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയിൽ തീപിടുത്തമുണ്ടായി വാഹനം പൂർണമായും കത്തിനശിച്ചു.

തടികയറ്റിയ ലോറി തകരാർ സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഭാരത് ബെൻസിന്റെ പെരിയയിൽ നിന്നെത്തിയ മെക്കാനിക്കുമാർ വാഹനത്തിന്റെ തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

50 ടണ്ണോളം സിമന്റ് കയറ്റിവന്ന കോൺക്രീറ്റ് സിമന്റ് ബൾക്കർ നിയന്ത്രണം വിട്ട് തടിലോറിയിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഒരാൾ റോഡിലേക്ക് തെറിച്ചുവീണു. ഗുരുതര പരിക്കേറ്റ ഇയാൾ പിന്നീട് മരിച്ചു. ഇടിയുടെ ആഘാതത്തിൽ തടി ലോറിക്ക് തീപിടിച്ചു. ലോറിയിൽ കുടുങ്ങിക്കിടന്ന മറ്റൊരാൾ അതിദാരുണമായി വെന്തുമരിച്ചു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

അപകടത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഒരു കാറിന് മുകളിലേക്ക് മരം വീണതിനെ തുടർന്ന് കാറിനും കേടുപാടുകൾ സംഭവിച്ചു.

വിവരമറിഞ്ഞ് പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഓഫിസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. അതിവേഗം പടർന്ന തീ നിയന്ത്രണവിധേയമാക്കിയ ശേഷം ലോറിയിൽ കുടുങ്ങിക്കിടന്ന ആളെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനഭാഗങ്ങൾ മുറിച്ചു മാറ്റിയാണ് പുറത്തെടുത്തത്. എന്നാൽ, അപ്പോഴേക്കും ഇയാൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി. സത്യൻ, പി.പി.രാഹുൽ, യു.കെ.ലിജീഷ്, എസ്. ജിഷ്ണു, സുർജിത്ത് യദുലാൽ, ജിഷ്ണു ദേവ് എന്നിവരും ഹോംഗാർഡുമാരായ ദിനേശൻ, കെ.എം.ഗോവിന്ദൻ, ശ്രീജേഷ് എന്നിവരും പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.