അറിഞ്ഞീനാ... കലോത്സവ പൊതു നിബന്ധനകള്‍

സംസ്കൃതം, അറബിക് കലോത്സവം
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് പങ്കെടുക്കുന്നതിനുള്ള തയാറെടുപ്പിനായി ക്ളാസുകള്‍ നഷ്ടമായ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ആശ്വാസമായാണ് ഗ്രേസ് മാര്‍ക്കുകള്‍ നല്‍കുന്നത്. സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡിന് 30ഉം ബി ഗ്രേഡിന് 24ഉം സി ഗ്രേഡിന് 18ഉം മാര്‍ക്കുമാണ് ലഭിക്കുക. എസ്.എസ്.എല്‍.സി, പ്ളസ് വണ്‍, പ്ളസ് ടു പരീക്ഷകളില്‍ ഈ മാര്‍ക്ക് ആനുകൂല്യം ലഭിക്കും. എന്നാല്‍ 8, 9 ക്ളാസുകളില്‍ സംസ്ഥാനത്ത് ഏതെങ്കിലും ഇനത്തില്‍ ഗ്രേഡുകള്‍ നേടിയാല്‍ എസ്.എസ്.എല്‍.സിക്ക് ജില്ലയില്‍ അതേ ഇനത്തിന് എ ഗ്രേഡ് ലഭിച്ചാലും മാര്‍ക്കിന്‍െറ ആനുകൂല്യം ലഭിക്കും.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവയും അരങ്ങേറും. അറബിഭാഷ പഠിക്കുന്ന കുട്ടികള്‍ക്കേ അറബിക് സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ. ഒരു കുട്ടിക്ക് പരമാവധി മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലുമേ മത്സരിക്കാന്‍ കഴിയൂ.
സംസ്കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന കുട്ടികള്‍ക്കേ സംസ്കൃതോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ. സംസ്കൃതോത്സവത്തില്‍ 17 മത്സര ഇനങ്ങളാണുള്ളത്.

വിധിനിര്‍ണയം
കലോത്സവം കുറ്റമറ്റതാക്കുക, വിധിനിര്‍ണയം വസ്തുനിഷ്ഠമാക്കുക, കലാ സാഹിത്യ രംഗത്തെ പ്രതിഭകളെ കണ്ടത്തെി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ കലോത്സവത്തിന്‍െറ സവിശേഷതയെന്ന് വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ഗ്രേഡിങ് രീതി
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 50 ശതമാനത്തില്‍ താഴെ മാര്‍ക്ക് ലഭിക്കുന്ന ഇനങ്ങളെ ഗ്രേഡ് ചെയ്യുകയില്ല. 50 ശതമാനത്തില്‍ അധികം മാര്‍ക്ക് കിട്ടുന്ന ഇനങ്ങളെ എ.ബി.സി എന്നീ മൂന്ന് ഗ്രേഡുകളാക്കി തിരിക്കും.

ഗ്രേഡ്മാര്‍ക്ക് -ശതമാനം -പോയന്‍റ്

  • എ: 70 %മോ അതിലധികമോ മാര്‍ക്ക് -5
  • ബി: 60% മുതല്‍ 69% വരെ മാര്‍ക്ക് -3
  • സി: 50% മുതല്‍ 59% വരെ മാര്‍ക്ക് -1

പൊതു നിബന്ധനകള്‍

  1. രചന മത്സരങ്ങള്‍ക്ക് ആവശ്യമായ പേപ്പര്‍ മാത്രമേ സംഘാടകര്‍ നല്‍കൂ. മത്സരത്തിന്‍െറ പ്രമേയം വിധികര്‍ത്താക്കള്‍ നിശ്ചയിക്കുന്നതാണ്.
  2. ശാസ്ത്രീയ സംഗീതത്തിന് ശ്രുതി ഉപയോഗിക്കാവുന്നതാണ്. മത്സരാര്‍ഥിക്ക് ഇഷ്ടമുള്ള രാഗം ആലപിക്കാവുന്നതാണ്.
  3. കഥകളി സംഗീതത്തിന് ചേങ്ങല ഉപയോഗിക്കാം.
  4. ചെണ്ടക്ക് (തായമ്പക) അനുസാരി വാദ്യങ്ങളാകാം. എന്നാല്‍, കുട്ടികള്‍തന്നെ പങ്കെടുക്കണം. (ഒരു ഇലത്താളം, രണ്ട് ഇടംതല, ഒരു വലംതല ഇങ്ങനെ നാലുപേര്‍ ആകാം).
  5. നാടോടിനൃത്തത്തിന് തെരഞ്ഞെടുക്കുന്ന, നാടന്‍ നൃത്തത്തിന് അനുയോജ്യമായ രൂപവും വേഷവുമായിരിക്കണം. ആഡംബരം കഴിയുന്നതും കുറക്കണം. നാടോടിത്തനിമ കാത്തുസൂക്ഷിക്കണം.
  6. നാടോടിനൃത്തം, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം, സംഘനൃത്തം എന്നീ നൃത്ത ഇനങ്ങള്‍ക്ക് പിന്നണിയില്‍ റെക്കോഡ് ചെയ്ത സീഡി/കാസറ്റ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
  7. പ്രസംഗ മത്സരങ്ങള്‍ക്കുള്ള വിഷയം മത്സരത്തിന് അഞ്ചുമിനിറ്റ് മുമ്പ് വിധികര്‍ത്താക്കള്‍ നിശ്ചയിക്കുന്നതാണ്.
  8. പിന്നണി അനുവദിച്ചിട്ടുള്ള ഇനങ്ങള്‍ക്ക് പിന്നണിയില്‍ അതത് കാറ്റഗറിയിലെ കുട്ടികള്‍ തന്നെയായിരിക്കണം.
  9. കഥാപ്രസംഗത്തിന് പിന്നണിയില്‍ തബല അല്ളെങ്കില്‍ മൃദംഗം/ഹാര്‍മോണിയം അല്ളെങ്കില്‍ ശ്രുതിപ്പെട്ടി, സിംബല്‍ ആന്‍ഡ് ടൈമിങ്, ക്ളാര്‍നെറ്റ് അല്ളെങ്കില്‍ വയലിന്‍ എന്നിവക്ക് നാലു കുട്ടികള്‍ വരെ ആകാം.
  10. മദ്ദളത്തിന് അനുസാരിവാദ്യം ആകാം. കുട്ടികള്‍ ആയിരിക്കണം അനുസാരിവാദ്യം കൈകാര്യം ചെയ്യേണ്ടത്. (ഒരു ഇലത്താളം ഒരു വലംതല ഇങ്ങനെ രണ്ടുപേര്‍).
  11. ഗാനമേളയില്‍ വാദ്യോപകരണങ്ങള്‍ വായിക്കുന്നത് മത്സരത്തില്‍ പങ്കെടുക്കുന്നവരായിരിക്കണം. വൃന്ദവാദ്യത്തിനും ഗാനമേളക്കും ഉപയോഗിക്കുന്ന സംഗീതോപകരണങ്ങള്‍ വിദഗ്ധരുടെ പരിശോധനക്ക് ശേഷമേ ഉപയോഗിക്കാവൂ.
  12. ഒപ്പനക്ക് പക്കമേളമോ പിന്നണിയോ പാടില്ല. മുന്‍പാട്ടുകാരികള്‍ നിര്‍ബന്ധമാണ്. പിന്‍പാട്ടും വേണം. മറ്റുള്ളവര്‍ ഏറ്റുപാടണം. പാട്ടും താളത്തിനൊത്ത കൈയടിയുമാണ് മുഖ്യഘടകം. നൃത്തമല്ലാത്ത രൂപത്തില്‍ ചാഞ്ഞും ചരിഞ്ഞുമുള്ള കൈയടിയും ചുറ്റിക്കളിയുമാകാം. ഒരു മണവാട്ടിയും വേണം. മത്സരത്തില്‍ പങ്കെടുക്കുന്ന പത്തുപേരും സ്റ്റേജില്‍ അണിനിരക്കണം. ഇതുതന്നെയാണ് വട്ടപ്പാട്ട് മത്സരത്തിന്‍െറയും ഘടന.
  13. കോല്‍ക്കളിക്ക് ഇമ്പമാര്‍ന്ന പുരാതന മാപ്പിളപ്പാട്ടുകളുടെ ഈണത്തിനൊപ്പിച്ച് മെയ്വഴക്കത്തോടെ ചുവടൊപ്പിച്ച് ചാഞ്ഞും ചരിഞ്ഞും മറിഞ്ഞും വായ്ത്താരിയിലും കോലടിയിലും താളം പിടിച്ച് പങ്കെടുക്കുന്നവര്‍ തന്നെ അവതരിപ്പിക്കണം. പിന്നണി പാടില്ല.
  14. ദഫ്മുട്ട് ബൈത്തിന്‍െറ വൈവിധ്യമാര്‍ന്ന ഈണങ്ങള്‍ക്ക് അനുസരിച്ച് ചാഞ്ഞും ചരിഞ്ഞും നിന്നും ഇരുന്നും വിവിധ താളങ്ങളില്‍ അവതരിപ്പിക്കണം. അമിതമായ ചുവടുകളോ നൃത്തമോ പാടില്ല. അറബി ബൈത്തുകളോ മദ്ഹ് പാട്ടുകളോ ആകാം. ലളിതഗാനമോ മാപ്പിളപ്പാട്ടോ പാടില്ല. പിന്നണി പാടില്ല.
  15. അറബന മുട്ടിന് ഊര്‍ജസ്വലനായ അഭ്യാസിയുടെ രൂപഭാവങ്ങള്‍ ദൃശ്യമാകണം. അറബനയുടെ ശബ്ദം ഉയര്‍ത്തുന്നതനുസരിച്ച് അറബി ബൈത്തിന്‍െറ ഗതിവേഗവും കൂട്ടേണ്ടതാണ്. അംഗോപാംഗങ്ങളില്‍ തട്ടിയും മുട്ടിയും വിവിധ താളങ്ങളിലൂടെ അവതരിപ്പിക്കണം. പിന്നണി പാടില്ല. അറബ് ബൈത്തുകളും രിഫാഈ ത്വരീഖത്ത് ബൈത്തുകളും അനുവദനീയമാണ്. ഭക്തിനിര്‍ഭരമായ ഭാവങ്ങള്‍ ഉണ്ടായിരിക്കണം.
  16. തിരുവാതിരക്കളിക്ക് പിന്‍പാട്ടുകള്‍ക്കു കുട്ടികളായിരിക്കണം. (രണ്ടുപേര്‍). ലളിതമായ കേരളീയ വേഷമായിരിക്കണം. കലാരൂപത്തിന്‍െറ തനിമ നിലനിര്‍ത്തണം. കുട്ടികള്‍തന്നെ പാടിക്കളിക്കണം. നിലവിളക്കും നിറപറയും ഉണ്ടായിരിക്കണം. (ഇവ സംഘാടകര്‍ നല്‍കണം).
  17. മാര്‍ഗം കളിക്ക് നിലവിളക്ക് ഉണ്ടായിരിക്കണം (നിലവിളക്ക് സംഘാടകര്‍ നല്‍കണം). തനതായ വേഷമായിരിക്കണം. നൃത്താവതരണത്തിന് താളം ക്രമീകരിക്കുന്നതിന് കുഴിത്താളം (ചെറിയ ഇലത്താളം) ഉപയോഗിക്കാവുന്നതാണ്. മറ്റ് സംഗീത ഉപകരണളോ പിന്നണിയോ പാടില്ല.
  18. നാടകത്തില്‍, ഒരു ഏകാങ്ക നാടകമോ വലിയ നാടകത്തിന്‍െറ തെരഞ്ഞെടുത്ത ഭാഗങ്ങളോ ആകാം. പിന്നണിയില്‍ (മൂന്നുപേര്‍) വിദ്യാര്‍ഥികള്‍തന്നെയായിരിക്കണം. നല്ല നടന്‍, നല്ല നടി എന്നിവരെ തെരഞ്ഞെടുത്ത് സമ്മാനം നല്‍കണം. കാസറ്റ് ഉപയോഗിക്കാവുന്നതാണ്. ഇത് സംസ്കൃതം, അറബിക് എന്നീ സാഹിത്യോത്സവത്തിനും ബാധകമാണ്.
  19. ദേശഭക്തി ഗാനസംഘത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാകാം. ദേശീയോദ്ഗ്രഥന സന്ദേശമുള്‍ക്കൊള്ളുന്ന ഗാനങ്ങളായിരിക്കണം ആലപിക്കേണ്ടത്. മലയാളഗാനംതന്നെ ആയിരിക്കണമെന്നില്ല.
  20. കഥകളി ഗ്രൂപ്പില്‍ നാല് വേഷങ്ങള്‍ ഒരേ സമയത്താകാം. പക്ഷേ, നാല് വേഷങ്ങള്‍ക്കും ഏതാണ്ട് തുല്യമായ ക്രിയാംശം രംഗത്തുണ്ടാവണം. സ്റ്റേജില്‍ കളര്‍ ലൈറ്റ് ഉപയോഗിക്കരുത്.
  21. കഥകളി, പൂരക്കളി, തിരുവാതിരക്കളി, മാര്‍ഗംകളി എന്നിവക്ക് നിലവിളക്ക് സംഘാടകര്‍ നല്‍കണം.
  22. എല്ലാ മത്സരങ്ങളുടെയും പിന്നണിയിലുള്ള കുട്ടികള്‍ക്കും ഗ്രേഡ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.
  23. ഹിന്ദുസ്ഥാനി സംഗീതം (വായ്പ്പാട്ട്), ഹിന്ദുസ്ഥാനി സംഗീതം (ഉപകരണം) ചവിട്ടുനാടകം, വഞ്ചിപ്പാട്ട് എന്നിവ പ്രദര്‍ശന ഇനങ്ങളായി അവതരിപ്പിക്കാം.
  24. മത്സരങ്ങളുടെ എല്ലാ തലങ്ങളും വിലയിരുത്തുന്നതിന് യോഗ്യരായ വിധികര്‍ത്താക്കളെ നിയമിക്കുമ്പോള്‍, അവരുടെ ബയോഡാറ്റയും ഡിക്ളറേഷനും എഴുതി വാങ്ങണം. വിധി നിര്‍ണയത്തിന് എല്ലാ തലത്തിലും മൂന്ന് വിധികര്‍ത്താക്കള്‍ മാത്രമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
Tags:    
News Summary - state school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.