ഇടനിലക്കാര്‍ ജാഗ്രതൈ... വിജിലന്‍സ് സംഘം എത്തി

കണ്ണൂര്‍: കേരള സ്കൂള്‍ കലോത്സവങ്ങളില്‍ അനധികൃത ഇടപെടലുകള്‍ ഒഴിവാക്കാന്‍ വിജിലന്‍സ് സംഘം നടപടികളാരംഭിച്ചു. ഞായറാഴ്ച കണ്ണൂരിലത്തെിയ വിജിലന്‍സ് സംഘം മത്സരങ്ങളുടെ വിധിനിര്‍ണയിക്കുന്നവരുടെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെയുള്ള പൂര്‍ണവിവരങ്ങള്‍ സംഘാടകരില്‍നിന്ന് ശേഖരിച്ചു. വിധിനിര്‍ണയം നടത്തുന്നതിനുള്ള മാര്‍ഗരേഖകളുടെ കോപ്പികളും ശേഖരിച്ചു.

മുന്‍വര്‍ഷങ്ങളില്‍ കലോത്സവങ്ങളില്‍ ഇടനിലക്കാരുടെയും കോഴയുടെയും ആധിപത്യമാണെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് കലോത്സവങ്ങളുടെ നടത്തിപ്പ് പൂര്‍ണമായും സുതാര്യമാക്കുന്നതിന് വിജിലന്‍സ് സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിജിലന്‍സ് കോഴിക്കോട് റീജ്യനില്‍നിന്നുള്ള എസ്.പിമാരായ ജോണ്‍സണ്‍ ജോസഫ്, കെ.കെ. സുനില്‍ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കലോത്സവം സുതാര്യമാക്കുന്നതിനുള്ള അന്വേഷണം നടത്തുക. വിജിലന്‍സ് ഡിവൈ.എസ്.പി എ.വി. പ്രദീപ്കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച കലോത്സവനഗരിയിലത്തെി വിവരങ്ങള്‍ ശേഖരിച്ചത്.

കലോത്സവങ്ങളില്‍ ക്രമക്കേട് ശ്രദ്ധയില്‍പെട്ടാല്‍ മത്സരാര്‍ഥികള്‍ക്ക് പുറമേ കാണികള്‍ക്കും പരാതികള്‍ നല്‍കാമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. വിജിലന്‍സിന്‍െറ ഫോണ്‍ നമ്പറിലോ എറൈസിങ് കേരള, വിസില്‍ നൗ എന്നീ മൊബൈല്‍ ആപ്ളിക്കേഷനുകള്‍ വഴിയുള്ള പരാതികളിലും കൃത്യമായ അന്വേഷണം നടത്തി കഴമ്പുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.

കലോത്സവങ്ങളില്‍ കോഴ ഇടപാടുകള്‍ നടക്കുന്നുണ്ടോ എന്ന് നേരിട്ടറിയുന്നതിനായി വിജിലന്‍സിന്‍െറ റിസര്‍ച് ആന്‍ഡ് ട്രെയിനിങ് വിങ്ങിന്‍െറയും എം. സെല്ലിന്‍െറയും സഹായത്തോടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.  വിജിലന്‍സ് നിരീക്ഷണം ശക്തമാക്കിയതോടെ കുറ്റമറ്റരീതിയില്‍ കലോത്സവനടത്തിപ്പ് പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് പൊതു വിദ്യാഭ്യാസവകുപ്പ് അധികൃതര്‍.

 

Tags:    
News Summary - school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.