മുദ്രകള്‍ വിടരാന്‍ കൈയെന്തിന്...?

മുദ്രകള്‍ വിടരാന്‍ ഒരു കൈയില്ളെങ്കിലും മനക്കരുത്ത് മതിയെന്ന് തെളിയിച്ച ആതിര ‘കബനി’യെ ഞെട്ടിച്ചു. വിധി തനിക്കു മുന്നില്‍ വരച്ച ലക്ഷ്മണരേഖയെ പുറംകാലുകൊണ്ട് തള്ളി നാടോടിനൃത്തത്തില്‍ ആതിര നിറഞ്ഞാടിയപ്പോള്‍ കണ്ണൂരിന്‍െറ കണ്ണുകള്‍ നിറഞ്ഞൊഴുകി. തിരുവനന്തപുരം അരുവിക്കര ഗവ. എച്ച്.എസ്.എസിലെ ഈ10ാം ക്ളാസ് വിദ്യാര്‍ഥിയുടെ ഇടതുകൈമുട്ടിന് താഴെ ശൂന്യതയാണ്. പക്ഷേ, ഈ ശൂന്യതയില്‍നിന്നാണ് ആതിര സുന്ദരമായ മുദ്രകള്‍ വിരിയിക്കുന്നത്. 

ആറു മാസം പ്രായമുള്ളപ്പോഴാണ് ആതിരക്ക് അച്ഛനെ നഷ്ടപ്പെടുന്നത്. തിരുവനന്തപുരം ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരനായിരുന്ന അച്ഛന്‍ മകളുടെ വൈകല്യവും അതുമൂലമുണ്ടാകുന്ന അപമാനവും ഭയന്ന് ജീവനൊടുക്കുകയായിരുന്നു. വിരഹത്തിന്‍െറ വേദനക്കിടയില്‍ എട്ടാം വയസ്സില്‍ മാതാവ് ലത ആതിരയെയും കൂട്ടി നൃത്താധ്യാപിക ബിന്ദു രാജേഷിന് മുന്നില്‍ എത്തി. ആദ്യമൊക്കെ ചുവടുവെക്കാന്‍ പ്രയാസം അനുഭവപ്പെട്ടിരുന്നു. മാസങ്ങള്‍ പിന്നിട്ടതോടെ ചുവടുകള്‍ക്ക് മറ്റു കുട്ടികളേക്കാള്‍ വേഗം വന്നു. ഇന്ന് മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം, നാടോടിനൃത്തം, വെസ്റ്റേണ്‍ ഡാന്‍സ് ഇവയൊക്കെ ആതിര പഠിക്കുന്നുണ്ട്. ക്ളാസിക് ഡാന്‍സുകളില്‍ മുദ്രക്ക് പ്രാധാന്യമുള്ളതിനാല്‍ പലപ്പോഴും ജില്ലാതലത്തില്‍ രണ്ടാം സ്ഥാനമാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് മുദ്രകള്‍ക്ക് പ്രാധാന്യം കുറഞ്ഞ നാടോടിനൃത്തത്തില്‍ അപ്പീലുമായി കണ്ണൂരത്തെിയത്. 

അച്ഛന്‍െറ ജോലി അമ്മക്ക് കിട്ടിയതിനാല്‍ ആരുടെയും മുന്നില്‍ കൈനീട്ടാതെ ജീവിക്കാന്‍ കഴിയുന്നുണ്ടെന്ന് ആതിര പറയുന്നു. പക്ഷേ, താന്‍ മൂലം  ജീവിതത്തിന് അടിവരയിടേണ്ടിവന്ന അച്ഛന്‍ ഇന്ന് തന്നോടൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് ഈ പെണ്‍കൊടി ആഗ്രഹിക്കുകയാണ്, അച്ഛന്‍െറ മോള്‍ മിടുക്കിയാണെന്ന് പറയാന്‍.

Tags:    
News Summary - school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.