‘ഞങ്ങക്ക് ഏട്യാപ്പാ സമയം...’

ഒപ്പന കഴിഞ്ഞിറങ്ങിയ മൊഞ്ചത്തിയെ കണ്ടപ്പോള്‍ നളിനിയേച്ചിക്ക് ഒരു സംശയം. ‘‘ഓളെ കയ്ത്തിലെ മാല ഒറിജിനലാന്നോപ്പാ? കാണാന്‍ നല്ല ചേല്. പറ്റിയാ ഇതുപോലത്തൊന്ന് മോളെ കല്യാണത്തിന് മാങ്ങണം’’.

നളിനിയുടെ ആഗ്രഹം കേട്ടതും അടുത്തിരുന്ന മാധവിയേടത്തി വിലക്കി ‘‘നീ ഒന്ന് പോയാണേ.. ഈ പുയിത്ത തുണി ഇട്ടോണ്ട് ആട പോണ്ടാ... പിള്ളര്‍ക്ക് നാറും. ബെല്യ ബീട്ടിലെ മക്കളാ’’. പക്ഷേ നളിനി വിട്ടില്ല. മത്സരം കഴിഞ്ഞ് പത്രക്കാരുടെ മുന്നില്‍പെട്ട ഒരു മണവാട്ടിയെ കൈകാട്ടി അടുത്തേക്ക് വിളിച്ചു ‘‘അല്ല മോളേ, അനക്കൊരു സംശയം. നീ കയ്ത്തിലും കാതിലും കെട്ടിയ സാനം ഒറിജിനലാ?’’. ‘‘അയ്യോ ആന്‍റീ, ഇതൊക്കെ ഡ്യൂപ്ളിക്കേറ്റല്ളേ. എല്ലാത്തിനും കൂടി 25,000 രൂപയായി’’ കൊല്ലം കാരിക്കോട് ടി.കെ.എം.എച്ച്.എസ്.എസിലെ ഷാഹിന പറഞ്ഞു. ഇതോടെ കണ്ണൂര്‍ ആറ്റടപ്പയിലെ സജിനയും ശ്രീജയും ഒപ്പം കൂടി. അല്‍പം മടിച്ചാണെങ്കിലും മാധവിയും പുറകേയത്തെി. കലോത്സവ നഗരി വൃത്തിയാക്കാന്‍ കോര്‍പറേഷന്‍െറ കീഴിലുള്ള താല്‍ക്കാലിക ജീവനക്കാരാണ് ഇവര്‍.

ഇവരെപ്പോലെ അമ്പതോളം കുടുംബശ്രീ പ്രവര്‍ത്തകരും നൂറോളം നഗരസഭ ജീവനക്കാരും ഹരിതസേനയും ചേര്‍ന്നാണ് 20 വേദികളും വെടിപ്പാക്കി സൂക്ഷിക്കുന്നത്.
‘നിങ്ങള് ഞങ്ങടെ ഒപ്പന കണ്ടില്ളേ?’ ഷാഹിന ചോദിച്ചു. ‘‘ഞങ്ങക്ക് ഏട്യാപ്പാ സമയം, പൊലച്ചെ അഞ്ചിന് ഈടത്തെണം. പിന്ന ഒരു മണിക്ക് പോയി ഊണും കയിഞ്ഞ് ഒരു ഒറക്കാ... പിന്നെ ഈ ടീവിയും പത്രൊക്കെ വായിച്ചിട്ടാന്ന് ഈടത്തെ പുകിലൊക്കെ അറിയ്ന്നെ. പണിയെട്ത്ത് പുയിത്ത ഈ തുണിയൊക്കെ ഇട്ട് ബന്നിരിക്കാന്‍ തന്നെ മാനക്കേടാ, സാറമ്മാരെ വഴക്കും കിട്ടും -മാധവി പറഞ്ഞു. ഷാഹിനക്ക് പിന്നാലെ കൂട്ടുകാരികളും എത്തിയതോടെ എല്ലാവര്‍ക്കും പെരുത്ത് സന്തോഷം. ‘‘സാറേ, ഞങ്ങട ഒരു ഫോട്ടം എടുക്ക്വോ, എന്നിട്ട് പത്രത്തി കൊട്ക്കണേ...’’ നളിനി പറഞ്ഞയുടന്‍ ഫ്ളാഷുകള്‍ തുരുതുരെ മിന്നി.

Tags:    
News Summary - oppana feature story school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.