അട്ടപ്പാടിയിലെ അമ്മമാർ ഒാണമൊരുക്കാറ​ുണ്ടോ...?

അട്ടപ്പാടിയിലെ ആദിവാസി അമ്മമാർക്ക്​ വാമനമനെ അറിയില്ലായിരുന്നു. മാവേലിയും ഏറെക്കൂറെ ഇത്രകാലം അപരിചിതനായിരുന്നു അവർക്ക്​. അതുകൊണ്ടാവും  പാതാളത്തിലേക്ക്​ വാമനൻ ചവിട്ടിത്താഴ്​ത്തിയ മഹാബലിയുടെ കഥ അട്ടപ്പാടിയിലെ അമ്മമാർ തങ്ങളുടെ മക്കൾക്ക്​ ഇത്രകാലം പറഞ്ഞുകൊടുത്തിരുന്നില്ല. 

സമീപകാലം വരെ അട്ടപ്പാടിയിലെ ആദിവാസികൾക്ക്​ ഒാണം വെറുമൊരു കേട്ടുകേഴ്​വിയായിരുന്നു. ഇപ്പോഴും അത് വലിയ തോതില്‍ മാറിയിട്ടൊന്നും ഇല്ല. പഴംതലമുറക്കാരായ ഇവിടുത്തെ  അമ്മമാർക്ക്​ ഒാണം എന്നാൽ എന്തൊന്നൊരു പിടികിട്ടിയത്​ കഴിഞ്ഞ ഒാണക്കാലത്തായിരുന്നു എന്നു പറയാം. കഴിഞ്ഞ വർഷമാണ്​ അവര​ു​െട കുന്നുകൾ കയറി മാവേലി വന്നത്​. 
പട്ടികവര്‍ഗ ക്ഷേമ മന്ത്രി എ.കെ. ബാലനും കുടുംബവും ആദിവാസി കുടുംബങ്ങള്‍ക്ക് ഒപ്പം ഓണം ഉണ്ണാന്‍ മണ്ണാര്‍ക്കാട് ചുരം കയറി അഗളിയില്‍ എത്തിയപ്പോള്‍...പൂക്കളം...വിഭവ സമൃദ്ധമായ സദ്യ...ആര്‍പ്പുവിളിയും ആരവങ്ങളും....

കഴിഞ്ഞ ഓണത്തിന് സര്‍ക്കാര്‍ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഓണസദ്യ ഒരുക്കാനുള്ള വിഭവങ്ങളുടെ കിറ്റ് കൊടുത്തപ്പോള്‍ അത് അട്ടപ്പാടിയിലും എത്തി. കാട്ടില്‍ ജീവിക്കുന്ന പ്രാക്തന കുടുംബങ്ങളിലെ മുതിര്‍ന്നവര്‍ക്ക് ഓണക്കോടികളും സര്‍ക്കാര്‍ വക ഉണ്ടായിരുന്നു. സ്ത്രീകള്‍ക്ക് കേരള സാരിയും ബ്ലൗസും പുരുഷന്മാര്‍ക്ക് തനത് കേരള രീതിയിലുള്ള മുണ്ടും ഷര്‍ട്ടും.

‘ഓണം ഒരിക്കലും ഞങ്ങളുടെ വ്യക്തി ജീവിതത്തിന്‍റെയോ സാമൂഹിക ജീവിതത്തിന്‍റെയോ ഭാഗം ആയിരുന്നില്ല’  അന്‍പത്തിയേഴ് വയസ്സുള്ള തായ്കുല സംഘം നേതാവ് മരുതി  മാരി പറഞ്ഞു. സ്കൂളില്‍ പോകുന്ന കുട്ടികള്‍ പാഠപുസ്തകം വായിക്കുന്നത് കേട്ട അറിവേ പലര്‍ക്കും ഓണത്തെക്കുറിച്ച് ഉള്ളു. മഹാബലിയെന്ന അസുര ചക്രവര്‍ത്തിയും അദ്ദേഹത്തെ പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്തിയ വമനാവതാരവും അട്ടപ്പാടിയുടെ പൈതൃകമായി കൈമാറപ്പെട്ട കഥകളില്‍ ഉണ്ടായിരുന്നില്ല.
 
‘താവളം, മുക്കാലി ഭാഗങ്ങളില്‍ ഉള്ള ആദിവാസികള്‍ക്ക് ഓണം താരതമ്യേന പരിചിതമാണ്. അവിടങ്ങളില്‍ അവര്‍ ജീവിക്കുന്നത് കുടിയേറ്റക്കാരായ വലിയ ഒരു സമൂഹത്തിനു മധ്യത്തില്‍ ആണ്. എന്നാല്‍ കോട്ടത്തറ, പുതൂര്‍, ഷോളയൂര്‍ തുടങ്ങി തമിഴ്നാട് അതിര്‍ത്തിയില്‍ ഉള്ള പ്രദേശങ്ങളില്‍ ഓണം തീര്‍ത്തും പരിചയമില്ല. ഇരുളരും കുറുംബരും പൊതുവില്‍ ആഘോഷിക്കുക തമിഴ് നാട്ടിലെ ദീപാവലി, മാട്ടുപൊങ്കല്‍, ആടി തുടങ്ങിയവയാണ്. ശിവരാത്രി അട്ടപ്പാടിയിലെ ആദിവാസികളുടെ വലിയൊരു ആഘോഷ അവസരമാണ്’. ആദിവാസി സാമൂഹിക പ്രവര്‍ത്തകനും ഗായകനും കലാകാരനുമായ പഴനിസാമി ഒാർമപ്പെടുത്തി.

‘ഇക്കൊല്ലവും സര്‍ക്കാര്‍ ഓണസദ്യക്കുള്ള കിറ്റ് തരുമെന്നാണ് അറിവ്. ഞങ്ങള്‍ക്ക് അങ്ങനെ സദ്യവെച്ചുള്ള പരിചയം ഒന്നുമില്ല. ചോറും എന്തെങ്കിലും ഒരു കറിയും ഉണ്ടാക്കും തിരുവോണ ദിവസം. വീട്ടില്‍ തന്നെ പലര്‍ക്കും താൽപര്യം ചോളവും മുത്താറിയും മറ്റ്​ ധാന്യങ്ങളും കൊണ്ടുള്ള വിഭവങ്ങള്‍ ആണ്. ചോറും കറിയും ഒക്കെ അടുത്തകാലത്ത് വന്നതല്ലേ...’ മാറിമറിഞ്ഞ ഭക്ഷണശീലത്തി​​​​െൻറ പൊറുതികേടുണ്ടായിരുന്നു ചാവടിയൂരിലെ പ്രായമായ ഒരു ആദിവാസി അമ്മയുടെ വാക്കുകളിൽ.

സര്‍ക്കാര്‍ കൊടുക്കുന്ന ഓണ കിറ്റില്‍ മിക്കതിലും മട്ട അരി ആയിരിക്കും. എന്നാല്‍ ആദിവാസികള്‍ക്ക് താൽര്യം പൊന്നി പോലുള്ള തമിഴ് നാട്ടില്‍ ഉപയോഗിക്കുന്ന അരികളാണ്. അട്ടപ്പാടിയില്‍ പൊതുവില്‍ പൂക്കളങ്ങളും അധികം കാണാറില്ല....
‘ചിലയിടങ്ങളില്‍ ക്ലബ്ബുകാർ പൂക്കളം ഇടുമ്പോള്‍ ആദിവാസി യുവാക്കളും അതിൽ ചേരാറുണ്ട്​. അല്ലാതെ ആദിവാസി വീടുകളില്‍ പൂക്കളം ഇടാറില്ല...ഓണദിവസവും കൂലിപ്പണിക്ക് പോയില്ലെങ്കില്‍ പല കുടിലുകളിലും അടുപ്പ് പുകയില്ല’ ആദിവാസി നേതാവായ കെ.എ. രാമുവി​​​​െൻറ വാക്കുകൾ.

വനം വകുപ്പ്​ മുന്‍കൈ എടുത്ത് മുക്കാലിയില്‍ വെള്ളിയാഴ്ച ആദിവാസി ഉൽപന്നങ്ങൾ ​െവച്ച് ഒരു ഓണചന്ത നടത്തിയിരുന്നു.  പ്രദര്‍ശനത്തിന് വച്ച സാധനങ്ങൾ എല്ലാം വിറ്റു പോയി. അട്ടപ്പാടിയിലെ ആദിവാസികളെ സംബന്ധിച്ചിടത്തോളം ഓണം പൊതുവില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ഒരാഘോഷമാണ്. 
അവരുടെ ജീവിതവുമായും അതിജീവനവുമായി അതിനു വലിയ ബന്ധമൊന്നുമില്ല.  ഓണക്കോടിക്കും ഓണ കിറ്റിനും അപ്പുറം അവര്‍ പ്രതീക്ഷിക്കുന്നത് നഷ്​ടപ്പെട്ട കൃഷി ഭൂമിയും അതില്‍ തങ്ങളുടെ ഇഷ്ട ഭക്ഷ്യ വിഭവങ്ങള്‍ കൃഷി ചെയ്തു ജീവിക്കാനും ഉള്ള നടപടികള്‍ ആണ്. ശുദ്ധജലം ആണ് വലിയൊരു അതിജീവന പ്രശ്നം. കിഴക്കന്‍ അട്ടപ്പാടി മഴയില്ലാതെ വരണ്ടു കിടക്കുന്നു. ജീവനോപാധികളുടെ പുനസ്ഥാപനം ഈ ജനതയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണ്ണായകമാണ്. കമ്യൂണിറ്റി കിച്ചന്‍ വഴി ഒരു നേരത്തെ പോഷകാഹാരം സൗജന്യമായി നല്‍കി പോഷകാഹാര കുറവ് കാരണം ഉള്ള മരണങ്ങളെ താൽക്കാലികമായി  പിടിച്ചു നിര്‍ത്തുന്ന ഒരു സാമൂഹിക ചുറ്റുപാടില്‍ ഓണം എന്ന ചിന്ത തന്നെ വലിയൊരു ആഡംബരം ആണവർക്ക്​. തലമുറകളായി അടിമത്വം അനുഭവിച്ചു പോരുന്ന ഒരു ജനതയുടെ വിദൂര സ്വപ്നങ്ങളില്‍ പോലും ഓണത്തിന്റെ സമത്വ സങ്കൽപം കടന്നു വരുന്നുമില്ല.
തൂശനിലയിൽ തിന്നുതീരാത്തത്രയും വിഭവങ്ങൾ നിരത്തി സമൃദ്ധമായി ഉണ്ട്​  നമ്മൾ ഏമ്പക്കമിട്ട്​ കുമ്പ തടവുന്ന തിരുവോണ നാളിലും അട്ടപ്പാടിയിലെ അമ്മമാർ അടുപ്പ്​  പുകയ്​ക്കാൻ വേല തേടി ഇറങ്ങിക്കൊണ്ടേയിരിക്കുന്നു. 


 

Tags:    
News Summary - attapadi tribals celebrating onam-onam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.