മാവോവാദി: ഭീഷണിക്കെതിരെ ജാഗ്രത പാലിക്കണം –സി.പി.എം

കല്‍പറ്റ: ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് സ്വാധീനമുറപ്പിക്കാനുള്ള മാവോവാദികളുടെ നീക്കത്തിനെതിരെ ആദിവാസി ജനവിഭാഗങ്ങളും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് സി.പി.എം വയനാട് ജില്ലാകമ്മറ്റി. മാവോവാദി ഭീകരപ്രസ്ഥാനം, ഇടതുപക്ഷ ബഹുജന പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്നും ജില്ലാ ഭാരവാഹികള്‍ ആരോപിച്ചു. ബഹുജന പ്രവര്‍ത്തനത്തെ നിഷേധിച്ചുള്ള ആയുധ പ്രയോഗങ്ങളിലൂടെ ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. ഇടതുപക്ഷ പ്രസ്ഥാനത്തെ ശിഥിലമാക്കാനും അടിച്ചമര്‍ത്താനും ഭരണകൂടങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന നടപടിയാണ് മാവോവാദികളുടേത്. സി.പി.എം വയനാട് ജില്ലാസെക്രട്ടറിയും ആദിവാസി ഭൂസമര സഹായസമിതി കണ്‍വീനറുമായ സി. കെ. ശശീന്ദ്രനെതിരെയുള്ള മാവോവാദി വധഭീഷണി ആദിവാസികളോടുള്ള പ്രതിബദ്ധതയല്ല മാവോവാദിനീക്കത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്നു. പശ്ചിമബംഗാളിലെ ആദിവാസിമേഖലകളില്‍ മാവോവാദികളെ മുന്നില്‍നിര്‍ത്തി പാര്‍ട്ടിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയാണ് സി.പി.എമ്മിനെ ദുര്‍ബലപ്പെടുത്താന്‍ പദ്ധതി ആവിഷ്ക്കരിച്ചത്. സാമ്രാജ്യത്വ-വന്‍കിട മൂലധന ശക്തികളാണ് അതിനുപിന്നില്‍. ജനങ്ങളില്‍ ഭീതിപടര്‍ത്തിയും ഭീഷണിപ്പെടുത്തിയും സ്വാധീനമുറപ്പിക്കാനുള്ള തീവ്രവാദ പ്രവര്‍ത്തന ശൈലിയെ മറികടക്കാന്‍ ബഹുജനങ്ങളെ അണിനിരത്തുകയും ശക്തമായ പ്രചാരണം നടത്തുകയും വേണം. ആദിവാസികളുടേയും ദരിദ്ര കര്‍ഷക-കര്‍ഷകതൊഴിലാളി വിഭാഗങ്ങളുടേയും പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപടികള്‍ സ്വീകരിക്കണം. ഭീകരവാദികളെന്ന പേരില്‍ നിരപരാധികളെ പീഡിപ്പിക്കാനും മനുഷ്യാവകാശലംഘനം നടത്താനും പൊലീസ് തയാറാവരുത്. ആഭ്യന്തര മന്ത്രി കോളനിയില്‍ വന്നു താമസിച്ചതുകൊണ്ടു തീരുന്നതല്ല ആദിവാസികളുടെ പ്രശ്നങ്ങളെന്നും ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. ആദിവാസി ഭൂപ്രശ്നം പരിഹരിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. യു.ഡി.എഫ് ഭരണത്തിന്‍െറ തണലില്‍ ബ്ളേഡ്-റിസോര്‍ട്ട് മാഫിയകള്‍ വയനാട്ടില്‍ തഴച്ചുവളരുകയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ്, എം. വേലായുധന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.