ന്യൂഡൽഹി: ജമ്മു-കശ്മീരിൽ ബി.ജെ.പിയുമായി ചേ൪ന്ന് സ൪ക്കാറുണ്ടാക്കുന്നതിനെക്കുറിച്ച് പി.ഡി.പി പാ൪ട്ടി എം.എൽ.എമാ൪ക്കിടയിൽ ഹിതപരിശോധന നടത്തുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച 28 പി.ഡി.പി എം.എൽ.എമാരുമായും പാ൪ട്ടിയുടെ രക്ഷാധികാരി മുഫ്തി മുഹമ്മദ് സഈദ് ച൪ച്ചനടത്തി. ബി.ജെ.പി സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനു മുമ്പ് എം.എൽ.എമാരുടെ മനമറിയാൻ ഒരോരുത്തരുമായും വെവ്വേറെയായിരുന്നു ച൪ച്ച.
എം.എൽ.എമാരിൽ ചില൪ വിയോജിപ്പ് അറിയിക്കുകയും ബി.ജെ.പിയുമായി കൂട്ടുകൂടുന്നത് തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതായാണ് വിവരം. ഇതേതുട൪ന്ന് തീരുമാനം തൽക്കാലം നീട്ടിവെച്ച മുഫ്തി മുഹമ്മദ് സഈദ് എം.എൽ.എമാരോട് ബി.ജെ.പി സഖ്യം സംബന്ധിച്ച് തങ്ങളുടെ മണ്ഡലങ്ങളിൽ പാ൪ട്ടി പ്രവ൪ത്തകരോടും അനുഭാവികളോടും സംസാരിച്ച് പ്രതികരണം അറിയിക്കാൻ ആവശ്യപ്പെട്ടു.
ഏറ്റവും വലിയ കക്ഷിയായ പി.ഡി.പിയെയും രണ്ടാമത്തെ കക്ഷിയായ 25 എം.എൽ.എമാരുള്ള ബി.ജെ.പിയെയും ഗവ൪ണ൪ എൻ.എൻ. വോറ സ൪ക്കാ൪ രൂപവത്കരണ ച൪ച്ചകൾക്ക് ക്ഷണിച്ചിട്ടുണ്ട്. പുതുവത്സര ദിനത്തിലാണ് ഇരുപാ൪ട്ടികൾക്കും ഗവ൪ണ൪ കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചിരിക്കുന്നത്. അതിനുമുമ്പ് മണ്ഡലങ്ങളിൽനിന്നുള്ള പ്രതികരണം അറിയിക്കാനാണ് മുഫ്തി തൻെറ എം.എൽ.എമാ൪ക്ക് നൽകിയിരിക്കുന്ന നി൪ദേശം.
പി.ഡി.പി നേതാക്കൾ ഗവ൪ ണറെ കാണുമ്പോൾ പി.ഡി.പി മുന്നോട്ടുവെക്കുന്ന നിലപാട് എം.എൽ.എമാരിൽനിന്ന് ലഭിക്കുന്ന പ്രതികരണത്തിൻെറ കൂടി അടിസ്ഥാനത്തിലായിരിക്കും. മുഫ്തി മുഹമ്മദ് സഈദ് മുഖ്യമന്ത്രിയും ബി.ജെ.പിക്ക് ഉപമുഖ്യമന്ത്രി പദവും ചേ൪ന്നുള്ള മന്ത്രിസഭ ഉണ്ടാക്കാൻ ഏറക്കുറെ ധാരണയായെന്ന് റിപ്പോ൪ട്ടുണ്ട്. പി.ഡി.പി കേന്ദ്രങ്ങൾ പുറത്തുവിടുന്ന ഇത്തരം വിവരങ്ങൾ ബി.ജെ.പി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് നിലനി൪ത്തണമെന്നും സൈന്യത്തിന് പ്രത്യേകാധികാരം നൽകുന്ന അഫ്സ്പ നിയമം റദ്ദാക്കണമെന്നുമുള്ള നിബന്ധന പി.ഡി.പി ബി.ജെ.പിക്ക് മുന്നിൽ വെച്ചിട്ടുണ്ട്.
ബി.ജെ.പിയുടെ പ്രധാന അജണ്ടക്ക് വിരുദ്ധമായ രണ്ടും അംഗീകരിക്കാൻ ബി.ജെ.പി തയാറുമല്ല. നിബന്ധനകളിൽ ഉറച്ചുനിൽക്കുന്നുവെന്ന് പി.ഡി.പിയും പറയുമ്പോൾ സഖ്യച൪ച്ചകളിൽ ഇരുപാ൪ട്ടികളും എത്രത്തോളം മുന്നോട്ടുപോയി എന്നത് വ്യക്തമല്ല. സഖ്യത്തിന് ഇരുപാ൪ട്ടികൾക്കും ആഗ്രഹമുണ്ടെന്നും അതിനായി പിൻവാതിൽ ച൪ച്ചകൾ തുടരുന്നുവെന്നും മാത്രമാണ് സ്ഥിരീകരിക്കാവുന്ന വിവരം. 15 എം.എൽ.എമാരുള്ള നാഷനൽ കോൺഫറൻസും 12 എം.എൽ.എമാരുള്ള കോൺഗ്രസും സി.പി.എമ്മിൻെറ ഒരംഗവും പി.ഡി.പി മുന്നണിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
മഹാസഖ്യത്തിനായി കോൺഗ്രസ് പി.ഡി.പിയിൽ സമ്മ൪ദം ചെലുത്തുകയും ചെയ്യുന്നു. എല്ലാ സാധ്യതകളും പരിഗണിക്കുന്നുവെന്ന് പി.ഡി.പി നേതൃത്വം പറയുമ്പോഴും പി.ഡി.പിക്ക് താൽപര്യം ബി.ജെ.പി സഖ്യത്തോടാണ് എന്നാണ് അവരുടെ നീക്കങ്ങളും വാക്കുകളും നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.