വല്ലാര്‍പാടം പാതയിലെ പഴയ ആനവാതില്‍ കവലയില്‍ അപകടം പെരുകുന്നു

കളമശ്ശേരി: ഗതാഗത നിയന്ത്രണത്തിന് സ്ഥിരംസംവിധാനമില്ലാത്ത വല്ലാര്‍പാടം പാതയിലെ പഴയ ആനവാതില്‍ കവല വീണ്ടും അപകട ഭീഷണിയില്‍. സിഗ്നല്‍ സംവിധാനം യാഥാര്‍ഥ്യമാകാത്ത ആനവാതില്‍ കവലയില്‍ ഗതാഗത നിയന്ത്രണത്തിന് പൊലീസ് നല്‍കിയ ഉറപ്പ് പാലിക്കാത്തതാണ് ഏതു സമയത്തും അപകടം സംഭവിച്ചേക്കാവുന്ന അവസ്ഥ വന്നിരിക്കുന്നതിനു കാരണം. നിരന്തരം അപകടം പതിവായ സ്ഥലത്ത് രണ്ടുമാസം മുമ്പ് കവലയില്‍നിന്നും പാതാളം റോഡിലേക്ക് പ്രവേശിക്കാന്‍ ബൈക്കിലത്തെിയ യുവാവിനെ അലക്ഷ്യമായി വന്ന ടാങ്കര്‍ ലോറി ഇടിച്ചു വീഴ്ത്തി മരണപ്പെട്ടിരുന്നു. അതേതുടര്‍ന്ന് നാട്ടുകാര്‍ വല്ലാര്‍പാടം നാലുവരിപ്പാത മണിക്കൂറുകളോളം സ്തംഭിപ്പിക്കുകയും റോഡില്‍ കുത്തിയിരിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തത്തെിയ ജില്ലയിലെ ട്രാഫിക് ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ സിഗ്നല്‍ സംവിധാനം നിലവില്‍ വരുന്നവരെ സ്ഥലത്ത് രാവിലെയും വൈകുന്നേരവുമായി ഗതാഗത നിയന്ത്രണത്തിന് രണ്ട് പൊലീസുകാരെ ഡ്യൂട്ടിക്കിടാമെന്നും പ്രദേശത്തെ അനധികൃത പാര്‍ക്കിങ്ങുകള്‍ നിയന്ത്രിക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ആദ്യ ആഴ്ചകളില്‍ പൊലീസ് നിരീക്ഷണവും ഗതാഗത നിയന്ത്രണവും ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ പഴയ നിലയില്‍ വാഹനങ്ങള്‍ തോന്നിയ നിലക്ക് കവലയിലൂടെ ഓടുകയാണ്. രാവിലെ ഒരു ട്രാഫിക് വാര്‍ഡനെ സ്ഥലത്ത് ഡ്യൂട്ടിക്കിട്ടിട്ടുണ്ടെങ്കിലും വാര്‍ഡന്‍ തണല്‍ മരച്ചോട്ടിലും പെട്ടിക്കടയിലും ഇരുന്ന് നേരം നീക്കുന്ന കാഴ്ചയാണ് കാണുന്നത്. നാലും കൂടിയ കവലയിലൂടെ നിരവധി കാല്‍നടക്കാരും നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങളുമാണ് കടന്നുപോകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.