വിശാല കൊച്ചിയില്‍ യാത്രക്ക് പൊതുസംവിധാനം

കൊച്ചി: വിശാല കൊച്ചി മേഖലയില്‍ ഭാവിയില്‍ മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള ഗതാഗത സംവിധാനങ്ങളില്‍ പൊതുവായ കാര്‍ഡ് ഉപയോഗിച്ച് യാത്രചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനും നാഷനല്‍ പേമെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍.പി.സി.ഐ) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. നാഷനല്‍ പേമെന്‍റ് കോര്‍പറേഷന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ എ.പി. ഹോത്തയും കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ എം.ഡി ഏലിയാസ് ജോര്‍ജും ആണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. മെട്രോക്ക് പുറമെ അനുബന്ധ യാത്രാസംവിധാനങ്ങള്‍ക്കുകൂടി ഉപയോഗിക്കാവുന്ന പൊതുവായ ടിക്കറ്റിങ് സംവിധാനത്തിലേക്ക് കടക്കാന്‍ രാജ്യത്തെ ഒരു മെട്രോ റെയില്‍ കോര്‍പറേഷന്‍ നടപടിയെടുക്കുന്നത് ഇതാദ്യമായാണെന്ന് ഏലിയാസ് ജോര്‍ജ് പറഞ്ഞു. എന്‍.പി.സി.ഐയുടെ റുപേ കാര്‍ഡുകളും പേമെന്‍റ് ടെര്‍മിനലുകളുമാണ് പദ്ധതിയില്‍ ഉപയോഗിക്കുക. യാത്രാ പേമെന്‍റിന് പുറമെ മറ്റ് വാണിജ്യാവശ്യങ്ങള്‍ക്കും കാര്‍ഡ് ഉപയോഗപ്പെടുത്താനാകും. മെട്രോ റെയിലിനുവേണ്ടി കെ.എം.ആര്‍.എല്‍ ടിക്കറ്റിങ് ആന്‍ഡ് ഓട്ടോമാറ്റിക് ഫെയര്‍ കലക്ഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തുന്നുണ്ട്. മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള ഗതാഗത സംവിധാനങ്ങളില്‍ ഒറ്റ ഫെയറില്‍ യാത്ര ചെയ്യുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്. എന്‍.പി.സി.ഐയുമായി ചേര്‍ന്ന് ഇന്ത്യയാകെ ഉപയോഗിക്കാന്‍ കഴിയുന്ന പൊതുവായ ഒരു മൊബിലിറ്റി കാര്‍ഡ് യൂനിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ(ഉംട) കീഴില്‍ വിശാല കൊച്ചിയില്‍ ആരംഭിക്കാന്‍ പദ്ധതിരേഖ തയാറാക്കുമെന്ന് ഏലിയാസ് ജോര്‍ജ് അറിയിച്ചു. പദ്ധതിയുടെ വിശദാംശങ്ങള്‍ തയാറാക്കുന്നതിന്‍െറ ഭാഗമായി കെ.എം.ആര്‍.എല്ലും എന്‍.പി.സി.ഐയും പൊതുഗതാഗത മേഖലയിലെ വിവിധ സംഘടനകളുമായും സംസ്ഥാന സര്‍ക്കാറുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ചര്‍ച്ച നടത്തും. സെന്‍ട്രല്‍ ക്ളിയറിങ് ഹൗസ് സിസ്റ്റത്തിന്‍െറ (സി.സി.എച്ച്.എസ്) നിബന്ധനകള്‍ പാലിച്ചാകും കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.