കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ വാര്‍ഡുകളുടെ നിലവും ചുമരും മിനുക്കുമ്പോള്‍ ഉത്തരം അടര്‍ന്നുവീഴുന്നു. ആശുപത്രിയില്‍ പലയിടങ്ങളിലായി സീലിങ് അടര്‍ന്നുവീണ് രോഗികള്‍ക്ക് പരിക്കേല്‍ക്കുന്നത് വാര്‍ത്തയല്ലാതായിരിക്കുകയാണ്. പോളിഷ് ചെയ്ത് തിളങ്ങുന്ന ഷൂ അണിഞ്ഞ് നടക്കുന്നയാള്‍ ഷര്‍ട്ടിടാന്‍ മറന്നുപോയ അവസ്ഥയാണ് മെഡിക്കല്‍ കോളജിന്‍േറത്. നിലത്തു പണ്ട് പതിച്ച മൊസൈക്കിന് മുകളില്‍ ടൈല്‍സ് പതിപ്പിക്കുന്ന ജോലി തകൃതിയില്‍ നടക്കുന്നുണ്ട്. ചുമരില്‍നിന്ന് മൊസൈക്ക് അടര്‍ത്തിമാറ്റി പകരം ടൈല്‍ വിരിക്കുന്നു. എന്നാല്‍, ഈ പണി പുരോഗമിക്കുമ്പോള്‍തന്നെ ആശുപത്രിയുടെ ഉത്തരം പൊളിഞ്ഞു വീഴുകയും ചെയ്യുന്നു. കഴിഞ്ഞദിവസം മൂന്നാം വാര്‍ഡിന്‍െറ ഉത്തരം നിലംപൊത്തി. ടൈലിട്ടു ഭംഗിയാക്കിയ 16ാം വാര്‍ഡിന്‍െറ സീലിങ് ഇന്നോ നാളെയോ വീഴുമെന്ന സ്ഥിതിയാണ്. പേ വാര്‍ഡിനു സമീപം പലയിടങ്ങളിലും സീലിങ് അടര്‍ന്ന് കമ്പി പുറത്തുകാണുന്നുണ്ട്. കാന്‍സര്‍ വാര്‍ഡിലേക്കുള്ള വഴിപോലും ആളുകളെ ഭയപ്പെടുത്തുംവിധം പൊളിയാറായിക്കിടക്കുന്നു. കഴിഞ്ഞദിവസം മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ പ്രസവാനന്തര വാര്‍ഡിലും സീലിങ് പൊളിഞ്ഞ് യുവതിക്ക് പരിക്കേറ്റിരുന്നു. കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ജനങ്ങളുടെ ശ്രദ്ധയില്‍പെടുന്നിടം മാത്രം ഭംഗിയാക്കുകയും മറ്റിടങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയുമാണ് അധികൃതര്‍. ഓരോ വാര്‍ഡും നന്നാക്കുമ്പോള്‍ അവിടെയുള്ള രോഗികളെ മുഴുവന്‍ വരാന്തയിലേക്ക് മാറ്റും. സ്ഥലമില്ലാതെ വരാന്തയില്‍ തിങ്ങിക്കൂടി ഡിസ്ചാര്‍ജാകും വരെ കഴിയേണ്ട ഗതികേടിലാണ് രോഗികള്‍. മാത്രമല്ല, വാര്‍ഡ് നന്നാക്കുന്നതിന്‍െറ മണ്ണും പൊടിയും ശ്വസിക്കേണ്ടതായും വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.