കവര്‍ച്ച: സഹോദരന്മാരടക്കം മൂന്നുപേര്‍ അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: വീട്ടമ്മയെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തിയും വീട് കുത്തിത്തുറന്നും സ്വര്‍ണാഭരണങ്ങളടക്കം കവര്‍ച്ച നടത്തിയ സംഭവങ്ങളില്‍ മൂന്ന് യുവാക്കളെ സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പിലാക്കാവ് സ്വദേശികളായ പൂക്കുന്നേല്‍ റഫീഖ് (31), സഹോദരന്‍ അസൈനാര്‍ (25), ചെമ്പാടന്‍ ഹാരിസ് (23) എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ 11ന് പട്ടാപ്പകല്‍ പഴുപ്പത്തൂരില്‍ പരേതനായ തേക്കുംകണ്ടി കുമാരന്‍ നായരുടെ ഭാര്യ രോഹിണിയമ്മയുടെ (75) കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഒന്നരപ്പവന്‍െറ സ്വര്‍ണമാല കവര്‍ന്ന സംഭവത്തിലാണ് അറസ്റ്റ്. പ്രതികളുടെ രേഖാചിത്രം പൊലീസ് തയാറാക്കിയിരുന്നു. റഫീഖിന്‍െറയും അസൈനാരുടെയും കുടുംബം ഇടക്കാലത്ത് പഴുപ്പത്തൂര്‍ ടി.പി കുന്നില്‍ താമസിച്ചിരുന്നു. രേഖാചിത്രത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ മേല്‍ പൊലീസിന് സംശയമുയര്‍ന്നത്. ഇവരെ കണ്ടത്തെി ചോദ്യം ചെയ്തതോടെ അടുത്ത കാലത്തു നടന്ന രണ്ട് കവര്‍ച്ചാ സംഭവങ്ങളും തെളിഞ്ഞു. മൊഴിയനുസരിച്ച് കൂട്ടുപ്രതിയായ ചെമ്പാടന്‍ ഹാരിസും പിടിയിലാവുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് കാട്ടിക്കുളം-തോല്‍പെട്ടി റൂട്ടില്‍ തോല്‍പെട്ടിക്ക് സമീപം തൊഴിലുറപ്പ് ജോലിക്കത്തെിയ സരോജിനിയെ (58) വാടകക്കാറില്‍ വന്ന സംഘം നടുറോഡില്‍ വെച്ച് ആക്രമിച്ച് ഒന്നരപ്പവന്‍ വരുന്ന സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തിന് പിന്നിലും ഇവര്‍ മൂന്നുപേരാണെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബര്‍ 10ന് പഴുപ്പത്തൂര്‍ ടി.പി കുന്നില്‍ തച്ചറമ്പന്‍ സലീമിന്‍െറ വീടിന്‍െറ വാതില്‍ തകര്‍ത്ത് സ്വര്‍ണാഭരണങ്ങളും 4000 രൂപയും ടാബും ഇവര്‍ കവര്‍ന്നിരുന്നു. സലീമും കുടുംബവും മതപ്രഭാഷണം കേള്‍ക്കാന്‍ വീടുപൂട്ടി പോയപ്പോഴാണ് കവര്‍ച്ച. വാടകക്കെടുക്കുന്ന വാഹനങ്ങളില്‍ സഞ്ചരിച്ച് കവര്‍ച്ച നടത്തുകയാണ് സംഘത്തിന്‍െറ രീതിയെന്ന് പൊലീസ് പറഞ്ഞു. ബത്തേരി പൊലീസ് ഇന്‍സ്പെക്ടര്‍ വി.വി. ലതീഷിന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക സ്ക്വാഡാണ് പ്രതികളെ പിടിച്ചത്. എസ്.ഐ ടി.എ. അഗസ്റ്റിന്‍, എ.എസ്.ഐ ഷാജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം. അബ്ദുസലാം, വി. ഹരീഷ്കുമാര്‍, പ്രകാശന്‍ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.