യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം

കൊല്ലം: സ്ത്രീധനത്തിന്‍െറ പേരില്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തവും 25,000 രൂപ പിഴയും. വെട്ടിക്കവല സദാനന്ദപുരം ചരുവിള പുത്തന്‍ വീട്ടില്‍ ശാരദ (32) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് വെളിച്ചിക്കാല ചേരിയില്‍ കുണ്ടമണ്‍ തുണ്ടില്‍ പുത്തന്‍വീട്ടില്‍ രവീന്ദ്രനെയാണ്(48) കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി (VI) ജഡ്ജി കെ.എസ്. ശരത്ചന്ദ്രന്‍ ശിക്ഷിച്ചത്. പിഴസംഖ്യ ശാരദയുടെ സഹോദരി ഓമനക്ക് നല്‍കണം. പിഴ അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പ്രതി ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. കേസിലെ രണ്ടും മൂന്നും പ്രതികളും രവീന്ദ്രന്‍െറ സഹോദരിമാരുമായ ദേവകി, ചെല്ലമ്മ എന്നിവരെ കുറ്റക്കാരല്ളെന്ന് കണ്ട് കഴിഞ്ഞദിവസം കോടതി വെറുതെ വിട്ടിരുന്നു. ശാരദക്ക് വിവാഹസമയത്ത് നല്‍കിയ 25 പവന്‍ സ്വര്‍ണവും മൂന്ന് സെന്‍റ് വസ്തുവും 50,000 രൂപയും പോരെന്നും ശാരദയുടെ അമ്മയുടെ സ്ഥലം കൂടി വിറ്റ് ആ തുകയും വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇതിന്‍െറ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നു. 2003 ജൂലൈ 27ന് രവീന്ദ്രന്‍ റാന്തല്‍ വിളക്കില്‍ നിന്ന് മണ്ണെണ്ണ ശാരദയുടെ ശരീരത്തിലും വസ്ത്രങ്ങളിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവര്‍ ആഗസ്റ്റ് എട്ടിന് കൊല്ലം ജില്ലാ ആശുപത്രിയിലാണ് മരിച്ചത്.14 സാക്ഷികളെ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് വിസ്തരിച്ചു. 17 രേഖകളും ഏഴ് തൊണ്ടിസാധനങ്ങളും തെളിവിലേക്ക് സ്വീകരിച്ചു. ശാരദ ചാത്തന്നൂര്‍ സബ് ഇന്‍സ്പെക്ടര്‍ക്കും പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിനും നല്‍കിയ മരണമൊഴിയാണ് കേസില്‍ നിര്‍ണായകമായത്. പരവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റായിരുന്ന ബി.എസ്. ബിന്ദുകുമാരി, ഇന്‍ക്വസ്റ്റ് തയാറാക്കിയ കെ. ചന്ദ്രമോഹന്‍ എന്നിവരെ സാക്ഷികളായി വിസ്തരിച്ചിരുന്നു. കേസില്‍ ആദ്യം അന്വേഷണം നടത്തിയത് ചാത്തന്നൂര്‍ സബ് ഇന്‍സ്പെക്ടറായിരുന്ന എന്‍.എ. ബൈജുവും കുറ്റപത്രം നല്‍കിയത് കൊല്ലം ഡിവൈ.എസ്.പിയായിരുന്ന എം.എന്‍. ജയപ്രകാശുമാണ്.പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ ഗവ. പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ അഡ്വ. കൊട്ടിയം.എന്‍. അജിത് കുമാര്‍, അഡ്വ. ചാത്തന്നൂര്‍ എന്‍. ജയചന്ദ്രന്‍, അഡ്വ. പി. ശരണ്യ എന്നിവര്‍ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.