അന്യമായ നാട്ടറിവ് പകര്‍ന്ന് വൈദ്യസംഗമം

തിരുവനന്തപുരം: ‘നാട്ടുവൈദ്യം മാനവരക്ഷക്ക്’ എന്ന മുദ്രാവാക്യവുമായി തൈക്കാട് ഗാന്ധിഭവനില്‍ നാട്ടുവൈദ്യസംഗമം സംഘടിപ്പിച്ചു. 30ലധികം ചീരകളുടെയും ഇലക്കറികളുടെയും പോഷകഗുണങ്ങളും പാചകരീതിയും സംഗമം കാഴ്ചക്കാര്‍ക്ക് പകര്‍ന്നുനല്‍കി. ശാന്തിഗ്രാം, സമഗ്ര ഹെല്‍ത്ത് ഹോളിസ്റ്റിക് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവ ചേര്‍ന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ഒൗഷധസസ്യ ബോര്‍ഡ്, പരമ്പരാഗത നാട്ടുവൈദ്യ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നാട്ടുവൈദ്യവും നാട്ടുചികിത്സാരീതികളും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് തലമുറകള്‍ക്ക് കൈമാറണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ടി. മാത്യു പറഞ്ഞു. പരസ്പരം പങ്കുവെക്കാന്‍ തയാറായാല്‍ നാട്ടുവൈദ്യം നിലനില്‍ക്കും. പാമ്പുകടിയേറ്റാല്‍ വിഷം പുറത്തുകളയാന്‍ കടിവായില്‍ കടിച്ച് വിഷം വലിച്ചെടുക്കുന്ന ചികിത്സാരീതി ഇന്ന് അന്യമായെന്നും അദ്ദേഹം പറഞ്ഞു. 90 ശതമാനം പൊള്ളലേറ്റ ഒരാളെ ഒരു പാടുപോലുമില്ലാതെ ഭേദമാക്കാന്‍ നാട്ടറിവുകള്‍ക്ക് കഴിയുമെന്ന് അധ്യക്ഷത വഹിച്ച സമഗ്ര ഹോളിസ്റ്റിക് ഹെല്‍ത്ത് പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ചേര്‍ത്തല മോഹനന്‍ വൈദ്യന്‍ പറഞ്ഞു. കാന്‍സര്‍ ചികിത്സക്കുപയോഗിക്കുന്ന പച്ചമരുന്നുകളുടെ മഹത്ത്വം മനസ്സിലാക്കിയ വിദേശികള്‍ അതിന്‍െറ പേറ്റന്‍റ് സ്വന്തമാക്കിയതായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെംബര്‍ സെക്രട്ടറി ഡോ. കെ.പി. ലാലാദാസ് ഇലക്കറികളുടെ പോസ്റ്റര്‍ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. വെരുകുപുഴു, നെല്ലിക്ക, കടുക്ക തുടങ്ങിയവയുടെ സത്തയെടുത്താണ് മാര്‍ക്കറ്റില്‍ ലഭിക്കുന്നത്. നാട്ടുവൈദ്യന്മാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ആക്ട് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റൂഫസ് ഡാനിയല്‍, ഒൗഷധസസ്യ ബോര്‍ഡ് മുഖ്യ കാര്യദര്‍ശി ഡോ. കെ.ജി. ശ്രീകുമാര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍ ഡയറക്ടര്‍ ഡോ. എന്‍.ബി. സുരേഷ്കുമാര്‍, അന്നമ്മ ദേവസ്യ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ശ്രേഷ്ഠസേവാ ആരോഗ്യപുരസ്കാരങ്ങളും മാനവരക്ഷാ ആരോഗ്യ പുരസ്കാരങ്ങളും വിതരണം ചെയ്തു. ആരോഗ്യചികിത്സാരംഗത്തെ പുതിയ മരുന്നുകളും തട്ടിപ്പുകളും വിഷയങ്ങളില്‍ സെമിനാറും ചര്‍ച്ചാക്ളാസുകളും സംഘടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.