18 ആദിവാസി കുടുംബങ്ങള്‍ ഇന്നുമുതല്‍ കലക്ടറേറ്റില്‍ അനിശ്ചിതകാലസമരത്തിന്

കല്‍പറ്റ: ‘ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം’ പദ്ധതി വഴി തങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് കിട്ടിയ ഭൂമിയില്‍ അവകാശത്തിനുവേണ്ടി വെങ്ങപ്പള്ളി വില്ളേജില്‍ അപ്പണവയല്‍ പണിയകോളനിയിലെ 18 കുടുംബങ്ങള്‍ ശനിയാഴ്ച മുതല്‍ കലക്ടറേറ്റില്‍ അനിശ്ചിതകാല സമരമാരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ കല്‍പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെങ്ങപ്പള്ളി വില്ളേജിലെ ബേബി തോമസ്, മേരി ബേബി എന്നിവരില്‍നിന്ന് ആറ് ഏക്കര്‍ 23 സെന്‍റ് സ്ഥലമാണ് ഇവര്‍ക്ക് തീറാധാരം നടത്തി പോക്കുവരവ് ചെയ്ത് കിട്ടിയത്. 2014 ആഗസ്റ്റ് 19ന് മാനന്തവാടിയില്‍ നടന്ന പട്ടയമേളയില്‍ മുഖ്യമന്ത്രി പട്ടയം നല്‍കുകയും ചെയ്തു. ഇവര്‍ക്ക് ലഭിച്ച കൃഷിഭൂമിയില്‍ വൈദ്യുതി കുടിവെള്ള സൗകര്യങ്ങളും കാപ്പി, കുരുമുളക് കൃഷിയുമുണ്ട്. ഭൂമിയുടെ ഒരു ഭാഗം ടാറിട്ട റോഡുമാണ്. കാപ്പി, കുരുമുളക്, വിളവെടുപ്പ് സമയമായതിനാല്‍ ഉടമക്ക് പണം ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് വിളവെടുപ്പ് നടത്താനാകില്ല. സര്‍ക്കാര്‍ പണം മുടക്കി തങ്ങള്‍ക്കു ഭൂമി ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. കരിന്തണ്ടന്‍ മൂപ്പന്‍െറ പിന്മുറക്കാരായ ചടയന്‍, ബാലന്‍ അപ്പണവയല്‍, വേലായുധന്‍ അപ്പണവയല്‍, കൃഷ്ണന്‍, ബാലകൃഷ്ണന്‍, എ. ചന്തുണ്ണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.