കല്‍പറ്റ: വയനാട് ജില്ലയിലെ ഭൂരിപക്ഷ പട്ടികവര്‍ഗ മേഖലകളെ ആദിവാസി ഗ്രാമസഭാനിയമം (പെസ) നടപ്പാക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായതായി പട്ടികവര്‍ഗക്ഷേമ യുവജനകാര്യ മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. നില്‍പ്സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി ആദിവാസി ഗോത്രമഹാസഭാ നേതാക്കളായ സി.കെ. ജാനു, ഗീതാനന്ദന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ നിയമപ്രകാരം പട്ടികപ്രദേശങ്ങളിലെ ഗ്രാമസഭകള്‍ക്കാണ് ആ പ്രദേശത്തെ വികസനപദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനുള്ള അധികാരം. പട്ടികപ്രദേശങ്ങളിലെ ഗ്രാമസഭകള്‍ ഓരോ തലത്തിലും സ്വതന്ത്രവും പൊതുപഞ്ചായത്തുകളുടെ അധികാര ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും നിയമം വിഭാവനം ചെയ്യുന്നു. ആറാം പട്ടികപ്രദേശങ്ങളിലേതുപോലെ പൂര്‍ണ സ്വയംഭരണാധികാരമുള്ള പഞ്ചായത്തുകളുടെ വിവിധ തലങ്ങളുടെ രൂപവത്കരണവും പെസ പ്രകാരം ബാധകമാകും. നില്‍പ്സമരം ഒത്തുതീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിലാണ് പെസ നടപ്പാക്കാന്‍ തീരുമാനമായത്. നില്‍പ് സമരത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. മുത്തങ്ങ സമരത്തെ തുടര്‍ന്ന് കുടിയിറക്കപ്പെട്ട ആദിവാസികളുടെ പുനരധിവാസത്തിനായി ഒരേക്കര്‍ വീതം ഭൂമിയും 447 കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണത്തിന് രണ്ടര ലക്ഷം രൂപ ധനസഹായവും അനുവദിക്കും. ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇപ്രകാരം ധനസഹായം നല്‍കും. മുത്തങ്ങ ഭൂസമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരോടൊപ്പമുണ്ടായിരുന്ന 44 കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. ഇനിയും അര്‍ഹതയുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും (സി.ബി.ഐ കേസ് ഒഴികെ) പിന്‍വലിക്കും. സിക്കിള്‍സെല്‍ അനീമിയ (അരിവാള്‍) രോഗബാധിതരായ ആദിവാസികള്‍ക്ക് ഇപ്പോള്‍ 1000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഇവ കൂടാതെ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരേക്കര്‍ വീതം ഭൂമിയും വീടും നല്‍കും. ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചുകഴിഞ്ഞു. ആദിവാസികളല്ലാത്തവര്‍ കൈയേറിയതുമൂലവും അല്ലാതെയും ആദിവാസി ജനവിഭാഗത്തിന് നഷ്ടപ്പെട്ട 400 ഹെക്ടര്‍ ഭൂമിക്കുപകരം ഭൂമി സംസ്ഥാന സര്‍ക്കാര്‍ നല്‍കും. വിതരണത്തിന് അനുയോജ്യമെന്ന് കണ്ടത്തെുന്ന ഭൂമി വിജ്ഞാപനം ചെയ്ത് ഭൂരഹിത പട്ടികവര്‍ഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ച് നിയമാനുസൃതം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും. അപ്രകാരം യോഗ്യമെന്ന് കണ്ടത്തെുന്ന ഭൂമി അളന്ന് പ്ളോട്ട് തിരിച്ച് അതിര് കല്ലിടുന്നതിന് സ്പെഷല്‍ സര്‍വേ ടീമിനെ നിയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.