മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് നിരപരാധിയെന്ന്

കല്‍പറ്റ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ സാകേതില്‍ അറസ്റ്റിലായ ഭര്‍ത്താവ് പി. ബിജു നിരപരാധിയാണെന്ന് ഭാര്യ. ബിജുവിനെ പൊഴുതന മഞ്ഞന്‍പറമ്പില്‍ എന്‍.പി. കബീര്‍ ഡല്‍ഹി കാണാന്‍ കൂട്ടിക്കൊണ്ടുപോയതാണെന്നും ഡല്‍ഹി പോലീസുമായി കബീര്‍ വാക്ക്തര്‍ക്കമുണ്ടായപ്പോള്‍ അടുത്തുണ്ടായിരുന്നു എന്ന കാരണത്താലാണ് ബിജുവിനെ അറസ്റ്റ് ചെയ്തതെന്നും ഭാര്യ ടി. സബിത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജു നിരപരാധിയാണെന്ന് കബീര്‍ പറഞ്ഞെങ്കിലും പൊലീസ് മുഖവിലക്കെടുക്കുന്നില്ളെന്ന് സബിത പറയുന്നു. തന്‍െറ ഭര്‍ത്താവിന് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമൊന്നുമില്ല. പൊലീസ് സത്യസന്ധമായി അന്വേഷണം നടത്തി ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കണം. നവംബര്‍ 27നാണ് കബീറിനൊപ്പം ബിജു ഡല്‍ഹിയിലേക്ക് പോയത്. 30ന് അറസ്റ്റിലാവുകയും ചെയ്തു. പത്രവാര്‍ത്ത വഴിയാണ് വിവരമറിയുന്നത്. ഡിസംബര്‍ ഒന്നിനും മൂന്നിനും ബിജു ഫോണില്‍ ഭാര്യയുമായി ബന്ധപ്പെട്ടിട്ടുണ്ട്. പത്രവാര്‍ത്ത ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ കബീറുമായി ആരൊക്കെയോ വാക്കേറ്റം നടത്തുന്നതു കണ്ട് കാര്യം അന്വേഷിച്ചതിനാണ് തന്നെയും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയതെന്ന് ബിജു പറഞ്ഞു. അഞ്ചും ഒന്നും വയസ്സുള്ള കുട്ടികളോടൊപ്പം ഭാര്യയെയും പ്രായമായ അമ്മയെയും നോക്കുന്നത് ഓട്ടോ ഡ്രൈവറായ ബിജുവാണ്. മലയാളം മാത്രം അറിയാവുന്ന തന്‍െറ ഭര്‍ത്താവിനെ കബീര്‍ ചതിയില്‍പെടുത്തിയെന്നാണ് സബിത പറയുന്നത്. ഹിന്ദിയോ ഇംഗ്ളീഷോ വശമില്ലാത്തതിനാല്‍ സത്യസന്ധത ബോധ്യപ്പെടുത്താനും കഴിയാതെപോയി. സത്യാവസ്ഥ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍, മനുഷ്യാവകാശ കമീഷന്‍, പ്രധാനമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും സബിത പറഞ്ഞു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പൊഴുതനയിലെ ഷജിത്തിനെ ഒക്ടോബറില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്‍െറ തുടര്‍നടപടിയായാണ് കബീറിനെയും അറസ്റ്റ് ചെയ്തതെന്ന് സബിത സംശയിക്കുന്നു. സബിതയുടെ മാതൃസഹോദരന്‍ പി.കെ. മുരളീധരനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.