മൂവാറ്റുപുഴ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ സേവാഗ്രാമ പദവിയിലേക്ക്

മൂവാറ്റുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമായവിധം നടപ്പാക്കുന്നതിന് സംവിധാനം ഒരുങ്ങുന്നു. ഗ്രാമപഞ്ചായത്തുകളില്‍ സേവാഗ്രാം/ഗ്രാമകേന്ദ്രം എന്നും, നഗരപ്രദേശത്ത് സേവാഗ്രാം /വാര്‍ഡ്കേന്ദ്രം എന്ന പേരിലും ആരംഭിക്കുന്ന സേവനകേന്ദ്രങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലും ജനുവരി 26ന് മുമ്പായി സ്ഥാപിക്കണമെന്ന നിര്‍ദേശം പ്രാവര്‍ത്തികമാക്കുന്നതിന് കേരള ഇന്‍സിറ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് രൂപം നല്‍കി. സംസ്ഥാനത്ത് പദ്ധതി ആദ്യമായി നടപ്പാക്കുന്നത് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലാണ്. ഇതിന്‍െറ മുന്നോടിയായി വിപുലമായ ശില്‍പശാല ശനിയാഴ്ച മൂവാറ്റുപുഴ ഭാരത് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ‘കില’യുടെ ആഭിമുഖ്യത്തില്‍ നടക്കും.12ാം പഞ്ചവത്സര പദ്ധതി കാലത്ത് പൂര്‍ണമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ നിലവിലെ വോട്ടര്‍മാരുടെ സഭക്ക് നിലിവില്‍ ഒരു ആസ്ഥാനമില്ല. സേവാഗ്രാം കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതോടെ ഇതിനു പരിഹാരമാകും. വാര്‍ഡ് മെംബര്‍മാരുടെ ഓഫിസ് സംവിധാനമായി പ്രവര്‍ത്തിക്കുന്ന സേവാഗ്രാം കേന്ദ്രങ്ങളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളും അറിയിപ്പുകളും അപേക്ഷ നല്‍കാനുള്ള അവസരവും ലഭ്യമാകും. ഇതോടെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും സേവന-ക്ഷേമ ആവശ്യങ്ങളുമായി പോകേണ്ടിവരുന്ന പ്രദേശവാസികള്‍ക്ക് അവരവരുടെ വാര്‍ഡുകളില്‍തന്നെ വീടിനടുത്ത് സേവനങ്ങള്‍ ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകും. ഗ്രാമസഭകളില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉണ്ടാക്കുക പദ്ധതിയുടെ ലക്ഷ്യമാണ്. 2015 ജനുവരി 26ന് മുമ്പായി മുഴുവന്‍ തദ്ദേശഭരണ വാര്‍ഡുകളിലും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള വിപുലമായ പരിശീലന പരിപാടികള്‍ സംസ്ഥാന വ്യാപകമായി നടന്നുവരുകയാണ്. തൃശൂരിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിശീലന പരിപാടിയുടെ മൂന്ന് ഘട്ടങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചു. ‘കില’യിലും ജില്ലാ-ബ്ളോക് കേന്ദ്രങ്ങളിലും നടന്ന പരിപാടിയില്‍ ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളെയും സന്നദ്ധ പ്രവര്‍ത്തകരെയും വാര്‍ഡ് കോഓഡിനേറ്റര്‍മാരെയും പരിശീലിപ്പിച്ചുകഴിഞ്ഞതായി കോഓഡിനേറ്റര്‍ ടി.വി. ഉദയഭാനു പറഞ്ഞു. മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ ഗ്രാമ-നഗര സഭകളിലെ അധ്യക്ഷന്മാരടക്കം മുഴുവന്‍ ജനപ്രതിനിധികളും കൃഷി ഓഫിസര്‍മാരും പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ എന്‍ജിനീയര്‍മാരും പങ്കെടുക്കുന്ന ശില്‍പശാല ജോസഫ് വാഴക്കന്‍ എം.എല്‍.എ ഉദ്ഘാടനംചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.