ബി.വൈ.ഡി യു8എൽ
ആഗോള വിപണിയിൽ ചുവടുറപ്പിച്ച ചൈനീസ് ഇലക്ട്രിക് വാഹനനിർമാതാക്കളായ ബി.വൈ.ഡി, തങ്ങളുടെ വാഹനങ്ങളുടെ കരുത്തും സുരക്ഷയും തെളിയിക്കാൻ നടത്തുന്ന പരീക്ഷണങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റുകയാണ്. ലോകത്തെ ഏറ്റവും സുരക്ഷ വാഗ്‌ദാനം ചെയ്യന്ന വോൾവോയുടെ എക്സ്ട്രീം ടെസ്റ്റുകൾ പോലെ ഇപ്പോൾ ശ്രദ്ധ നേടുന്നത് ചൈനീസ് വാഹന നിർമ്മാതാക്കളായ ബി.വൈ.ഡി (Build Your Dreams) യുടെ വിസ്മയിപ്പിക്കുന്ന ഡ്യൂറബിലിറ്റി ടെസ്റ്റുകളാണ്.
അടുത്തിടെ നടത്തിയ ഒരു ആഭ്യന്തര പരീക്ഷണത്തിൽ, ബി.വൈ.ഡി യാങ്‌വാങ് യു8എൽ എന്ന ആഡംബര എസ്.യു.വിയുടെ മുകളിലേക്ക് ഒരു വലിയ പന നേരിട്ട് വീഴ്ത്തിയാണ് കമ്പനി ഡ്യൂറബിലിറ്റി ടെസ്റ്റ് നടത്തിയത്. മൂന്ന് തവണയാണ് ഈ പരീക്ഷണം നടത്തിയത്. അത്ഭുതം എന്തെന്നാൽ വാഹനത്തിന്റെ ഒരു ചില്ലുപോലും തകരാതെയാണ് യു8എൽ മിന്നും വിജയം നേടിയത്.
യാങ്‌വാങ് യു8എൽ മോഡലിന്റെ പല വീഡിയോകളും ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്. ക്വാഡ്-മോട്ടോർ സംവിധാനവും കൃത്യമായ ടോർക്ക് വെക്ട്ടറിങ്ങും കാരണം 360-ഡിഗ്രി ടാങ്ക് ടേൺ ചെയ്യാനും, വെള്ളത്തിൽ ബോട്ടായി ഒഴുകി പരിമിത വേഗതയിൽ സഞ്ചരിക്കാനും സാധിക്കുന്ന ഒരു മൾട്ടി യൂസ് വാഹനമാണ് യാങ്‌വാങ് യു8എൽ. യു8-ൻ്റെ അൽപ്പം വലുതും ആഢംബരപൂർണ്ണവുമായ പതിപ്പാണ് യാങ്‌വാങ് യു8എൽ. ഈ മോഡലാണ് പന വീഴ്ത്തുന്ന പരീക്ഷണത്തിന് വിധേയമായത്. യഥാർത്ഥ അപകടസാഹചര്യം സൃഷ്ടിക്കാനായി, എഞ്ചിനീയർമാർ ഒരു വലിയ പന ലംബമായി ഒരു ജിഗ്ഗിൽ (Jig) സ്ഥാപിക്കുകയും അത് വാഹനത്തിൻ്റെ ഒരു വശത്തേക്ക് വീഴ്ത്തുകയും ചെയ്തു. മൂന്ന് തവണയാണ് ഇത് യാങ്‌വാങ് യു8എല്ലിന്റെ മേൽ പതിച്ചത്.
ഒന്നാം ടെസ്റ്റിൽ യാങ്‌വാങ് യു8എൽ, പനമരത്തിൽ നിന്നും 300 സെ.മീ അകലെ നിർത്തി. തുടർന്ന് വാഹനത്തിന്റെ മുകളിലേക്ക് മരം പതിപ്പിച്ചു. രണ്ടാം ടെസ്റ്റിൽ ഇത് 400 സെ.മീ ആക്കി വർധിപ്പിച്ചു. അവസാന ടെസ്റ്റിൽ പരമാവധി പ്രഹരശേഷിക്കായി 500 സെ.മീ അകലെയാണ് വാഹനം സ്ഥാപിച്ചത്. അവസാന പരീക്ഷണത്തിൽ മരത്തിൻ്റെ മുകൾഭാഗം ഒടിഞ്ഞുപോയെങ്കിലും വാഹനം പാറപോലെ ഉറച്ചു നിന്നു.
പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച ശേഷം വിദഗ്ധർ വാഹനം പരിശോധിച്ച് ബോഡി സ്ട്രക്ചർ കേടുകൂടാതെ നിന്നു എന്ന് കണ്ടെത്തി. കൂടാതെ വശങ്ങളിൽ വളവുകളോ ബലഹീനതകളോ ഉണ്ടായില്ല, ഡോറുകൾ സാധാരണ നിലയിൽ തുറന്നു, വാഹനം സാധാരണ പോലെ ഓടിച്ചു പോകാൻ കഴിഞ്ഞു എന്നിവ സ്ഥിരീകരിച്ചു. ഈ ടെസ്റ്റിലെ ഏറ്റവും കൗതുകകരമായ കാര്യം എന്തെന്നാൽ ഇത്രയും വലിയ ആഘാതം സംഭവിച്ചിട്ടും സൺറൂഫ്, മുൻ വിൻഡ്ഷീൽഡ്, ഡോറുകളുടെ ചില്ലുകൾ എന്നിവക്ക് ഒരു കേടുപാടും സംഭവിച്ചില്ല എന്നതാണ്.
ബി.വൈ.ഡി യാങ്‌വാങ് യു8എൽ നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമല്ല. ബി.വൈ.ഡി ഇന്ത്യയിൽ നിലവിൽ ആറ്റോ 3, ഇമാക്സ് 7, സീൽ, സീലിയൻ 7 എന്നീ മോഡലുകളാണ് വിൽപ്പന നടത്തുന്നത്. സീലിയൻ 6 പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡൽ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ടെന്നും വാഹനം രാജ്യത്ത് പരീക്ഷണയോട്ടം നടത്തുന്നത് കണ്ടതായും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.