രാജ്യത്ത് പാസഞ്ചർ വാഹനങ്ങൾക്ക് ഡിമാൻഡ് കൂടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ നവംബറിൽ വാഹന വിൽപ്പന വർധിപ്പിച്ച് നിർമാണ കമ്പനികൾ. 2024നെ അപേക്ഷിച്ച് 2025ലെ ഓരോ മാസവും മികച്ച വിൽപ്പനയാണ് രേഖപ്പെടുത്തുന്നത്. 2025 നവംബറിലെ കണക്കെടുത്താൽ മാരുതി സുസുകി, ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ, ഹ്യുണ്ടായ് മോട്ടോർസ്, കിയ മോട്ടോർസ്, ടൊയോട്ട കിർലോസ്കർ മോട്ടോർസ് തുടങ്ങിയ വാഹനനിർമാണ കമ്പനികൾ ഒട്ടും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു. ഫെസ്റ്റിവൽ ഓഫറുകളും കേന്ദ്ര സർക്കാരും ജി.എസ്.ടി വകുപ്പും പ്രഖ്യാപിച്ച ജി.എസ്.ടി ഏകീകരണവും വാഹന വിൽപ്പന മേഖലയിൽ കുതിച്ചുചാട്ടത്തിന് വഴി വെച്ചു.
ഇന്ത്യൻ വാഹനനിർമാതാക്കളായ മാരുതി സുസുകി നവംബർ മാസത്തിൽ 2.29 ലക്ഷം യൂനിറ്റ് വാഹനങ്ങളാണ് നിരത്തുകളിൽ എത്തിച്ചത്. ഇത് 2024ലെ നവംബർ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 26% അധിക വളർച്ച കൈവരിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലെ മൊത്തം വിൽപ്പനയാണിത്. ചെറു കാറുകളുടെ വിഭാഗത്തിൽ ആൾട്ടോ, എസ്-പ്രസോ മോഡലുകൾ മികച്ച നേട്ടം കൈവരിച്ചപ്പോൾ കോംപാക്ട് കാറുകളിൽ ബലെനോ, ഡിസൈർ, ഇഗ്നിസ്, സ്വിഫ്റ്റ് തുടങ്ങിയ കാറുകളും വിൽപ്പനയിൽ അടിച്ചുകയറി. യൂട്ടിലിറ്റി വാഹനങ്ങളായ ഗ്രാൻഡ് വിറ്റാര, ബ്രെസ്സ, എർട്ടിഗ, എക്സ് എൽ 6 മോഡലുകളും വിൽപ്പനയിൽ ഒട്ടും പിന്നിലല്ല.
ഇന്ത്യൻ വാഹനനിർമാതാക്കളായ മാരുതി സുസുകിയെ കൂടാതെ നവംബർ മാസത്തിൽ വിൽപ്പന കൂടുതലുള്ള മറ്റൊരു വാഹനനിർമാണ കമ്പനിയാണ് മഹീന്ദ്ര. 2024 നവംബറുമായി 2025 നവംബറിനെ താരതമ്യം ചെയ്യുമ്പോൾ 19% അധിക വളർച്ച മഹീന്ദ്രയും സ്വന്തമാക്കി. പാസഞ്ചർ വാഹനങ്ങളെ കൂടാതെ വാണിജ്യ, കാർഷിക വാഹനങ്ങളിലും വിൽപ്പന വർധിപ്പിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 92,670 യൂനിറ്റ് വാഹനങ്ങളാണ് മഹീന്ദ്ര നവംബർ മാസത്തിൽ നിരത്തുകളിൽ എത്തിച്ചത്.
രാജ്യത്തെ മികച്ച വാഹനനിർമാതാക്കളിൽ മൂന്നാം സ്ഥാനത്താണ് ടാറ്റ മോട്ടോർസ്. 2025 നവംബർ മാസത്തിൽ 59,199 യൂനിറ്റുകൾ നിരത്തിലെത്തിച്ച് 26% അധിക വളർച്ച ടാറ്റ സ്വന്തമാക്കി. ടാറ്റ മോട്ടോർസ് വിഭജിച്ചതിന് (പാസഞ്ചർ, വാണിജ്യം) ശേഷമുള്ള ആദ്യ കണക്കാണിത്. കഴിഞ്ഞ രണ്ട് മാസങ്ങളിൽ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയ ടാറ്റ മോട്ടോർസ്, നെക്‌സോൺ, നെക്‌സോൺ ഇ.വി, പഞ്ച്, ഹാരിയർ.ഇ.വി തുടങ്ങിയ വാഹനങ്ങൾ വിൽപ്പന നടത്തിയാണ് വിപണി തിരിച്ചു പിടിച്ചത്. അതിനിടയിൽ ടാറ്റ സഫാരിയും ഹാരിയറും മുഖം മിനുക്കിയെത്തിയിരുന്നു.
നവംബർ മാസത്തിലെ വിൽപ്പന നിരക്കിൽ ഉത്തരകൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോഴ്സും ഒട്ടും പിന്നിലല്ല. 2024 നവംബർ മാസവുമായി 2025 നവംബർ താരതമ്യം ചെയ്യുമ്പോൾ 66,840 യൂനിറ്റുകൾ വിൽപ്പന നടത്തി 9% അധിക വളർച്ച കൈവരിച്ചു. ഹ്യുണ്ടായ് ക്രെറ്റ, ക്രെറ്റ ഇ.വി, ഐ 10, ഐ 20, സാൻഡ്രോ, വെന്യൂ തുടങ്ങിയ മോഡലുകളും ഈ നേട്ടം കൈവരിക്കാൻ ബ്രാൻഡിനെ സഹായിച്ചു. മുഖം മിനുക്കിയെത്തിയ വെന്യൂ ബുക്കിങ് ആരംഭിച്ചെങ്കിലും ഇതുവരെ ഡെലിവറി തുടങ്ങിയിട്ടില്ല. അടുത്ത മാസത്തോടെ ഹ്യുണ്ടായ് മോട്ടോഴ്സിന്റെ വിൽപ്പന നവംബറിലേക്കാൾ ഇരട്ടിയാകാൻ സാധ്യതയുണ്ട്.
ഹ്യുണ്ടായ് മോട്ടോഴ്സിനെ കൂടാതെ വിൽപ്പനയിൽ നേട്ടം കൈവരിച്ച മറ്റൊരു കൊറിയൻ വാഹനനിർമാതാക്കളാണ് കിയ. സോണറ്റ്, സെൽത്തോസ് തുടങ്ങിയ അഞ്ച് സീറ്റർ വാഹനങ്ങൾ കൂടാതെ ഏഴ് സീറ്റർ എം.പി.വിയായ കാരൻസിന്റെ ഐ.സി.ഇ മോഡലും ഇലക്ട്രിക് മോഡലും വിപണിയിൽ എത്തിച്ചിട്ടുണ്ട് കിയ. നവംബർ മാസത്തിൽ 25,489 യൂണിറ്റുകളാണ് നിരത്തുകളിൽ എത്തിച്ചത്. ഇത് കഴിഞ്ഞ വർഷത്തെ നവംബറുമായി താരതമ്യം ചെയ്യുമ്പോൾ 24% അധിക വളർച്ച കൈവരിക്കാൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്.
രാജ്യത്തെ മികച്ച വാഹനനിർമാതാക്കളുടെ പട്ടികയിൽ മുമ്പിലുള്ള ജാപ്പനീസ് വാഹനനിർമാണ കമ്പനിയായ ടൊയോട്ട കിർലോസ്കർ മോട്ടോർസ് നവംബറിലും വിൽപ്പന വർധിപ്പിച്ചു. കഴിഞ്ഞ വർഷത്തെ നവംബറുമായി ഈ വർഷം താരതമ്യം ചെയ്യുമ്പോൾ 28 ശതമാനമെന്ന മികച്ച റെക്കോഡിലേക്കാണ് കമ്പനി നീങ്ങിയത്. 33,752 യൂനിറ്റ് വാഹനങ്ങളാണ് ടൊയോട്ട ഒരു മാസംകൊണ്ട് ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചത്. ടൊയോട്ട ഫോർച്ചുണർ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, അർബൻ ക്രൂയിസർ, ഹൈറൈഡർ, ഗ്ലാൻസാ, ടൈസർ തുടങ്ങിയ മോഡലുകളുടെ വിൽപ്പന കുതിച്ചപ്പോൾ ടൊയോട്ട എന്ന ബ്രാൻഡിന്റെ വളർച്ച അതിവേഗം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.