കളങ്കാവൽ ചിത്രത്തിലെ രംഗം
മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ക്രൈം ത്രില്ലർ ചിത്രമാണ് കളങ്കാവൽ. തീയറ്ററിൽ വിജയകരമായി പ്രദർശനം നടത്തുന്ന ചിത്രം ഇതിനോടകം മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടേയും വിനായകന്റെയും അഭിനയ മികവിനോടൊപ്പം കിടപിടിക്കുന്ന മറ്റൊരു ശ്രദ്ധേയമായ കാര്യമാണ് മമ്മൂട്ടി ചിത്രത്തിൽ മുഴുനീള ഉപയോഗിക്കുന്ന ഹോണ്ട അക്കോഡ് സെഡാൻ കാർ. വിന്റേജ് വാഹന പ്രേമികൾക്കിടയിൽ ഏറെ ചർച്ച വിഷയമായിരിക്കുകയാണ് ചിത്രത്തിലെ ഹോണ്ട അക്കോഡ്.
ജാപ്പനീസ് വാഹനനിർമാതാക്കളായ ഹോണ്ടയുടെ സെഡാൻ വാഹനമാണ് അക്കോഡ്. 1981 സെപ്റ്റംബർ 22നാണ് ഈ മോഡൽ ആദ്യമായി ജപ്പാനിൽ അവതരിപ്പിച്ചത്. അക്കോഡിന്റെ ആദ്യ മോഡൽ അമേരിക്കയിലെ മേരീസ് വില്ലയിലെ പ്ലാന്റിൽ നിന്നാണ് കമ്പനി പുറത്തിറക്കിയത്. അമേരിക്കയിൽ 15 വർഷം ബെസ്റ്റ് സെല്ലിങ് സെഡാനായി അക്കോഡ് ആധിപത്യം പുലർത്തിയിരുന്നു. പിന്നീട് ജപ്പാനിൽ അക്കോഡിന് സഹോദരനായി ഹോണ്ട 'വിഗോർ' (Vigor) സെഡാനെയും വിപണിയിൽ എത്തിച്ചു.
1984 മേയ് 24നാണ് ജപ്പാനിൽ വാഹനത്തിന്റെ നിർമാണം ആരംഭിച്ചത്. ഇ.എസ് സീരിസിൽ 1.8 ലിറ്റർ പി.ജി.എം-എഫ്.ഐ എൻജിനാണ് ഹോണ്ട അക്കോഡിൽ സജ്ജീകരിച്ചത്. ഈ എൻജിൻ കമ്പ്യൂട്ടർ ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കുന്നതും ഓരോ സിലിണ്ടറിന് ഒരു ഇഞ്ചക്ടർ എന്ന രീതിയിൽ ഫ്യൂവൽ ഇഞ്ചക്ഷൻ ചെയ്യാൻ സാധിക്കുന്നതുമായിരുന്നു.
4535 എം.എം നീളവും 1712 എം.എം വീതിയും 1356 എം.എം ഉയരവും 2600 എം.എം വീൽബേസുമാണ് ഹോണ്ട അക്കോഡ് സെഡാന്റെ ആകെ വലുപ്പം. ഡി.എക്സ് എന്ന ബേസ് വേരിയന്റും എൽ.എക്സ് മിഡ്-റേഞ്ച് വേരിയന്റിന്റെയും കാർബറേറ്റഡ് എഞ്ചിൻ 98 ബി.എച്ച്.പി കരുത്തും ഫ്യൂവൽ-ഇഞ്ചക്ഷൻ എഞ്ചിനായ എൽ.എക്സ്.ഐ മോഡൽ 110 എച്ച്.പി കരുത്തും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനുകളായിരുന്നു. അഞ്ച്-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും, ഓപ്ഷണലായി ഫോർ-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഗിയർബോക്‌സും ഹോണ്ട അക്കോഡിന് ലഭിച്ചിരുന്നു.
അക്കോഡിന്റെ ഉയർന്ന വകഭേദമായ എൽ.എക്സ്.ഐ മോഡലിനാണ് പവർ ഗ്ലാസ് സൺറൂഫ് ലഭിച്ചിരുന്നത്. കളങ്കാവലിൽ മമ്മൂട്ടി ഉപയോഗിക്കുന്ന മോഡലിതാണ്. ഈ മൂൺറൂഫ്/സൺറൂഫ് പാനൽ ബട്ടൺ സ്വിച്ച് ഉപയോഗിച്ച് തുറക്കാനും അടക്കാനും ചെരിച്ചു വെക്കാനും സാധിക്കും. കൂടാതെ ഉയർന്ന വേരിയന്റായ എൽ.എക്സ്.ഐ മോഡലിൽ സ്റ്റാൻഡേർഡായി പവർ ആന്റീന, പവർ ഡോർ മിറർ, ലെതർ ഫിനിഷിങ്ങിൽ എത്തുന്ന ഇന്റീരിയർ, ബോസ് സൗണ്ട് സിസ്റ്റം എന്നിവ കമ്പനി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.