വിൻഫാസ്റ്റ് വിഎഫ് 3
വിയറ്റ്നാമീസ് ഇലക്ട്രിക് വാഹനനിർമാതാക്കളായ വിൻഫാസ്റ്റ് ഓട്ടോസ് ഇന്ത്യൻ വിപണിയിലേക്ക് അവരുടെ വജ്രായുധങ്ങൾ ഓരോന്നോരോന്നായി പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയിൽ ആദ്യം അവതരിപ്പിച്ച വിഎഫ് 6, വിഎഫ് 7 മോഡലുകൾക്ക് ശേഷം ഇലക്ട്രിക് ബസും ഇലക്ട്രിക് ഇരുചക്ര വാഹനവും പുറത്തിറക്കാൻ പോകുന്നതായി കമ്പനി പറഞ്ഞിരുന്നു. ഇത് കൂടാതെ എം.പി.വി സെഗ്‌മെന്റിൽ ലിമോ ഗ്രീൻ വാഹനവും അടുത്ത വർഷം ആദ്യം ഇന്ത്യയിൽ എത്തും. അതിനിടയിലാണ് പോക്കറ്റ് എസ്.യു.വി സെഗ്‌മെന്റ് വിഭാഗത്തിലെ വിഎഫ് 3 രാജ്യത്തേക്ക് എത്തിക്കാൻ കമ്പനി ശ്രമിക്കുന്നത്. വിൻഫാസ്റ്റ് ഇന്ത്യയിൽ സ്ഥാപിതമായപ്പോൾ ആദ്യം പുറത്തിറക്കാൻ പോകുന്ന മോഡൽ വിഎഫ് 3 ആകുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അതിനെ തള്ളിയാണ് വിഎഫ് 6, വിഎഫ് 7 മോഡൽ ഇന്ത്യൻ വിപണിയിൽ എത്തിയത്. എന്നിരുന്നാലും വിഎഫ് 3 രാജ്യത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് വാഹന പ്രേമികൾ.
രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയിൽ ശക്തരായ എം.ജി മോട്ടോർസ് ഇന്ത്യയുടെ കുഞ്ഞൻ കാറായ എം.ജി കോമറ്റിനോട് നേരിട്ട് മത്സരിക്കാനാകും വിൻഫാസ്റ്റ് വിഎഫ് 3 എത്തുന്നത്. നിലവിൽ വിയറ്റ്നാമിൽ അവതരിപ്പിച്ച വാഹനം 18.64kWh ലിഥിയം-അയോൺ ബാറ്ററി സജ്ജീകരണത്തിലാണ് എത്തുന്നത്. വിഎഫ് 3യിലെ മോട്ടോർ പരമാവധി 40 ബി.എച്ച്.പി കരുത്തും 110 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും.
എൻ.ഇ.ഡി.സി സാക്ഷ്യപ്പെടുത്തിയതനുസരിച്ച് ഒറ്റചാർജിൽ 215 കിലോമീറ്റർ റേഞ്ച് വിൻഫാസ്റ്റ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 10 മുതൽ 70 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 36 മിനിറ്റ് മാത്രമാണ് വിഎഫ് 3 എടുക്കുന്നത്. ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ട്രാക്ഷൻ കണ്ട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കണ്ട്രോൾ, ഇലക്ട്രോണിക് ബ്രേക്‌ഫോഴ്‌സ് ഡിസ്ട്രിബൂഷൻ, റിയർ വ്യൂ കാമറ, പാർക്കിങ് അസിസ്റ്റ് തുടങ്ങിയ സുരക്ഷ ഫീച്ചറുകൾ ഈ കുഞ്ഞൻ കാറിന് ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.