ഐ.ടി തലസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ പെരുകുന്നു

കഴക്കൂട്ടം: സംസ്ഥാനത്തെ ഐ.ടി കേന്ദ്രമായ കഴക്കൂട്ടത്ത് കുറ്റകൃത്യങ്ങള്‍ പെരുകുന്നു. ലക്ഷങ്ങളുടെയും കോടികളുടെയും തട്ടിപ്പുകള്‍ നടന്നതിന് പുറമെ, തൊഴില്‍ തട്ടിപ്പുകളും വ്യാപകമാണ്. അന്യസംസ്ഥാനക്കാര്‍ നടത്തുന്ന തട്ടിപ്പുകളും അന്യസംസ്ഥാന തൊഴിലാളികളെ തട്ടിപ്പിനിരയാക്കുന്നതും വ്യാപകമാണ്. പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിനാകുന്നില്ല. അന്യസംസ്ഥാനത്തുനിന്ന് എത്തുന്ന തൊഴിലാളികള്‍ എത്ര എന്നതിന് കൃത്യമായ കണക്ക് അധികൃതരുടെ കൈവശമില്ല. പ്രദേശത്ത് വന്‍ ഫ്ളാറ്റ്, വില്ല സമുച്ചയങ്ങള്‍ ഉയര്‍ന്നുപൊങ്ങുകയാണ്. ഫ്ളാറ്റുകളില്‍ പണിയെടുക്കുന്നതില്‍ 80 ശതമാനവും അന്യസംസ്ഥാനക്കാരാണ്. കൃത്യമായ രേഖകള്‍ നല്‍കി, അനുമതി തേടി പ്രദേശത്ത് തങ്ങുന്ന ഇത്തരം തൊഴിലാളികള്‍ ചുരുക്കമാണ്. കാര്യവട്ടത് ഉയരുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ ഏറെയും അന്യസംസ്ഥാന തൊഴിലാളികളാണ്. മിക്കവര്‍ക്കും മികച്ച ശമ്പളമോ താമസസൗകര്യമോ നല്‍കാന്‍ തൊഴിലുടമകള്‍ തയാറായിട്ടില്ല. തൊഴിലാളികള്‍ക്ക് മാസങ്ങളോളം ശമ്പളം നല്‍കാത്ത അവസ്ഥയുണ്ട്. പൊലീസില്‍ പരാതി നല്‍കിയാലും നടപടി ഉണ്ടാകാറില്ളെന്ന് ആരോപണമുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതായി പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു. തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാല്‍ ഇവര്‍ പിടിക്കപ്പെടാറില്ല. കുറ്റകൃത്യങ്ങള്‍ ചെയ്തശേഷം ഒളിവില്‍ കഴിയുന്നവരും ഇവര്‍ക്കിടയിലുണ്ട്. മദ്യ മയക്കുമരുന്ന് ലോബിയും ലേബര്‍ ക്യാമ്പുകള്‍ ചുറ്റിപ്പറ്റി സജീവമാണ്. കഴക്കൂട്ടം ടെക്നോപാര്‍ക്ക്, ടെക്നോസിറ്റി പ്രദേശങ്ങളില്‍ രണ്ടുവര്‍ഷത്തിനിടെ മയക്കുമരുന്ന് മാഫിയ ശക്തമാണ്. ഇടക്കിടെ നാട്ടില്‍ പോയി മടങ്ങുന്നുവെന്ന വ്യാജേന എത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ മയക്കുമരുന്ന് മാഫിയയുടെ ‘കാരിയര്‍’മാരായി പ്രവര്‍ത്തിക്കുന്നുണ്ട്. അന്യസംസ്ഥാനക്കാര്‍ താമസിക്കുന്നത് കാലിത്തൊഴുത്തിന് സമാനമായ അന്തരീക്ഷത്തിലാണ്. നിരനിരയായി കെട്ടിയ ഷെഡുകളില്‍ നിരവധി പേരാണ് കഴിയുന്നത്. നൂറിലധികം പേര്‍ താമസിക്കുന്ന ഷെഡുകളും പ്രദേശത്തുണ്ട്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് അന്യദേശത്തൊഴിലാളികള്‍ പണിയെടുക്കുന്നത്. കെട്ടിട സമുച്ചയങ്ങളുടെ മുകള്‍ നിലകളില്‍ പണിയുന്നവര്‍ക്കുപോലും സുരക്ഷാബെല്‍റ്റുകളോ ഹെല്‍മറ്റോ തൊഴിലുടമകള്‍ നല്‍കാറില്ല. ഇത്തരത്തില്‍ ബഹുനില മന്ദിരങ്ങളുടെ മുകളില്‍നിന്ന് വീണുമരിച്ച അന്യസംസ്ഥാന തൊഴിലാളികള്‍ നിരവധിയാണ്. ടെക്നോപാര്‍ക്കിന് സമീപം ജീവനക്കാരിയെ അജ്ഞാതര്‍ ആക്രമിച്ച സംഭവം ഒരുവര്‍ഷം മുമ്പ് കഴക്കൂട്ടത്തെ പിടിച്ചുകുലുക്കിയിരുന്നു. എന്നാല്‍, പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. ടെക്നോപാര്‍ക്കില്‍ ജോലി എന്ന തലക്കെട്ടില്‍ പരസ്യം ചെയ്ത് ഉദ്യോഗാര്‍ഥികളെ ആകര്‍ഷിച്ച് പണം തട്ടുന്നതും പതിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.