പ്രാരാബ്ദങ്ങള്‍ പിന്നിലാക്കി, ട്രാക്കില്‍ സ്മൃതിയുടെ കുതിപ്പ്

തിരുവല്ല: പ്രാരാബ്ദങ്ങള്‍ പിന്നോട്ട് വലിക്കുമ്പോഴും മത്സര ട്രാക്കുകളെ കീഴടക്കി സ്മൃതിയുടെ വിജയക്കുതിപ്പ് തുടരുന്നു. ദേശീയ തലത്തില്‍ മുന്‍വര്‍ഷങ്ങളില്‍ നേടിയ മെഡലുകള്‍ക്കൊപ്പം സംസ്ഥാന ബധിര കായികമേളയില്‍ ഇക്കുറി സ്മൃതി സ്വന്തമാക്കിയത് മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും. 100, 200 മീറ്റര്‍ ഓട്ടത്തിലും 4 x100 മീറ്റര്‍ റിലേയിലുമായിരുന്നു സ്വര്‍ണം. ലോങ്ജമ്പില്‍ വെള്ളിയും കരസ്ഥമാക്കി. തിരുവല്ല കോട്ടത്തോട് പന്തക്കല്‍ വീട്ടില്‍ അജയകുമാറിന്‍െറ രണ്ട് മക്കളില്‍ മൂത്തതാണ് സ്മൃതി. സി.എസ്.ഐ ബധിര വിദ്യാലയത്തില്‍ പഠിച്ചിരുന്ന സ്മൃതി ഇപ്പോള്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ദേശീയ മത്സരത്തിലും ഇതേ ഇനങ്ങളില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും സമൃതി കരസ്ഥമാക്കിയിരുന്നു. 2012ല്‍ ജയ്പൂരില്‍ നടന്ന ദേശീയ കായികമേളയില്‍ അഞ്ച് സ്വര്‍ണം നേടിയ കൊച്ചുമിടുക്കി ജീവിതത്തിന്‍െറ വഴിത്താരയില്‍ ഏറെ പിന്നിലാണ്. കോട്ടത്തോടിന് സമീപമുള്ള പുറമ്പോക്ക് ഭൂമിയിലാണ് താമസം. കെട്ടിടനിര്‍മാണ തൊഴിലാളിയായ പിതാവ് അജയകുമാറിന് കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍നിന്നാണ് മക്കളുടെ പഠനത്തിനൊപ്പം കായികമായ പ്രോത്സാഹനത്തിനും പണം ചെലവഴിക്കുന്നത്. പട്ടിണിയും പരിവെട്ടവുമായി ജീവിതം മുന്നേറുമ്പോഴും ട്രാക്കിനെ മറക്കുവാന്‍ സ്മൃതിക്ക് ആവുന്നില്ല. ഈ താരത്തിന് സര്‍ക്കാറിന്‍െറ ഒരു സഹായവും ഇതുവരെ ലഭിച്ചില്ളെന്ന് പിതാവ് അജയകുമാര്‍ പറയുന്നു. ഏക സഹോദരി സുമി പാരമെഡിക്കല്‍ വിദ്യാര്‍ഥിയാണ്. രത്നകുമാരിയാണ് മാതാവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.