ഇരുമുടിക്കെട്ടില്‍ പ്ളാസ്റ്റിക് ഒഴിവാക്കണം –ഡി.ഐ.ജി

ശബരിമല: ഇരുമുടിക്കെട്ടിലെ സാധനങ്ങള്‍ കൊണ്ടുവരാന്‍ പ്ളാസ്റ്റിക് കൂടിനു പകരം കടലാസ് ഉപയോഗിക്കാന്‍ ഭക്തര്‍ തയാറാകണമെന്ന് പുണ്യം പൂങ്കാവനം ശുചീകരണപദ്ധതിയുടെ കോഓഡിനേറ്ററായ ഡി.ഐ.ജി പി. വിജയന്‍ പറഞ്ഞു. സന്നിധാനത്തെ ദേവസ്വം ഗെസ്റ്റ് ഹൗസില്‍ പുണ്യം പൂങ്കാവനം പദ്ധതിയുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പ്ളാസ്റ്റിക് ഉപയോഗം കുറക്കാനും ശബരിമലയെ മാലിന്യമുക്തമായി സൂക്ഷിക്കാനുമുള്ള പ്രചാരണം ഊര്‍ജിതമാക്കും. ഇരുമുടിക്കെട്ടിലേക്കുള്ള സാധനങ്ങള്‍ പ്ളാസ്റ്റിക് കൂടുകളിലാക്കുന്നതിന് പകരം കടലാസ് ഉപയോഗിച്ചു പൊതിയാന്‍ പ്രേരിപ്പിക്കും. മാലിന്യം വലിച്ചെറിയാതെ ചവറ്റുകുട്ടയില്‍ തള്ളണമെന്നത് അടക്കം ഭക്തരില്‍ ശുചിത്വ അവബോധം വളര്‍ത്താന്‍ മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കും. പമ്പയിലും സന്നിധാനത്തും ബഹുഭാഷാ അനൗണ്‍സ്മെന്‍റും നടത്തും. അന്യസംസ്ഥാനങ്ങളിലെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്ന കാര്യം ആലോചിക്കും. പമ്പയിലും മറ്റും വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇതു സംബന്ധിച്ചും ബോധവത്കരണം നടത്തും. പ്രസാദമായി തിരികെക്കൊണ്ടുപോകേണ്ട മലരും മറ്റും പ്ളാസ്റ്റിക് കൂടില്‍ കൊണ്ടുവന്ന് മാളികപ്പുറത്തും മറ്റും ഉപേക്ഷിക്കുന്നു. ഇത് മലിനീകരണ കാരണമാകുന്നു. ഭക്ഷണശാലകള്‍ അവരുടെ മാലിന്യം സംസ്കരിക്കണമെന്ന് കരാറിലുണ്ട്. ഇക്കാര്യം ഓര്‍മപ്പെടുത്തി നോട്ടീസ് നല്‍കും. ശുചീകരണ യജ്ഞത്തിന് സര്‍ക്കാറിതര സംഘടനകളുടെയും മാധ്യമങ്ങളുടെയും വിവിധ വകുപ്പുകളുടെയും പിന്തുണ ലഭിക്കുന്നുണ്ട്. ശുചീകരണയജ്ഞം ആരംഭിച്ചശേഷം പകര്‍ച്ചവ്യാധി പിടിപെടുന്നവരുടെ എണ്ണം വളരെയേറെ കുറഞ്ഞു. ഈച്ചയുടെ ശല്യം കുറഞ്ഞു. എക്സിക്യൂട്ടീവ് ഓഫിസര്‍ വി.എസ്. ജയകുമാര്‍, പൊലീസ് സ്പെഷല്‍ ഓഫിസര്‍ കെ. വിജയന്‍, ദുരന്തനിവാരണ സേന ഡെപ്യൂട്ടി കമാന്‍ഡന്‍റ് ജി. വിജയന്‍, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ ടി.കെ. അജിത്പ്രസാദ്, ഡിവൈ.എസ്.പി കെ. സതീശന്‍, ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫിസര്‍ ജി. കൃഷ്ണകുമാര്‍, പി.ആര്‍.ഒ മുരളി കോട്ടക്കകം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.