ക്രിസ്മസ്-പുതുവത്സരാഘോഷം: മുന്‍കരുതലുമായി ജില്ലാ ഭരണകൂടം

തൊടുപുഴ: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ജില്ലയില്‍ അനധികൃത മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി പദാര്‍ഥങ്ങള്‍ തുടങ്ങിയവയുടെ ഉപഭോഗം, വിപണനം, കടത്ത് എന്നിവ തടയാന്‍ തയാറെടുപ്പുകള്‍ അന്തിമഘട്ടത്തിലെന്ന് കലക്ടര്‍ അജിത് പാട്ടീല്‍ അറിയിച്ചു. ഇതുസംബന്ധിച്ച് കലക്ടറേറ്റില്‍ കൂടിയ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജമദ്യം, സ്പിരിറ്റ്, കഞ്ചാവ് തുടങ്ങിയവ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ജില്ലയില്‍ എത്തുന്നില്ളെന്ന് ഉറപ്പാക്കാന്‍ ചെക്പോസ്റ്റുകളില്‍ സ്ക്വാഡുകള്‍ രൂപവത്കരിച്ചു. ബോഡിമെട്ട് ചെക്പോസ്റ്റില്‍ ദേവികുളം സബ്കലക്ടര്‍ ജി.ആര്‍. ഗോകുലിന്‍െറ നേതൃത്വത്തിലും കുമളി ചെക്പോസ്റ്റില്‍ കുമളി എ.സി.എസ്.ഒ ഇ.സി. സ്കറിയയുടെ നേതൃത്വത്തിലും ചിന്നാര്‍ ചെക്പോസ്റ്റില്‍ ആര്‍.ആര്‍. ഡെപ്യൂട്ടി കലക്ടര്‍ കെ. ജയിംസ് ജോണിന്‍െറ നേതൃത്വത്തിലും കമ്പംമെട്ട് ചെക്പോസ്റ്റില്‍ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി.എം. സെബാസ്റ്റ്യന്‍െറ നേതൃത്വത്തിലുമാണ് സ്ക്വാഡുകളെ നിയോഗിച്ചത്. സ്ക്വാഡുകള്‍ അതത് ചെക്പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന നടത്തിയും ചെക്പോസ്റ്റുകളില്‍നിന്ന് മാറി റോഡുകളില്‍ വാഹന പരിശോധന നടത്തിയും സ്പിരിറ്റ് ഉള്‍പ്പെടെയുള്ള വ്യാജമദ്യങ്ങള്‍ തടയും. ഡിസംബര്‍ 15 രാത്രി മുതല്‍ ജനുവരി അഞ്ചുവരെയാണ് സ്ക്വാഡുകളുടെ പ്രവര്‍ത്തനം. രാത്രികാലങ്ങളിലായിരിക്കും സ്ക്വാഡിന്‍െറ പ്രധാന പരിശോധന. സ്ക്വാഡുകള്‍ ജില്ലാ അതിര്‍ത്തികളിലെ ചെക്പോസ്റ്റുകളില്‍ യഥാവിഥി വാഹന പരിശോധന നടത്തുന്നു എന്ന് സ്ക്വാഡ് ലീഡര്‍മാര്‍ ഉറപ്പാക്കുകയും നേരിട്ട് മേല്‍നോട്ടം വഹിക്കുകയും ചെയ്യും. തഹസില്‍ദാര്‍മാര്‍ ചുമതലക്കാരായി താലൂക്ക്തല സ്ക്വാഡുകള്‍ക്കും രൂപം നല്‍കി. ദേവികുളം തഹസില്‍ദാര്‍ പി. ധര്‍മരാജന്‍, പീരുമേട് തഹസില്‍ദാര്‍ എ.സി. ദേവസ്യ, ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പി.പി. ജോയി, തൊടുപുഴ തഹസില്‍ദാര്‍ ടി.ജെ. സുരേന്ദ്രന്‍, ഇടുക്കി തഹസില്‍ദാര്‍ എസ്.എല്‍. സജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്കാഡുകളാണ് താലൂക്ക്തലത്തില്‍ പ്രവര്‍ത്തിക്കുക. ദേവികുളം ഡിവിഷന്‍ സ്ക്വാഡിന്‍െറ മേല്‍നോട്ടം ദേവികുളം സബ്കലക്ടര്‍ക്കും ഇടുക്കി സബ്ഡിവിഷന്‍െറ മേല്‍നോട്ടം ഇടുക്കി ആര്‍.ഡി.ഒക്കുമാണ്. ജില്ലയിലെ അഞ്ച് ചെക്പോസ്റ്റുകളിലും സംസ്ഥാനാന്തര ഊടുവഴികളിലും സംസ്്ഥാന അതിര്‍ത്തി പ്രദേശങ്ങളിലും കൂടി കള്ളക്കടത്ത് ശ്രമം ഉണ്ടാകാമെന്നതിനാല്‍ ഇവിടങ്ങളില്‍ പ്രത്യേക ജാഗ്രത പാലിക്കും. ചെക്പോസ്റ്റുകളില്‍ 24 മണിക്കൂറും ഒരു പ്രിവന്‍റിവ് ഓഫിസറും രണ്ട് എക്സൈസ് ഗാര്‍ഡും ഡ്യൂട്ടിക്കുണ്ടായിരിക്കും. ചെക് പോസ്റ്റുകളില്‍ കൂടി കടന്നുപോകുന്ന എല്ലാ വാഹനങ്ങളുടെയും രജിസ്റ്റര്‍ നമ്പര്‍, ഇനം, ചരക്ക്, സമയം എന്നിവ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ഡ്രൈവറുടെ ഒപ്പ് പതിക്കുകയും ചെയ്യും. പരിശോധനക്കിടെ വാഹനങ്ങളില്‍ ഉള്ളവരോട് മര്യാദയോടെ മാത്രമേ പെരുമാറാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. പരുഷമായ പെരുമാറ്റം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.