ഉപ്പുതറ-വളകോട്-വാഗമണ്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ്; കട്ടപ്പന ഡിപ്പോക്ക് അനാസ്ഥയെന്ന് പരാതി

കട്ടപ്പന: നിര്‍ദിഷ്ട തേക്കടി-കൊച്ചി സംസ്ഥാന പാതയുടെ ഭാഗമായ ഉപ്പുതറ-വളകോട്-വാഗമണ്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കുന്നതില്‍ കട്ടപ്പന ഡിപ്പോ അധികൃതര്‍ അനാസ്ഥ കാട്ടുന്നതായി പരാതി. കട്ടപ്പന-ആലപ്പുഴ റൂട്ടിലുള്ള കെ.എസ്.ആര്‍.ടി.സി ബസ് ഇതുവഴി സര്‍വീസ് നടത്തുന്നതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ തീരുമാനമെടുത്തതാണ്. പത്തുമാസം കഴിഞ്ഞ ശേഷമാണ് ഇതുമായി ബന്ധപ്പെട്ട രേഖ ചീഫ് ഓഫിസിലേക്ക് അയച്ചത്. ഇത് മന$പൂര്‍വം താമസിപ്പിച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതുവഴി പാലാ, കോട്ടയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തണമെന്ന ആവശ്യവും അധികൃതര്‍ അവഗണിക്കുകയാണ്. ഇതുവഴി ബസ് അനുവദിച്ചാല്‍ അവികസിതമായ നിരവധി പ്രദേശങ്ങളിലെ നാട്ടുകാരുടെ യാത്രാക്ളേശത്തിന് പരിഹാരം ഉണ്ടാകും. മാത്രമല്ല, മറ്റ് റൂട്ടുകളെ അപേക്ഷിച്ച് 20 കിലോമീറ്റര്‍ കുറവുമാണ്. കെ.എസ്.ആര്‍.ടി.സിക്ക് ഏറെ ലാഭകരമായി നടത്താവുന്ന ഈ റൂട്ടിലെ സര്‍വീസുകള്‍ സ്വകാര്യ ബസ് ലോബിക്ക് നല്‍കാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നത്. തീരുമാനിച്ച സര്‍വീസ് തുടങ്ങാനും എറണാകുളം, കോട്ടയം, പാലാ എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ തുടങ്ങാനും നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഉപ്പുതറ ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. അരുണ്‍ പൊടിപാറ ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി.ശബരിമല സീസണ്‍ കഴിഞ്ഞാലുടന്‍ ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി പൊടിപാറ അറിയിച്ചു. ഉപ്പുതറ-വളകോട്-വാഗമണ്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കുന്നതിന് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പ്രത്യക്ഷ സമരം തുടങ്ങുമെന്ന് മണ്ഡലം പ്രസിഡന്‍റ് ഫ്രാന്‍സിസ് ദേവസ്യ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.