ഡാണാപ്പടി തോടിന് ശാപമോക്ഷം

ഹരിപ്പാട്: ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ ഡാണാപ്പടി തോടിന് ശാപമോക്ഷമാകുന്നു. 1.70 കോടി ചെലവിട്ട് മേജര്‍ ഇറിഗേഷന്‍ വകുപ്പാണ് തോടിന്‍െറ ആഴവും വീതിയും കൂട്ടാനുള്ള നവീകരണ പദ്ധതി നടപ്പാക്കുന്നത്. കരുവാറ്റ കൊപ്പാറ കടവില്‍ തുടങ്ങി കാര്‍ത്തികപ്പള്ളി പൂത്തോട്ട തോടുമായി സംഗമിച്ച് കായംകുളം കായലില്‍ എത്തുന്ന ഡാണാപ്പടി തോടിന് 9.5 കി.മീ ദൈര്‍ഘ്യമുണ്ട്. പായിപ്പാട്ടാറിന്‍െറ കൈവഴിയായ ഈ തോടിന് ഏറെ ചരിത്രപ്രാധാന്യവുമുണ്ട്. പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തില്‍ പങ്കെടുക്കുന്ന പടിഞ്ഞാറന്‍ മേഖലയിലെ കളിവള്ളങ്ങള്‍ തിരുവോണം നാള്‍ രാവിലെ ക്ഷേത്രത്തില്‍ എത്തി വള്ളപ്പാട്ട് പാടി ദേവനെ തൊഴുത് ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചിരുന്നത് ഈ തോടുവഴി തുഴഞ്ഞുവന്നായിരുന്നു. പണ്ടുകാലത്ത് നൂറുകണക്കിന് കെട്ടുവള്ളങ്ങള്‍ ഇതുവഴി സഞ്ചരിച്ചിരുന്നതായും പഴമക്കാരുടെ സാക്ഷ്യം. 30 വര്‍ഷത്തിലധികമായി ഇവിടെ തോടുവഴി ജലഗതാഗതം നടക്കുന്നില്ല. ഇതോടെ വ്യാപകമായി കൈയേറി ചിലയിടങ്ങളില്‍ നീരൊഴുക്ക് തടസ്സപ്പെടുത്തി പാലങ്ങളും നിര്‍മിച്ചു. തോട്ടിലെ കാര്‍ത്തികപ്പള്ളി, ഡാണാപ്പടി എന്നിവിടങ്ങളില്‍ വന്‍തോതില്‍ മാലിന്യം നിക്ഷേപിക്കാനും തുടങ്ങി. ഇതോടെ നാശത്തിന്‍െറ വക്കിലത്തെിയ തോടിനെ ഗതകാല പ്രൗഢിയില്‍ എത്തിക്കാനുള്ള പദ്ധതി തുടങ്ങിയത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ്. രണ്ട് ഘട്ടമായി പൂര്‍ത്തിയാക്കുന്ന നവീകരണ പ്രക്രിയയുടെ ആദ്യഘട്ടത്തില്‍ തോടിന്‍െറ ആഴവും വീതിയും കൂട്ടും. മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഏറ്റെടുത്ത ജോലിയില്‍ ഏഴ് കി.മീ പൂര്‍ത്തിയായി. കൊപ്പാറ കടവില്‍നിന്ന് ഡാണാപ്പടി പാലത്തിന്‍െറ വടക്കുവശം വരെയാണ് പൂര്‍ത്തിയായത്. അടുത്തഘട്ടം തോടിന്‍െറ സൗന്ദര്യവത്കരണ പദ്ധതിയാണ്. കേന്ദ്ര വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായാണ് ഇതു നടപ്പാക്കുന്നത്. തോടിന്‍െറ തീരത്ത് പൂന്തോട്ടം, വിശ്രമിക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഇതില്‍പ്പെടുന്നു. തോട്ടിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മുമ്പ് ശ്രമം നടന്നതാണ്. എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍മൂലം ഫലപ്രദമായില്ല. സൗന്ദര്യ പദ്ധതി നടപ്പാക്കാന്‍ തോട്ടിലെ നീരൊഴുക്ക് സുഗമമായി നടക്കുമെന്ന് ഉറപ്പുവരുത്തണം. ഇതിനായി സര്‍വേ നടത്തി തോടിന്‍െറ അതിര്‍ത്തി നിര്‍ണയിച്ച് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.