മാവോവാദി സാന്നിധ്യം: ദലിത് കോളനികളില്‍ അന്വേഷണത്തിന് കലക്ടറുടെ ഉത്തരവ്

കൊച്ചി: മാവോവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് ദലിത് കോളനികള്‍ കേന്ദ്രീകരിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറുടെ ഉത്തരവ്. കോളനികള്‍ കേന്ദ്രീകരിച്ച് മാവോവാദികള്‍ സംസ്ഥാനത്ത് സജീവമായ സാഹചര്യത്തിലാണ് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ ജില്ലാ പട്ടികജാതി വികസന ഓഫിസറോട് ആവശ്യപ്പെട്ടത്. ദുര്‍ബല പട്ടികവിഭാഗക്കാരുടെ ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്ത് മാവോവാദികള്‍ നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പൊലീസിനെ ഒഴിവാക്കി ഉദ്യോഗസ്ഥരെ കോളനികളില്‍നിന്ന് വിവരം ശേഖരിക്കാന്‍ രംഗത്തിറക്കാന്‍ കാരണം. കഴിഞ്ഞ ജൂണിലും സമാന ഉത്തരവ് ഇറങ്ങുകയും ഇത് പ്രകാരം ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഈ ഉത്തരവ് പരിഷ്കരിച്ചാണ് പുതിയ ഉത്തരവിറക്കിയത്. ബ്ളോക്, നഗരസഭ, കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫിസര്‍മാരെയാണ് കോളനികളില്‍ മാവോവാദികളുടെ സാന്നിധ്യം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ ദലിത് കോളനികള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചത്. കോളനികളിലെ വികസന പ്രശ്നങ്ങളും അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ പട്ടികവിഭാഗക്കാര്‍ക്കുനേരെ അക്രമത്തിന് സാധ്യതയുണ്ടോ എന്നതിനെ കുറിച്ചും കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.