കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് മാറ്റം അടുത്ത വര്‍ഷം

പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബസുകള്‍ സ്റ്റേഡിയം സ്റ്റാന്‍ഡിലേക്ക് മാറ്റുന്നത് പുതുവര്‍ഷത്തിലേക്ക് നീളും. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ വൈകുന്നതാണ് കാരണം. കെ.എസ്.ആര്‍.ടി.സി സ്റ്റേഡിയം സ്റ്റാന്‍ഡിലേക്ക് മാറ്റുമ്പോള്‍ ജീവനക്കാര്‍ക്ക് വിശ്രമിക്കാനും ഓഫിസിനുമായി പണിയുന്ന കെട്ടിടത്തിന് നഗരസഭ താല്‍ക്കാലിക ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. അതുലഭിച്ചാലേ വൈദ്യുതി, വെള്ളം സൗകര്യങ്ങള്‍ക്കായി കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് ബില്‍ഡിങ് വിഭാഗം എന്നിവക്ക് അപേക്ഷ നല്‍കാനാകൂ. പഴയ കെട്ടിടം പൊളിക്കാനായി ആറ് മാസം മുമ്പാണ് നിലവിലെ സ്റ്റാന്‍ഡില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇതുവരെ കെ.എസ്.ആര്‍.ടി.സിക്ക് കൈമാറിയിട്ടില്ല. വനിതാ കണ്ടക്ടര്‍മാര്‍ ഉള്‍പ്പെടെ 452 ജീവനക്കാര്‍ ഇവിടെയുണ്ട്. ഇതിന് പുറമെ കേരളത്തിലെ കെ.എസ്.ആര്‍.ടി.സിയുടെ 20 യൂനിറ്റുകളിലുള്ള വാഹനങ്ങളും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള ബസുകളും ചേര്‍ന്ന് നൂറോളം വാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും വേണ്ടി ടോയ്ലറ്റ് സൗകര്യങ്ങള്‍ സജ്ജീകരിക്കണം. ഇതെല്ലാം പൂര്‍ത്തിയായാല്‍ മാത്രമേ സ്റ്റേഡിയം സ്റ്റാന്‍ഡിലേക്ക് കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാറ്റാനാവൂവെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനിടെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ പ്രധാന കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചു. കടകളും കാന്‍റീനുമൊക്കെ ഒഴിപ്പിച്ചുതുടങ്ങി. 15 ദിവസത്തിന് ശേഷം കെട്ടിടം പൊളിക്കല്‍ തുടങ്ങും. സ്റ്റാന്‍ഡിലെ കടകളും ഭക്ഷണ ശാലകളും അടപ്പിച്ചതോടെ യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.