പെരിന്തല്‍മണ്ണയില്‍ ട്രാഫിക് പരിഷ്കാരം നിലവില്‍വന്നു

പെരിന്തല്‍മണ്ണ: നഗരത്തില്‍ ട്രാഫിക് പരിഷ്കാരം നിലവില്‍വന്നു. കോഴിക്കോട് റോഡില്‍നിന്ന് വരുന്ന ബസുകള്‍ക്ക് നേരിട്ട് നഗരത്തില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കുന്ന പരിഷ്കാരം ശനിയാഴ്ച മുതലാണ് നടപ്പാക്കിയത്. അങ്ങാടിപ്പുറം വഴി വരുന്ന ബസുകള്‍ ബൈപാസ് ചുറ്റി ഊട്ടി റോഡ് വഴിയാണ് മുമ്പ് നഗരത്തില്‍ എത്തിയിരുന്നത്. രണ്ട് കിലോമീറ്ററിലധികം കൂടുതല്‍ സഞ്ചരിക്കേണ്ടി വരുന്നത് സമയ-ഇന്ധന നഷ്ടത്തിനിടയാക്കുന്നതായ ബസുടമകളുടെ നിരന്തര പരാതിയെ തുടര്‍ന്നാണ് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിഷ്കരണത്തിന് അനുമതി നല്‍കിയത്. ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പരിഷ്കാരത്തിന്‍െറ നേട്ടവും കോട്ടവും വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം. നഗരസഭയുടെ എതിര്‍പ്പ് അവഗണിച്ചാണ് ട്രാഫിക് പരിഷ്കാരം നടപ്പാക്കിയത്. ശനിയാഴ്ച രാവിലെ മുതല്‍ ബസുകള്‍ കോഴിക്കോട് റോഡ് വഴി നഗരത്തില്‍ പ്രവേശിച്ച് തുടങ്ങി. ഇതോടെ പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, ഏലംകുളം, പുലാമന്തോള്‍, ഒറ്റപ്പാലം ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ബൈപാസില്‍ ഇറങ്ങേണ്ടി വന്നു. യാത്രക്കാരെ ഇക്കാര്യമറിയിക്കാന്‍ ബസുടമ സംഘം പ്രത്യേക സംവിധാനം ഒരുക്കി. ബൈപാസ്, മുനിസിപ്പാലിറ്റിക്ക് മുന്‍വശം, ഡിവൈ.എസ്.പി ഓഫിസിന് മുന്‍വശം എന്നിവിടങ്ങളിലായി 20 പേരെ സംഘടന ഇക്കാര്യത്തിനായി നിയോഗിച്ചു. യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ഇവര്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. അല്‍ശിഫ, മൗലാന ആശുപത്രികളിലേക്കുള്ള യാത്രക്കാരും പുതിയ രീതി നടപ്പാക്കിയതോടെ ബൈപാസില്‍ ഇറങ്ങാന്‍ നിര്‍ബന്ധിതരായി. ബൈപാസ് വഴി പോകുന്നതിനാല്‍ നേരത്തേ യാത്രക്കാര്‍ക്ക് രണ്ട് ആശുപത്രികള്‍ക്കും മുന്നിലെ സ്റ്റോപ്പില്‍ ഇറങ്ങാമായിരുന്നു. നിലവില്‍ ഈ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ബൈപാസിലോ മണ്ണാര്‍ക്കാട് റോഡിലോ ഇറങ്ങി ഓട്ടോ പിടിക്കുകയോ മറ്റു ബസുകളില്‍ കയറുകയോ ചെയ്യേണ്ടി വരുന്നുണ്ട്. അവധി ദിവസമായതിനാല്‍ പുതിയ പരിഷ്കാരം നഗരഗതാഗതത്തെ ഏതു തരത്തില്‍ ബാധിച്ചു എന്ന് കൃത്യമായി വിലയിരുത്താനായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.