തിരൂര്‍ പുഴയോരം മോടിപിടിപ്പിക്കാന്‍ 140 ലക്ഷം –എം.എല്‍.എ

തിരൂര്‍: പുഴയോര ടൂറിസം വികസനത്തിനായി ഭാഷാ പൈതൃകനഗരം പദ്ധതിയില്‍ ഒന്നാംഘട്ടമായി 140 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ക്ക് അംഗീകരം ലഭിച്ചതായി സി. മമ്മുട്ടി എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്‍െറ ഭാഗമായി താഴെപ്പാലം മുതല്‍ ബോട്ടുജെട്ടിവരെയുള്ള പാത നവീകരിക്കും. പുഴയോരത്ത് ടൈല്‍സും ഇരിപ്പിടങ്ങളും വര്‍ണ ബള്‍ബുകളും സ്ഥാപിക്കും. പുഴയില്‍ ബോട്ട് സര്‍വീസ് തുടങ്ങും. മാര്‍ച്ച് 31ന് മുമ്പായി പുഴയോര നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ടൂറിസം മന്ത്രിയുടെ ചേംബറില്‍ നടന്ന യോഗമാണ് പരിപാടികള്‍ക്ക് രൂപം നല്‍കിയത്. യോഗത്തില്‍ മന്ത്രിക്കും എം.എല്‍.എക്കും പുറമെ ടൂറിസം പ്ളാനിങ് ഓഫിസര്‍ ഉദയകുമാര്‍, ആര്‍ക്കിടെക്റ്റുകള്‍ തുടങ്ങിയവരും പങ്കെടുത്തു. 70 ലക്ഷം രൂപ ചെലവില്‍ ശുചീകരിച്ച തിരൂര്‍ പുഴയെ വീണ്ടും മലിനമാക്കാന്‍ നിഗൂഢ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ റിവര്‍ മാനേജുമെന്‍റ് ഫണ്ടുപയോഗിച്ച് സി.സി.ടി.വി സ്ഥാപിക്കലടക്കമുള്ള പരിപാടികള്‍ നടത്താന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി കലക്ടറുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്ത് പ്രത്യേക സമിതിക്ക് രൂപം നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.