ദേശീയ ഗെയിംസ് : സ്റ്റേഡിയം നിര്‍മാണപ്രവൃത്തികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണം –മുഖ്യമന്ത്രി

കോഴിക്കോട്: 35ാമത് ദേശീയ ഗെയിംസ് മത്സരങ്ങളുടെ കോഴിക്കോട്ടെ വേദികളുടെ പ്രവൃത്തി ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കലക്ടറേറ്റില്‍ ഇതുസംബന്ധിച്ച് നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി ആദ്യവാരത്തില്‍ കോഴിക്കോട്ട് നടക്കുന്ന മത്സരയിനങ്ങളുടെ വേദികള്‍ ഇപ്പോഴും പ്രവൃത്തി പൂര്‍ത്തിയായില്ളെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഫുട്ബാള്‍ മത്സരങ്ങള്‍ നടക്കുന്ന കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ പ്രവൃത്തികള്‍ 85 ശതമാനമേ പൂര്‍ത്തിയായിട്ടുള്ളൂ. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ മുഖ്യവേദി മലബാര്‍ ക്രിസ്ത്യന്‍ കോളജ് ആയതോടെ ഗെയിംസിന്‍െറ പ്രാക്ടീസിങ് ഗ്രൗണ്ട് നഷ്ടപ്പെട്ടതായി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധികള്‍ പറഞ്ഞു. കല്ലായി ഗണപത് സ്കൂളിലെ ഗ്രൗണ്ട് പുതുതായി അനുവദിച്ചിട്ടുണ്ടെങ്കിലും ഇവിടെ പുല്ലുപോലും പിടിപ്പിച്ചിട്ടില്ല. ഇതിന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പണി ഇഴയുകയാണ്. കലോത്സവവും ദേശീയ ഗെയിംസും വരുമ്പോഴും നഗരത്തിലെ മിക്ക റോഡുകളും തകര്‍ന്ന നിലയിലാണ്. ഏഴ് റോഡുകളുടെ നവീകരണത്തിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും മാവൂര്‍ റോഡ്, പാവമണി റോഡ് എന്നിവയുടെ നവീകരണത്തിന് മാത്രമാണ് തുക അനുവദിച്ചത്. മറ്റു വേദികള്‍ ഉള്ളയിടത്ത് ഒഫീഷ്യലുകള്‍ക്ക് എ.സി റൂമുകള്‍ അനുവദിച്ചപ്പോള്‍ കോഴിക്കോട്ട് നോണ്‍ എ.സി റൂമുകളാക്കിയതിലും പ്രതിഷേധമറിയിച്ചു. ഗെയിംസ് അടുത്തത്തെിയിരിക്കെ ഇത് ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുക പാസായ റോഡുകളുടെ നവീകരണം അടുത്ത ദിവസം ആരംഭിക്കണം. മറ്റുള്ളവയുടെ കാര്യം പൊതുമരാമത്ത് മന്ത്രിയുമായി സംസാരിച്ച് തീര്‍പ്പുണ്ടാക്കും. ഭക്ഷണം, താമസം, സ്വീകരണം എന്നിവക്ക് ഉത്തരവാദപ്പെട്ട കമ്മിറ്റികള്‍ ചുമതല കൃത്യമായി നിറവേറ്റണം. ഗതാഗതത്തിന് നാല് ലോ ഫ്ളോര്‍ ബസുകള്‍ ലഭിക്കാന്‍ വേണ്ട നടപടിയെടുക്കും. ചെലവ് നിയന്ത്രിക്കാന്‍ സ്പോണ്‍സര്‍മാരെ കണ്ടത്തെണം. ഹോട്ടലുകള്‍ക്ക് നികുതിയിളവ് സംബന്ധിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നിലെ ബസ്സ്റ്റോപ് നീക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ എ.വി. ജോര്‍ജ് യോഗത്തില്‍ അറിയിച്ചു. മന്ത്രി ഡോ. എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി, പി.എ. ഹംസ, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ജെ. മത്തായി എന്നിവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ സി.എ. ലത സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.