മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം: ഏപ്രിലില്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കും

കോഴിക്കോട്: നഗരത്തിന്‍െറ സ്വപ്നപദ്ധതിയായ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിനായി അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗം റോഡ് വികസനം ഗൗരവമായി ചര്‍ച്ചചെയ്തിട്ടുണ്ട്. 2015 ഏപ്രില്‍ മാസത്തിനകം സ്ഥലമെടുപ്പ് പൂര്‍ത്തീകരിക്കും. നേരത്തേ തീരുമാനിച്ച പ്രകാരം ഫെബ്രുവരിയിലെ സപ്ളിമെന്‍ററി ബജറ്റില്‍ 100 കോടി രൂപയും മാര്‍ച്ചിലെ ബജറ്റില്‍ ബാക്കി തുകയും വകയിരുത്തും. ഡി.എല്‍.പി.സി റിപ്പോര്‍ട്ടുകള്‍ ഈ മാസംതന്നെ എസ്.എല്‍.ഇ.സിയുടെ അംഗീകാരത്തിന് വെക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. റോഡിനുവേണ്ടിയുള്ള സര്‍ക്കാര്‍ ഭൂമിയുടെ കൈമാറ്റത്തിന് താമസംവിനാ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ഈമാസം 18ന് തിരുവനന്തപുരത്ത് നടത്താന്‍ തീരുമാനിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് മാറ്റിവെച്ചതായി ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ഡോ. എം.ജി.എസ്. നാരായണന്‍ അറിയിച്ചു. നഗരത്തിലെ സാമൂഹിക-രാഷ്ട്രീയ- സാംസ്കാരിക നേതാക്കളടക്കം 3033 പേര്‍ ഒപ്പിട്ട ഭീമഹരജി മുഖ്യമന്ത്രി സ്വീകരിച്ചു. കോഴിക്കോട് ഗവ. ഗെസ്റ്റ് ഹൗസില്‍ എം.കെ. രാഘവന്‍ എം.പി, കലക്ടര്‍ സി.എ. ലത, ആക്ഷന്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്‍റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍, മുന്‍ മേയര്‍ സി.ജെ. റോബിന്‍, കെ.പി. വിജയകുമാര്‍, കെ.വി. സുനില്‍കുമാര്‍, പി. ലോഹിതാക്ഷന്‍, ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, ജനറല്‍ സെക്രട്ടറി കെ.വി. സുബ്രഹ്മണ്യന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.