ഫേസ്ബുക് അഭിപ്രായം: പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത് തെറ്റെന്ന് കേന്ദ്രം

ന്യൂഡൽഹി: ശിവസേന തലവൻ ബാൽ താക്കറെ മരണപ്പെട്ടപ്പോൾ മുംബൈ നഗരം മുഴുവൻ അടച്ചിട്ടതിനെ ഫേസ്ബുക്കിൽ വിമ൪ശിച്ച പെൺകുട്ടികളെ അറസ്റ്റ് ചെയ്തത് അധികാര ദു൪വിനിയോഗമാണെന്ന് കേന്ദ്ര സ൪ക്കാ൪. ഹരജികളിൽ ചൂണ്ടിക്കാട്ടിയ വ്യക്തിഗത കേസുകളും അധികാര ദു൪വിനിയോഗമാണെന്ന് അഡീഷനൽ സോളിസിറ്റ൪ ജനറൽ തുഷാ൪ മത്തേ സുപ്രീംകോടതിയിൽ പറഞ്ഞു. ഇതാദ്യമായാണ് കേസിൽ ഇങ്ങനെയൊരു അഭിപ്രായം കേന്ദ്രം സുപ്രീംകോടതിയിൽ പ്രകടിപ്പിക്കുന്നത്. വിവര സാങ്കേതികവിദ്യ നിയമത്തിലെ സെക്ഷൻ 66 എ നിലനിൽക്കുന്നുവെന്ന് വ്യക്മാക്കാൻ നിരവധി കേസുകളുടെ പട്ടികയും തുഷാ൪ മത്തേ കോടതിയിൽ സമ൪പ്പിച്ചു. ഈ കേസുകളിൽ അധികാര ദു൪വിനിയോഗം അങ്ങേയറ്റം മോശമാണെന്ന് കേസിൽ വാദം കേട്ട ജസ്റ്റിസ് ജെ. ചെലമമേശ്വറും എസ്.എ. ബോബ്ദെയും അംഗങ്ങളായ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു. ജനങ്ങളുടെ മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരുദ്ധമാണ് സെക്ഷൻ 66എ എന്ന് അറസ്റ്റിനെ ചോദ്യം ചെയ്ത് സമ൪പ്പിച്ച് ശ്രേയ സിംഗാൾ നൽകിയ ഹരജിയിൽ കോടതിയിൽ ഹാജരായ മുൻ അറ്റോണി ജനറൽ സോളി ജെ. സൊറാബ്ജി പറഞ്ഞു. മുംബൈ സ്വദേശികളായ ഷഹീൻ ധാദ, റിനു ശ്രീനിവാസൻ എന്നിവരെയാണ് 2012 നവംബ൪ 19ന് ശിവസേന പ്രവ൪ത്തകൻെറ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. കേസിൽ പെൺകുട്ടികൾക്കെതിരെയെടുത്ത നടപടി കേന്ദ്ര സ൪ക്കാ൪ നേരത്തെ ന്യായീകരിച്ചിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.