ഹാരിസണ്‍സ്: സ്പെഷല്‍ ഓഫിസറുടെ നടപടിയില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവ്

കൊച്ചി: നാലുജില്ലയിലായി ഹാരിസൺസ് മലയാളം കമ്പനിയുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാനുള്ള സ്പെഷൽ ഓഫിസറുടെ നടപടി ഹൈകോടതി താൽക്കാലികമായി തടഞ്ഞു. ഇക്കാര്യത്തിൽ ആറാഴ്ചത്തേക്ക് നിലവിലെ സ്ഥിതി തുടരാൻ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. ഈ കാലയളവിൽ ഭൂമിയുടെ കൈമാറ്റമോ ബാധ്യതപ്പെടുത്തലോ സംബന്ധിച്ച ഇടപാടുകൾ നടത്തരുതെന്ന് ഹാരിസണിനോട് കോടതി നി൪ദേശിച്ചു.
നാല് ജില്ലയിലായി തങ്ങളുടെ കൈവശമുള്ള 29,150 ഏക്ക൪ ഭൂമി ഏറ്റെടുക്കാൻ ഡിസംബ൪ ഒന്നിന് നൽകിയ നോട്ടീസും തുട൪ നടപടികളും സ്പെഷൽ ഓഫിസ൪ എം.ജി. രാജമാണിക്യത്തിൻെറ റിപ്പോ൪ട്ടും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹാരിസൺസ് മലയാളം നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഹാരിസണിൻെറ കൈവശമുള്ള ഭൂമിയുടെ നിയമസാധുത പരിശോധിക്കാൻ സ്പെഷൽ ഓഫിസ൪ക്ക് അധികാരപരിധിയുണ്ടോയെന്ന് സ൪ക്കാ൪ പരിശോധിക്കണമെന്ന സിംഗ്ൾ ബെഞ്ച് ഉത്തരവ് പാലിക്കാതെയാണ് റിപ്പോ൪ട്ട് നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാരിസൺസ് ഹരജി നൽകിയത്. അധികാരപരിധി പരിശോധിക്കാതെ നടപടിയെടുക്കണമെന്ന റിപ്പോ൪ട്ട് അംഗീകരിക്കുകയാണ് ചെയ്തതെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
മന്ത്രിയും റവന്യൂ സ്പെഷൽ ഗവ. പ്ളീഡറുമുൾപ്പെടെ പങ്കെടുത്ത യോഗത്തിൽ ഹാരിസൺസ് ഭൂമി പിടിച്ചെടുക്കാൻ നേരത്തേ തീരുമാനിച്ചതാണ്. എന്നാൽ, സ്പെഷൽ ഓഫിസറെ പേരിന് നിയോഗിച്ച ശേഷം മുൻ തീരുമാനം സ൪ക്കാ൪ നടപ്പാക്കുകയാണ് ചെയ്യുന്നത്. വ്യാജ രേഖകളാണോ ഹാരിസണിൻെറ കൈവശമുള്ളതെന്ന് സിവിൽ കോടതിയാണ് തീരുമാനിക്കേണ്ടത്. വ്യാജപട്ടയങ്ങൾ ബന്ധപ്പെട്ട അധികൃതരാണ് പരിശോധിച്ച് സ്ഥിരീകരിക്കേണ്ടതെന്നിരിക്കെ വ്യാജരേഖകളാണെന്ന് സ്പെഷൽ ഓഫിസ൪ തീരുമാനമെടുത്ത നടപടി നിയമപരമായി നിലനിൽക്കുന്നതല്ളെന്നും ഹരജിക്കാ൪ വാദിച്ചു.
എന്നാൽ, കോടതി ഉത്തരവുപ്രകാരമാണ് സ്പെഷൽ ഓഫിസറുടെ നിയമനമെന്നും അനധികൃത സ്ഥലം പിടിച്ചെടുക്കാൻ നടപടിക്ക് ഓഫിസ൪ക്ക് അധികാരമുണ്ടെന്നും റവന്യൂ സ്പെഷൽ ഗവ. പ്ളീഡ൪ സുശീല ആ൪. ഭട്ട് ചൂണ്ടിക്കാട്ടി. സ്പെഷൽ ഓഫിസറുടെ അധികാരം വ്യക്തമാക്കുന്ന സിംഗ്ൾ ബെഞ്ച് ഉത്തരവും കോടതിയിൽ ഹാജരാക്കി.
ഹരജിക്കാരുടെ വാദം കേട്ടശേഷം ഇക്കാര്യത്തിൽ കൂടുതൽ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി. കൂടുതൽ വാദത്തിന് ജനുവരി 20ന് പരിഗണിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.