പക്ഷിപ്പനി ഭീതി അകറ്റണമെന്നാവശ്യം

കൊല്ലം: സമീപ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ ജനങ്ങളുടെ ഭീതിയകറ്റണമെന്നും പ്രതിരോധ മരുന്നുകള്‍ എത്തിക്കണമെന്നും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പക്ഷിപ്പനി ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്നും ആശങ്ക വേണ്ടെന്നും ഏതു സാഹചര്യവും നേരിടാനുള്ള സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ. ചന്ദ്രപ്രസാദ് അറിയിച്ചു. ഇതിനാവശ്യമായ പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡി.എം.ഒ അറിയിച്ചു. പക്ഷികളുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. റോസ്മലയില്‍ വൈദ്യുതി എത്തിക്കുന്നതിന് നടപടിയെടുക്കണമെന്നും രാജീവ് ഗാന്ധി റോസ്ഗാര്‍ യോജനയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കണമെന്നും കെ. രാജു എം.എല്‍.എ ആവശ്യപ്പെട്ടു. പദ്ധതിയില്‍ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ വൈദ്യുതി ബോര്‍ഡ് പണം നല്‍കി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. പുനലൂര്‍ താലൂക്ക് ഹോമിയോ ആശുപത്രിയുടെ കെട്ടിട നിര്‍മാണത്തില്‍ വന്ന പാകപ്പിഴ വിജിലന്‍സ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലംതോട് പുനരുദ്ധാരണപദ്ധതിയില്‍ അര്‍ഹരായവര്‍ക്ക് വീടുകള്‍ നല്‍കുന്നതിനും സൂനാമി ഫ്ളാറ്റുകള്‍ വാടകക്ക് നല്‍കുകയും വില്‍ക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എ. എ. അസീസ് എം.എല്‍.എ ആവശ്യപ്പെട്ടു. പള്ളിമുക്കില്‍ 15 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച സിഗ്നല്‍ ലൈറ്റ് തടസ്സം കൂടാതെ പ്രവര്‍ത്തിപ്പിക്കണം. ഇടക്കിടെ സിഗ്നല്‍ ലൈറ്റുകള്‍ കേടാവുന്നതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന റോഡുകളുടെ പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എല്‍.എസ്.ജി.ഡി അനുവാദം യഥാസമയം നല്‍കണമെന്നും അനാവശ്യ തടസ്സങ്ങള്‍ ഉന്നയിച്ച് പണികള്‍ തടസ്സപ്പെടുത്തരുതെന്നും പി. ഐഷ പോറ്റി എം.എല്‍.എ അറിയിച്ചു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ തടസ്സം നീക്കി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും ജി.എസ്. ജയലാല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിതരണം കാലതാമസം വരാതെ നടത്താന്‍ നടപടിവേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. ഈ തുകയുടെ വിതരണം ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എ.ഡി.എം അറിയിച്ചു. ആര്‍.ഡി.ഒ സി. സജീവ്, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ. രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. ജഗദമ്മ, പഞ്ചായത്ത് പ്രസിഡന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് എല്‍. ഷൈലജ, വിവിധ ജില്ലാതല വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.