കുമളി: തമിഴ്നാട്ടിലേക്ക് ജലം ഒഴുക്കുന്നതിനെ തുടര്‍ന്ന് താഴ്ന്നുകൊണ്ടിരിക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ നിലനിര്‍ത്താന്‍ അണക്കെട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് തമിഴ്നാടിന്‍െറ നിര്‍ദേശം. ഇതോടൊപ്പം ബേബി ഡാമിനോട് ചേര്‍ന്ന മണ്‍ അണ (എര്‍ത്തണ്‍ ഡാം) കോണ്‍ക്രീറ്റ് ചെയ്യാനുള്ള നടപടികളും തമിഴ്നാട് വൈകാതെ ആരംംഭിക്കുമെന്നാണ് വിവരം. അണക്കെട്ടിന് സമീപത്തെ ബേബി ഡാമിനോട് ചേര്‍ന്നാണ് മണ്‍ അണ. ബേബി ഡാം നിര്‍മാണ ഘട്ടത്തില്‍ ഉണ്ടായിരുന്ന ചെറിയ മല മണ്ണിട്ട് ഉയര്‍ത്തി രൂപപ്പെടുത്തിയതാണ് ഇത്. 140 അടി നീളമുള്ള അണക്ക് 165 അടി ഉയരവും 4.5 മീറ്റര്‍ വീതിയുമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താനുള്ള നടപടികളുടെ ഭാഗമായാണ് മണ്‍ അണയുടെ മുകള്‍ ഭാഗവും പിന്‍ഭാഗവും കോണ്‍ക്രീറ്റ് ചെയ്യാന്‍ തമിഴ്നാട് തീരുമാനിച്ചതെന്നാണ് സൂചന. മുമ്പ് മണ്‍ ഡാമിന് മുകളിലെയും വശങ്ങളിലെയും മരങ്ങള്‍ മുറിച്ചുനീക്കാന്‍ തമിഴ്നാട് ശ്രമിച്ചെങ്കിലും വനംവകുപ്പ് തടഞ്ഞിരുന്നു. തങ്ങള്‍ക്ക് അനുകൂലമായ നിലവിലെ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മണ്‍ അണ കോണ്‍ക്രീറ്റ് ചെയ്യാനുള്ള പദ്ധതിയുമായി തമിഴ്നാട് മുന്നോട്ട് നീങ്ങുന്നത്. ഇതോടൊപ്പം ബേബി ഡാം ബലപ്പെടുത്താനുള്ള അനുമതിക്കായി ഉന്നതാധികാര സമിതിയെ വൈകാതെ തമിഴ്നാട് സമീപിക്കും. 1987-’88 കാലഘട്ടത്തില്‍ ബേബിഡാം ബലപ്പെടുത്താന്‍ തമിഴ്നാട് നടപടി സ്വീകരിച്ചിരുന്നു. ഇതിനായി 34 ലക്ഷം രൂപ അനുവദിക്കുകയും 1988 ജൂലൈ 15 ന് ടെന്‍ഡര്‍ നല്‍കുകയും ചെയ്തെങ്കിലും കേരളത്തിന്‍െറ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. ജലനിരപ്പ് ഉയര്‍ത്താനുള്ള കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബേബിഡാം ബലപ്പെടുത്തലിന് അനുമതിക്കായി നീക്കം നടത്തുന്നത്. ഇതിനിടെ അണക്കെട്ടിലെ ജലനിരപ്പ് 137അടിയാക്കി നിലനിര്‍ത്താന്‍ ഉന്നതാധികാര സമിതി അംഗം കൂടിയായ ഡോ. സായ്കുമാറാണ് തമിഴ്നാട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. തമിഴ്നാട്ടിലേക്ക് സെക്കന്‍റില്‍ 2008 ഘനഅടി ജലമാണ് ഇപ്പോള്‍ തുറന്നുവിട്ടിട്ടുള്ളത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍റില്‍ 841 ഘനഅടിയായതോടെ ജലനിരപ്പ് ഇപ്പോള്‍ 138.70 അടിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.