നഷ്ടം വസൂലാക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടിക്കും നിര്‍ദേശിച്ച് നോട്ടീസ്

കണ്ണൂര്‍: കരാറിനകം സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ബാങ്കിനുണ്ടായിട്ടുള്ള 25,49,121 രൂപ നഷ്ടം അടിയന്തരമായി വസൂലാക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും ആവശ്യപ്പെട്ട് സഹകരണ സംഘം ജോയന്‍റ് രജിസ്ട്രാര്‍ ബാങ്ക് പ്രസിഡന്‍റിന് നോട്ടീസ് നല്‍കി. 2013-14 വര്‍ഷത്തെ സ്പെഷല്‍ ഓഡിറ്റിങ്ങില്‍ കണ്ടത്തെിയ ക്രമക്കേടുകള്‍ സംബന്ധിച്ച് പ്രത്യേകം നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിക്ക് നോട്ടീസ് നല്‍കിയത്. കെട്ടിട നിര്‍മാണത്തിലെ പെര്‍മിറ്റ് വാങ്ങിയതിലെ അപാകതകള്‍, കെട്ടിട നിര്‍മാണ നടപടി ക്രമങ്ങളിലെ പാളിച്ചകളും അധികച്ചെലവുകളും, മിനുട്സ് ബുക് സൂക്ഷിക്കുന്നതിലെ ക്രമക്കേട്, ശിക്ഷണ നടപടികളിലെ ക്രമക്കേടുകള്‍, നിയമനത്തിലും നാളികേര സമുച്ചയ നിര്‍മാണത്തിലുമുണ്ടായിട്ടുള്ള അപാകതകള്‍ എന്നിങ്ങനെയാണ് ക്രമക്കേടുകള്‍ കണ്ടത്തെിയത്. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുമ്പോള്‍ പല രേഖകളും നശിപ്പിക്കുകയും വ്യാജരേഖകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതായും നോട്ടീസിലെ കുറിപ്പില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ടു പ്രകാരം ബാങ്കിന് ഉണ്ടായിട്ടുള്ള നഷ്ടത്തിന് ഭരണസമിതിയും സെക്രട്ടറിയും കൂട്ടുത്തരവാദികളാണെന്നും നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ തന്നെ നടപടി സ്വീകരിക്കണമെന്നും പറയുന്നു. ബാങ്ക് നടപടി സ്വീകരിച്ചില്ളെങ്കില്‍ സഹകരണ നിയമം, ചട്ടം എന്നിവ പ്രകാരം ജോയന്‍റ് രജിസ്ട്രാര്‍ നിയമ നടപടികള്‍ സ്വീകരിക്കും. ബാങ്കിന്‍െറ നിര്‍വഹണ ഉദ്യോഗസ്ഥന്‍ കൂടിയായ സെക്രട്ടറി ഇന്ന് സര്‍വീസില്‍നിന്ന് വിരമിക്കുന്നതിനാല്‍ അദ്ദേഹത്തിന് ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമ്പോള്‍ സഹകരണ നിയമം 198(8) പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കണമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.