അഡ്മിനിസ്ട്രേറ്ററുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും –ലക്ഷദ്വീപ് സ്റ്റുഡന്‍റ്സ് അസോ.

കൊച്ചി: കേരളത്തില്‍ പഠിക്കുന്ന ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ് അടക്കമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുകയാണെന്നാരോപിച്ച് കൊച്ചിയിലെ അഡ്മിനിസ്ട്രേറ്ററുടെ ഓഫിസിലേക്ക് തിങ്കളാഴ്ച ലക്ഷദ്വീപ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. ജില്ലാ പഞ്ചായത്തിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നവരെ പലവട്ടം ധരിപ്പിച്ചിട്ടും ഇക്കാര്യത്തില്‍ ഇടപെടാന്‍ തയാറായിട്ടില്ല. സ്കോളര്‍ഷിപ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാതായതോടെ കേരളത്തില്‍ പലയിടങ്ങളിലായി പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ താമസം അടക്കം അവതാളത്തിലാണ്. രണ്ടു വര്‍ഷത്തിലേറെയായി ആനുകൂല്യം മുടങ്ങിക്കിടക്കുന്നവരും ഇക്കൂട്ടത്തിലുണ്ടെന്ന് എല്‍.എസ്.എ ഭാരവാഹികള്‍ ആരോപിച്ചു.മാര്‍ച്ച് എന്‍.സി.പി ജനറല്‍ സെക്രട്ടറി ചെറിയകോയ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എല്‍.എസ്.എ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫയാസ്, സെക്രട്ടറി റിയാസ്, വൈസ് പ്രസിഡന്‍റ് മുഹമ്മദ് ജുനൈദ്, ട്രഷറര്‍ അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.