ജില്ലയിലെ ഭൂരഹിതരുടെ പ്രശ്നം ഉയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭത്തിന്

ആലപ്പുഴ: ജില്ലയിലെ ഭൂരഹിതരുടെ പ്രശ്നം ഉയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭത്തിന്. ഇതിന്‍െറ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്‍െറ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ടവരും ഭൂമി ലഭിക്കാത്തവരുമായ ഭൂരഹിതരുടെ സംഗമം വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഞായറാഴ്ച ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന പരിപാടി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ശ്രീജ നെയ്യാറ്റിന്‍കര ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി നാസര്‍ ആറാട്ടുപുഴ, സമദ് നെടുമ്പാശ്ശേരി, സി.എ. അഷറഫ്, വൈ. ഫൈസല്‍, അബ്ദുല്‍ ജലീല്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ ഭൂരഹിതര്‍ക്ക് ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിലായുള്ള മിച്ചഭൂമി പതിച്ചുനല്‍കുക, ഭൂരഹിതരില്ലാത്ത കേരളം പദ്ധതി വേഗം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുമെന്ന വാഗ്ദാനം പാലിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ ആവശ്യമായ ഭൂമി ലഭ്യമാണെങ്കിലും ഭൂരഹിതരെ മറ്റു സ്ഥലങ്ങളിലേക്ക് പറഞ്ഞയക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഭൂമാഫിയയുടെ സ്വാധീനത്തില്‍പെട്ട് പാവപ്പെട്ടവര്‍ക്ക് ഭൂമി നിഷേധിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ഭൂമി നേടിക്കൊടുക്കുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ആലപ്പുഴ മണ്ഡലം ഭാരവാഹികളായ സക്കീര്‍ മണ്ണഞ്ചേരി, അഷറഫ് പാലസ്, വൈ. ഫൈസല്‍, ഹരികൃഷ്ണന്‍, ഹംസക്കോയ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.