തേക്കടിയില്‍ ഉദ്യോഗസ്ഥരുടെ വിവരം ശേഖരിച്ചതിന് വനംവകുപ്പ് വാഹനം തമിഴ്നാട്ടില്‍ തടഞ്ഞു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് പോകുന്ന ഉദ്യോഗസ്ഥരുടെയും മറ്റുജീവനക്കാരുടെയും വിവരങ്ങള്‍ വനംവകുപ്പ് കര്‍ശനമായി ശേഖരിക്കാന്‍ തുടങ്ങിയതില്‍ പ്രതിഷേധിച്ച് വനംവകുപ്പിന്‍െറ വാഹനം തമിഴ്നാട്ടില്‍ തടഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അണക്കെട്ടില്‍ പോകാനത്തെിയ ജീവനക്കാരുടെയും തൊഴിലാളികളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ വനംവകുപ്പ് പ്രത്യേക രജിസ്റ്റര്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്നു. തേക്കടി ബോട്ട് ദുരന്തത്തിനുശേഷം തടാകത്തിലൂടെ യാത്ര ചെയ്യുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായിരുന്നു വിവരശേഖരണം. ഇതിനൊപ്പം അണക്കെട്ടിലേക്ക് പോകുന്നവരെ സംബന്ധിച്ച കൃത്യമായ വിവരം സുരക്ഷാ ചുമതലയിലുള്ള കേരള പൊലീസിനും ആവശ്യമായിരുന്നു. എന്നാല്‍, വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താതെ എണ്ണം മാത്രം എഴുതിയ ശേഷമായിരുന്നു തമിഴ്നാട് ഉദ്യോഗസ്ഥരുടെ യാത്ര. ഉദ്യോഗസ്ഥരുടെ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്താതെ കഴിഞ്ഞദിവസം കേരളത്തിന്‍െറ എതിര്‍പ്പ് അവഗണിച്ച് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ അണക്കെട്ടിലത്തെിയത് പൊലീസ്-വനം അധികൃതരുടെ വീഴ്ചയായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് അണക്കെട്ടിലേക്ക് പോകുന്ന ജീവനക്കാരുടെയും തൊഴിലാളികളുടെയും മുഴുവന്‍ വിവരവും കൃത്യമായി രേഖപ്പെടുത്തണമെന്ന് വനപാലകര്‍ നിര്‍ദേശം നല്‍കി. അണക്കെട്ടില്‍ ജോലിക്ക് മധുരയില്‍നിന്നത്തെിയ തൊഴിലാളിയുടെ പക്കല്‍നിന്ന് വിഡിയോ കാമറ പൊലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്നാണ് അണക്കെട്ടിലേക്ക് പോകുന്നവരെ കര്‍ശനമായി നിരീക്ഷിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിന്‍െറ ഭാഗമായി, വ്യാഴാഴ്ച അണക്കെട്ടിലേക്ക് അസി. എന്‍ജിനീയറുടെ നേതൃത്വത്തില്‍ എത്തിയ ഏഴംഗസംഘം വിവരം രേഖപ്പെടുത്താതെ പോകാനൊരുങ്ങിയത് വനപാലകര്‍ തടഞ്ഞു. ഇതിനെതിരെ പ്രതിഷേധിച്ച തമിഴ്നാട് സംഘം വിവരം അറിയിച്ചതനുസരിച്ചാണ് തമിഴ്നാട്ടിലെ വെള്ളിമല മണലാര്‍ ഭാഗത്തേക്ക് ജീവനക്കാരുമായി പോയ വനംവകുപ്പിന്‍െറ വാഹനം ഉത്തമപാളയത്തിന് സമീപം പ്രതിഷേധക്കാര്‍ തടഞ്ഞത്. തമിഴ്നാട്ടില്‍ വനംവകുപ്പിന്‍െറ വാഹനം തടഞ്ഞതോടെ തമിഴ്നാട് ഉദ്യോഗസ്ഥരെ വിവരങ്ങള്‍ രേഖപ്പെടുത്താതെ അണക്കെട്ടിലേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.