പന്തളം സ്വകാര്യബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പനശാല

പത്തനംതിട്ട: പന്തളം സ്വകാര്യബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കംഫര്‍ട്ട് സ്റ്റേഷനിലെ അനധികൃത മദ്യവില്‍പനശാലയില്‍ മദ്യവില്‍പന നടത്തുകയായിരുന്ന ഒരാളെ അറസ്റ്റ്ചെയ്തു. ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തിപ്പുക്കാരന്‍ പന്തളം ഉളമയില്‍ ലക്ഷംവീട് കോളനിയില്‍ ശിവനാണ് (46) അറസ്റ്റിലായത്. ഇയാളില്‍നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങളും വലിയ അളവില്‍ മദ്യവും പിടിച്ചെടുത്തു. ഇയാള്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെയും വ്യാജ മദ്യക്കടത്തിന്‍െറയും അന്തര്‍ജില്ലാ ഇടനിലക്കാരനാണെന്ന് സംശയിക്കുന്നതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് എക്സൈസ് സംഘം പന്തളത്ത് പരിശോധനക്ക് ഇറങ്ങിയത്. നഗരത്തിലെ വിദ്യാര്‍ഥികളും ബസ് ജീവനക്കാരും അന്യ സംസ്ഥാന തൊഴിലാളികളും കംഫര്‍ട്ട് സ്റ്റേഷനിലത്തെി സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതായി നാട്ടുകാര്‍ എക്സൈസ് സംഘത്തിന് സൂചന നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പുലര്‍ച്ചെതന്നെ എക്സൈസ് സംഘം സി.ഐ വി. ഹരികൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ പരിശോധനക്കിറങ്ങിയത്. ശിവന്‍െറ വീടിനോട് ചേര്‍ന്ന് വലിയ അളവില്‍ മദ്യവും നിരോധിത പുകയില ഉല്‍പന്നങ്ങളും സൂക്ഷിച്ചിരിക്കുന്നതായി നാട്ടുകാര്‍ പന്തളം പൊലീസിന് വിവരം നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. പരാതി പന്തളം പൊലീസ് അവഗണിച്ചതോടെയാണ് പരാതികള്‍ നാട്ടുകാര്‍ എക്സൈസ് സംഘത്തിന് കൈമാറിയത്. പ്രിവന്‍റീവ് ഓഫിസര്‍മാരായ ചന്ദ്രന്‍പിള്ള, ഗാര്‍ഡ് അനസ്, പത്തനംതിട്ട ഇന്‍റലിജന്‍സ് സ്ക്വാഡ് പ്രിവന്‍റീവ് ഓഫിസര്‍ സുശീല്‍കുമാര്‍, ഡ്രൈവര്‍ വിജയകുമാര്‍ എന്നിവരും റെയ്ഡിന് നേതൃത്വം നല്‍കി. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ ശിവനെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.