നഗരത്തില്‍ മരണക്കെണിയായി മൂടിയില്ലാത്ത ഓടകള്‍

കൊല്ലം: നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലെ മേല്‍മൂടിയില്ലാത്ത ഓടകള്‍ മരണക്കെണികളാകുന്നു. കാല്‍നടക്കാരും ഇരുചക്ര വാഹന യാത്രികരും അപകടത്തില്‍പെടുന്നത് തുടര്‍ക്കഥയാവുകയാണ്. ശനിയാഴ്ച രാത്രി പബ്ളിക് ലൈബ്രറിക്കുസമീപം പൊലീസ് ക്ളബിന് എതിര്‍വശം മേല്‍മൂടിയില്ലാത്ത ഓടയില്‍ വീണ് ഹോട്ടല്‍ തൊഴിലാളി അബ്ദുല്‍കലാം (58) മരിച്ചിരുന്നു. മുമ്പ് ഇവിടെ കാല്‍നടയാത്രികന്‍ ഓടയില്‍വീണ് പരിക്കേറ്റിരുന്നു. മാസങ്ങള്‍ക്കുമുമ്പ് തോപ്പില്‍ക്കടവിലും ഓടയില്‍വീണ് ഒരാള്‍ മരിച്ചു. പബ്ളിക് ലൈബ്രറിക്കുസമീപം തെരുവുവിളക്കുകള്‍ കത്താത്തതിനാല്‍ ഓട തകര്‍ന്നുകിടക്കുന്നത് കാണാന്‍ കഴിയുന്നില്ളെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ പലവട്ടം അധികൃതരോട് പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല. രാമന്‍കുളങ്ങര, മേടയില്‍മുക്ക്, കച്ചേരി- അമ്മച്ചിവീട് റോഡ്, കലക്ടറേറ്റ്, ഹൈസ്കൂള്‍ ജങ്ഷന്‍, താമരക്കുളം, ചാമക്കട, തോപ്പില്‍ക്കടവ് തുടങ്ങിയ സ്ഥലങ്ങളിലും ഓടയുടെ സ്ളാബുകള്‍ പൂര്‍ണമായും തകര്‍ന്നും മൂടിയില്ലാതെയും കിടക്കുകയാണ്. ഏറെ തിരക്കുള്ള രാമന്‍കുളങ്ങരയില്‍ കനറാ ബാങ്കിന് എതിര്‍വശം ഓടയുടെ മേല്‍മൂടി തകര്‍ന്നിട്ട് മാസങ്ങളായി. റോഡിനോട് ചേര്‍ന്ന ഓടയിലൂടെ നിരവധി ആളുകളാണ് നടന്നുപോകുന്നത്. കുഴി അറിയാതെ പലരും ഇതില്‍പെടുന്നത് പതിവാണ്. ഇതേ അവസ്ഥയാണ് തൊട്ടടുത്ത മേടയില്‍മുക്കിലും ഹൈസ്കൂള്‍ ജങ്ഷനുസമീപവുമുള്ളത്. ഏറെ ഇടുങ്ങിയ റോഡായ താമരക്കുളത്ത് പല ഭാഗങ്ങളിലും ഓടയ്ക്ക് മൂടിയില്ല. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇരുചക്രവാഹനയാത്രികര്‍ ഓടയില്‍പെടുന്നത് പതിവാണ്. അഞ്ചുകല്ലുംമൂട്- അമ്മച്ചിവീട് റോഡിലും ഓടകള്‍ക്ക് പല ഭാഗത്തും സ്ളാബില്ലാത്തത് അപകടഭീഷണി ഉയര്‍ത്തുകയാണ്. കലക്ടറേറ്റിനുസമീപം മേല്‍മൂടി തകര്‍ന്നുകിടക്കുന്ന ഓടക്കുമുകളില്‍ പേപ്പറും മറ്റും ഉപയോഗിച്ച് നാട്ടുകാര്‍ അടച്ചിട്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.